മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ.
ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച ഹരിശ്രീ അശോകൻ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളർന്നു. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളിൽ ഹരിശ്രീ അശോകൻ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.
ഇന്ന് ഹാസ്യവേഷങ്ങളോടൊപ്പം സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകൻ.
റാഫി മെക്കാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന കഥാപാത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. രമണന് ഇന്ത്യയ്ക്ക് പുറത്തും ഏറെ ആരാധകർ ഉണ്ടെന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്.
എവിടെ പോയാലും തന്നോട് രമണനെ കുറിച്ചാണ് ആളുകൾ ചോദിക്കാറെന്നും ഇന്ന് ആ ചിത്രം ഇറങ്ങിയിട്ട് 25 വർഷം കഴിഞ്ഞെന്നും താരം പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രമണൻ എല്ലാവരും ഓർക്കുന്ന ഒരു പടമാണ്. ഞാൻ ഒരുപാട് രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്, ഇന്ത്യയ്ക്ക് പുറത്ത് ഒരുപാട് സ്ഥലത്ത് പോയിട്ടുണ്ട്. അവിടെയൊക്കെ പറയുന്നത് രമണനെ കുറിച്ചാണ്. എല്ലാവരും വന്ന് കഴിഞ്ഞാലും രമണനെ കുറിച്ചാണ് സംസാരിക്കുക.
ആ സിനിമ ഇറങ്ങിയിട്ട് 25 വർഷം കഴിഞ്ഞു. സെപ്റ്റംബർ 25 ആയപ്പോൾ ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. ഇത്രയും വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ആ കഥാപാത്രം ഓർത്തിരിക്കുന്നത് ഒരു ഭാഗ്യമാണ്. എനിക്ക് അന്ന് ആ വേഷം കിട്ടിയത് കൊണ്ടാണല്ലോ എല്ലാവരും നമ്മളെ ഓർക്കുന്നത്. രമണനെ ഓർക്കുമ്പോൾ നമ്മളെയും ഓർക്കുമല്ലോ,’ഹരിശ്രീ അശോകൻ പറയുന്നു.
Content Highlight: Harisree Ashokan Talk About Character Ramanan