ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ റോഷൻ മാത്യു ഷൈൻ ടോം ചാക്കോ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘മഹാറാണി’ എന്ന ചിത്രം കഴിഞ്ഞദിവസം തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.
നടൻ ഹരിശ്രീ അശോകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. കാലങ്ങളായി മലയാള സിനിമയിൽ നിലനിൽക്കുന്ന താരം വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.
മഹാറാണിയുടെ എഴുത്തുകാരനായ രതീഷ് രവിയെ കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകൻ. ഒരുപാട് വ്യത്യസ്തമായ കഥകൾ കയ്യിലുള്ള ആളാണ് രതീഷെന്നും രതീഷ് മുൻപ് കഥ എഴുതിയ ഇഷ്ക് എന്ന ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമയാണെന്നും ഹരിശ്രീ അശോകൻ പറയുന്നു.
ഒരു കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ തനിക്കത് ചേരില്ല എന്ന് തോന്നിയാൽ ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.
‘രതീഷ് രവി എന്ന റൈറ്റർ വളരെ വ്യത്യസ്തമായ സിനിമകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരനാണ്. രതീഷിനോട് സംസാരിക്കുമ്പോൾ നമുക്ക് ഭയങ്കര മൂഡാണ്. ഇനി രതീഷ് ചെയ്യാൻ പോകുന്ന രണ്ടുമൂന്ന് സിനിമകളുണ്ട്, അതെല്ലാം തമ്മിൽ ഒരുപാട് വ്യത്യസ്തമാണ്.
രതീഷ് കഥയെഴുതിയ ഇഷ്‌ക് എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ സിനിമയാണ്. അധികം ആർട്ടിസ്റ്റുകൾ ഇല്ലാതെ ചെറിയ സെറ്റപ്പിൽ ചെയ്ത ഒരു ഹിറ്റ് സിനിമയല്ലേ ഇഷ്‌ക്. അതിൽ നിന്ന് പെട്ടെന്ന് ഹ്യൂമറിലേക്ക് ഒരു പ്രൊജക്റ്റ് വരുന്നു. അവന്റെ അടുത്ത സിനിമ മറ്റൊരു പാറ്റേണാണ്. അങ്ങനെ വ്യത്യസ്ത സംഭവങ്ങളാണ്.
ഒരു കഥ കേൾക്കുമ്പോൾ ഇത് നമുക്ക് ചെയ്യാൻ പറ്റുന്നതാണോ എന്ന് ഞാൻ ചിന്തിച്ചു നോക്കാറുണ്ട്. പറ്റില്ലെങ്കിൽ പറ്റില്ല എന്ന് തന്നെ പറയാറുണ്ട്. എനിക്ക് പറ്റാത്ത വേഷം ഞാൻ ചെയ്തു നശിപ്പിക്കുന്നതിനേക്കാൾ നല്ലത് ചെയ്യാതിരിക്കുന്നതല്ലേ. ഈ കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നിയപ്പോൾ ഞാൻ ഏറ്റെടുത്തു,’ ഹരിശ്രീ അശോകൻ പറയുന്നു.
Content Highlight: Harisree Ashokan Talk About His Character Selection And Ishq Movie