എനിക്ക് സംസ്ഥാന അവാർഡൊന്നും ഇല്ലേയെന്ന് അയാൾ പരിഹസിച്ചു, അന്ന് മറുപടി നൽകിയത് അദ്ദേഹമാണ്: ഹരിശ്രീ അശോകൻ
Entertainment
എനിക്ക് സംസ്ഥാന അവാർഡൊന്നും ഇല്ലേയെന്ന് അയാൾ പരിഹസിച്ചു, അന്ന് മറുപടി നൽകിയത് അദ്ദേഹമാണ്: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th September 2024, 9:19 pm

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ. ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച ഹരിശ്രീ അശോകൻ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളർന്നു. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളിൽ ഹരിശ്രീ അശോകൻ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഹാസ്യവേഷങ്ങളോടൊപ്പം സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകൻ.

റാഫി മെക്കാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന കഥാപാത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. താൻ മറന്നാലും പ്രേക്ഷകർ ആ കഥാപാത്രത്തെ മറക്കില്ലെന്ന് ഹരിശ്രീ അശോകൻ പറയുന്നു. ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് അതെന്നും ട്രോളുകൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

സംസ്ഥാന അവാർഡൊന്നും നേടിയില്ലേയെന്ന് ഒരാൾ ചോദിച്ചപ്പോൾ തനിക്ക് കിട്ടിയ ഓസ്കാറാണ് രമണനെന്ന കഥാപാത്രമെന്ന് പ്രശസ്തനായ ഒരാൾ ഒരിക്കൽ മറുപടി കൊടുത്തിട്ടുണ്ടെന്നും ഹരീശ്രീ അശോകൻ പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ മറന്നാലും രമണനെ നാട്ടുകാർ മറക്കില്ല. ആ വേഷത്തെപ്പറ്റി ഒരുപാടുപേർ ചോദിക്കാറുണ്ട്. ആസ്വദിച്ച് ചെയ്‌ത വേഷമായിരുന്നു. റാഫിയും മെക്കാർട്ടിനും തന്ന സ്വാതന്ത്ര്യവും ദിലീപുമായുള്ള സൗഹ്യദവുമൊക്കെ ആ വേഷം മനോഹരമാക്കാൻ സഹായിച്ചു.

രമണൻ്റെ പേരിൽ ട്രോളുകൾ ഇറങ്ങുമ്പോൾ ഏറെ സന്തോഷം തോന്നും. ജനങ്ങളുടെ മനസ്സിൽ ഞാനും രമണനും ഉണ്ടെന്നതിൻ്റെ അടയാളമല്ലേ ഈ ട്രോളുകളെല്ലാം.

ഒരിക്കൽ ഞാൻ ഒരു ചടങ്ങിന് പോയപ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ സംസ്ഥാന അവാർഡൊന്നും കിട്ടിയില്ലേയെന്ന് ചോദിച്ച് എന്നെ ചെറുതായൊന്ന് പരിഹസിച്ചു. ആ ചോദ്യം കേട്ട് അവിടെയുണ്ടായിരുന്ന പ്രശസ്‌തനായ ഒരാൾ പറഞ്ഞ മറുപടി എന്നെ വിസ്‌മയിപ്പിച്ചു.

‘ഇവന് കിട്ടിയ ഓസ്‌കാർ അവാർഡല്ലേ രമണൻ’ എന്നായിരുന്നു മറുപടി. സത്യത്തിൽ അവാർഡ് കിട്ടിയതിനേക്കാൾ വലിയ അംഗീകാരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ,’ഹരിശ്രീ അശോകൻ പറയുന്നു.

Content Highlight: harisree Ashokan Talk About Character Ramanan