| Sunday, 21st April 2024, 9:01 am

നാടിന്റെ മുന്നോട്ടുള്ള യാത്രയ്‌ക്ക് ഇടതുപക്ഷം വിജയിക്കണം: ഹരിശ്രീ അശോകൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നാടിന്റെ മുന്നോട്ടുള്ള യാത്രയ്ക്കായി ഇടതുപക്ഷം വിജയിക്കണമെന്ന് നടൻ ഹരിശ്രീ അശോകൻ. കുട്ടിക്കാലത്തേ മനസിലുറച്ച ആശയമാണിതെന്നും അടിസ്ഥാനപരമായാണ് താൻ അത് വിശ്വസിക്കുന്നതെന്നും ആ രാഷ്ട്രീയത്തിൽ നിന്ന് ഇതുവരെ മാറിയിട്ടില്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുട്ടിക്കാലത്ത് കൊച്ചിയിൽ കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പോസ്റ്ററൊട്ടിച്ച് തുടങ്ങിയതാണ് ഞാൻ. ഞങ്ങൾ രണ്ട് വീട്ടുകാർ ചേർന്നാണ് അന്ന് നാട്ടിൽ പോസ്റ്ററൊട്ടിക്കലും ചുവരെഴുത്തുമെല്ലാം. എൻ്റെ ചേട്ടൻ നന്നായി വരയ്ക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. റാന്തൽ വെളിച്ചത്തിലാണ് ഇതെല്ലാം. ഇതിനിടയിലാണ് കപ്പയും ചമ്മന്തിയും കാപ്പിയും കഴിക്കുക. അന്നത്തെ ദാരിദ്ര്യത്തിന് അതുമൊരു ആശ്വാസമായിരുന്നു.

അക്കാലത്ത് കോൺഗ്രസുകാർക്കൊപ്പം വലിയൊരു ഗ്യാങ്ങുണ്ടാകും. വരയ്ക്കാനും എഴുതാനും അവർ പുറത്തുനിന്ന് ആളെ കൊണ്ടുവരും. ഞങ്ങൾ ചുവരെഴുത്തിനുള്ള മഷി വരെ വാങ്ങിയത് പിരിവെടുത്താണ്. ഞങ്ങൾ രണ്ട് വീട്ടുകാരേ നാട്ടിൽ അന്ന് പാർട്ടിക്കാരായി ഉണ്ടായിട്ടുള്ളൂ. ഇന്നതെല്ലാം മാറി.

ഒരുപാടുപേർ പാർട്ടിക്കൊപ്പമുണ്ട്. കുട്ടിക്കാലത്തേ മനസ്സിലുറച്ച ആ രാഷ്ട്രീയത്തിൽനിന്ന് ഇന്നു വരെ മാറിയിട്ടില്ല. ആ രാഷ്‌ട്രീയം വെറുതെ വിശ്വസിക്കുകയല്ല. അടിസ്ഥാനപരമായാണ് അതിനു പിറകെ പോയത്. നാടിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഇടതുപക്ഷം ജയിക്കണം,’ഹരിശ്രീ അശോകൻ പറഞ്ഞു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പൂർത്തിയായി. വോട്ടിങ്ങിനിടെ മണിപ്പൂർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ നടന്നതിനാൽ പോളിങ് നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടായി. 62.08 ശതമാനം വോട്ടാണ് തമിഴ്നാട്ടിൽ രേഖപ്പെടുത്തിയത്. കേരളത്തിൽ വോട്ടെടുപ്പിന് അഞ്ചു ദിവസം ബാക്കി നിൽക്കെ കനത്ത സുരക്ഷയാണ് പൊലീസ് സേന സംസ്ഥാനമൊട്ടാകെ ഒരുക്കിയിട്ടുള്ളത്.

Content Highlight: Harisree Ashokan Says That The Left must win In Lok Sabha Election 

We use cookies to give you the best possible experience. Learn more