| Wednesday, 4th December 2024, 4:59 pm

ആ സീനില്‍ ലാലേട്ടന്‍ പറഞ്ഞുതന്നതുപോലെ ഞാന്‍ ചെയ്തു, തിയേറ്ററില്‍ അതിന് കിട്ടിയ കൈയടി കണ്ട് അത്ഭുതപ്പെട്ടു: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളര്‍ന്നു. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളില്‍ ഹരിശ്രീ അശോകന്‍ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് ഹാസ്യ വേഷങ്ങളോടൊപ്പം സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കയ്യില്‍ ഭദ്രമാണ്.

മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലെല്ലാം ഹരിശ്രീ അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി വി.എം. വിനു സംവിധാനം ചെയ്ത ബാലേട്ടനില്‍ ഹരിശ്രീ അശോകനുമുണ്ടായിരുന്നു. മോഹന്‍ലാലിന്റെ വലംകൈയായ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകന്‍.

താനും മോഹന്‍ലാലും ഉള്ള സീനില്‍ അദ്ദേഹം തനിക്ക് കുറച്ച് നിര്‍ദേശങ്ങള്‍ തരുമായിരുന്നെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. ചിത്രത്തിന്റെ തുടക്കത്തില്‍ താനും മോഹന്‍ലാലും നാട്ടുകാരും സംസാരിക്കുന്ന സീനില്‍ മോഹന്‍ലാല്‍ മുണ്ട് മുറുക്കിയുടുത്ത് മടക്കിക്കുത്തുന്നുണ്ടെന്നും ഷോട്ട് എടുക്കുന്നതിന് മുമ്പ് അദ്ദേഹം ചെയ്യുന്നതുപോലെ തന്നോടും ചെയ്യാന്‍ പറഞ്ഞെന്ന് ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം പറഞ്ഞതുകൊണ്ട് അതുപോലെ ചെയ്‌തെന്നും എന്നാല്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ആ സമയത്ത് മനസിലായിരുന്നില്ലെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. എന്നാല്‍ തിയേറ്ററില്‍ വെച്ച് ആ സീനിന് ആളുകള്‍ നന്നായി ചിരിച്ചെന്നും അപ്പോഴാണ് തനിക്ക് അതിലെ കോമഡി മനസിലായതെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.

‘ബാലേട്ടന്‍ എന്ന സിനിമയില്‍ ഞാനും ലാലേട്ടനും തമ്മില്‍ ഒരുപാട് സീനുണ്ടായിരുന്നു. ആ സമയത്ത് പുള്ളി നമുക്ക് ഓരോ കാര്യം സജസ്റ്റ് ചെയ്യും. അതൊക്കെ നല്ല ഇംപാക്ട് ഉണ്ടാക്കിയിരുന്നു. ആ പടത്തില്‍ ആല്‍ത്തറയില്‍ വെച്ച് നാട്ടകാര്‍ ലാലേട്ടനോട് സംസാരിക്കുന്ന സീനുണ്ട്. ആ സീന്‍ എടുക്കുന്നതിന് മുമ്പ് ലാലേട്ടന്‍ എന്റെയടുത്ത് വന്ന് ‘ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം നീയും ചെയ്‌തോണം’ എന്ന് പറഞ്ഞു. എനിക്ക് എന്താണെന്ന് പിടി കിട്ടിയില്ല.

പുള്ളി ആ സീനില്‍ മുണ്ട് മുറുക്കിയുടുക്കുന്നുണ്ട്, അത് മടക്കിക്കുത്തുന്നു, ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റുന്നു. ഇതൊക്കെ ഞാനും ചെയ്യുന്നുണ്ട്. പക്ഷേ, ലാലേട്ടന്‍ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായില്ല. തിയേറ്ററില്‍ ആളുകളഉടെ കൂടെയിരുന്ന് പടം കണ്ടപ്പോള്‍ ആ സീനിന് എല്ലാവരും ചിരിക്കുകയായിരുന്നു. ലാലേട്ടന് കോമഡി ഐറ്റംസ് എങ്ങനെ വര്‍ക്കാകുമെന്ന് അറിയാം,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Content Highlight: Harisree Ashokan shares the shooting experience with Mohanlal in Balettan movie

We use cookies to give you the best possible experience. Learn more