മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളര്‍ന്നു. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളില്‍ ഹരിശ്രീ അശോകന്‍ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് ഹാസ്യ വേഷങ്ങളോടൊപ്പം സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കയ്യില്‍ ഭദ്രമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലെല്ലാം ഹരിശ്രീ അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഈ പറക്കും തളിക, സി.ഐ.ഡി. മൂസ, തിളക്കം, പുലിവാല്‍ കല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്നു. എന്നാല്‍ മലയാളത്തില ഐക്കോണിക് കോമഡി ചിത്രങ്ങളായ കല്യാണരാമന്‍, വെട്ടം എന്നീ സിനിമകളില്‍ ഹരിശ്രീ അശോകന്റെ അസാന്നിധ്യം പലപ്പോഴും ചര്‍ച്ചായാകാറുണ്ട്. ഇപ്പോഴിതാ ആ സിനിമകളില്‍ തനിക്ക് അഭിനയിക്കാന്‍ കഴിയാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ഹരീശ്രീ അശോകന്‍.
വെട്ടത്തില്‍ കലാഭവന്‍ മണി ചെയ്ത വേഷത്തിലേക്ക് തന്നെയാണ് ആദ്യ വിളിച്ചതെന്നും എന്നാല്‍ ആ സമയത്ത് അതില്‍ ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. അതുപോലെ കല്യാണരാമനില്‍ സലിംകുമാര്‍ അവതരിപ്പിച്ച വേഷത്തിലേക്കും തന്നെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിന്റെ തിരക്ക് കാരണം ആ സിനിമയും നഷ്ടമായെന്ന് ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വെട്ടത്തിലേക്കും കല്യാണരാമനിലേക്കും എന്നെ വിളിച്ചതായിരുന്നു. പക്ഷേ, പോവന്‍ പറ്റിയില്ല. വെട്ടത്തില്‍ കലഭവന്‍ മണി ചെയ്ത റോളിലേക്ക് ആദ്യം എന്നെ വിളിച്ചിരുന്നു. പ്രിയദര്‍ശന്‍ സാറിന്റെ പടമെന്നൊക്കെ കേട്ടപ്പോള്‍ എക്‌സൈറ്റഡായി. പക്ഷേ ഡേറ്റിന്റെ പ്രശ്‌നം കാരണം വെട്ടത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. അന്ന് കോമഡി റോളുകളില്‍ നിറഞ്ഞുനിന്ന ഒരുപാട് പേര്‍ ആ സിനിമയിലുണ്ടായിരുന്നു.
അതുപോലെ മിസ്സായിപ്പോയ ഒരു സിനിമയായിരുന്നു കല്യാണരാമന്‍. അതിലേക്കും എന്നെ വിൡച്ചിരുന്നു. സലിം കുമാറിന്റെ റോളിലേക്കായിരുന്നു വിളിച്ചത്. പക്ഷേ അതേസമയം വിനയന്റെ ഒരു പടം കമ്മിറ്റ് ചെയ്തുപോയി. അത് ഫുള്‍ കാട്ടിലായിരുന്നു ഷൂട്ട്. എല്ലാ ദിവസവും എനിക്ക് ഷൂട്ടുണ്ടായിരുന്നു. ആ ഒരു കാരണം കൊണ്ട് കല്യാണരാമനും മിസ്സായി’ ഹരിശ്രീ അശോകന്‍ പറയുന്നു.
Content Highlight: Harisree Ashokan says that he was to do Kalabhavan Mani’s character in Vettam movie