എന്നും മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹാസ്യ താരമാണ് ഹരിശ്രീ അശോകൻ.
ഇന്നും പ്രേക്ഷകർ ഓർത്തോർത്ത് ചിരിക്കുന്ന ഒരുപാട് കോമഡികൾ സമ്മാനിച്ച താരം നിലവിൽ സീരിയസ് വേഷങ്ങളിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ താൻ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകൻ.
സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ആ ചിത്രം ജനങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നാണ് താൻ നോക്കാറുള്ളതെന്ന് ഹരിശ്രീ അശോകൻ പറയുന്നു. ഇത്രയും കാലം അത്തരത്തിലാണ് സിനിമകൾ തിരഞ്ഞെടുത്തതെന്നും ഗോഡ് ഫാദർ എന്ന ചിത്രം വലിയ വിജയമായത് കൊണ്ടാണ് ഇപ്പോഴും താൻ സിനിമയിൽ നിലനിൽക്കുന്നതെന്നും മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.
‘ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ എനിക്കെന്തെങ്കിലും ചെയ്യാൻ ഉണ്ടോ എന്നല്ല ഞാൻ നോക്കുന്നത്. സിനിമ ജനങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നും ഇപ്പോഴത്തെ അവസ്ഥയിൽ പറയാൻ കഴിയുമോ എന്നുമാണ്.
ഗോഡ് ഫാദർ എന്ന സിനിമയിൽ കുറച്ച് സീനിൽ മാത്രമേ ഞാൻ അഭിനയിച്ചിട്ടുള്ളു. ആ സിനിമ ഓടിയില്ലായിരുന്നുവെങ്കിൽ എന്നെ ആരും അറിയില്ല. ആ പടം ഓടിയത് കൊണ്ടാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടത്. 100 ദിവസത്തിന് മുകളിൽ ഓടിയ പടമല്ലേ അത്. ഓടുന്ന സിനിമയിൽ ഒരു സീൻ ആണെങ്കിലും അത് നല്ലതാണ്. അപ്പോൾ നമ്മളെയും ആളുകൾ ശ്രദ്ധിക്കും.
ഒരു സിനിമ തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ ഒരു കഴിവും അറിവും വെച്ച് ഈ സിനിമ നന്നാവും അല്ലെങ്കിൽ നല്ലതാണ് എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കണം.
അപ്പോഴും ബാക്കി കാസ്റ്റിങും സിനിമയുടെ മേക്കിങ്ങുമെല്ലാം നന്നാവണം. അങ്ങനെ തെരഞ്ഞെടുത്ത സിനിമകളാണ് ഞാൻ ഇപ്പോൾ ചെയ്തതെല്ലാം,’ ഹരിശ്രീ അശോകൻ പറയുന്നു.
Content Highlight: Harisree Ashokan Talk About Godfather Movie