| Sunday, 27th November 2022, 12:00 pm

മിന്നല്‍ മുരളിയാണ് മാറ്റത്തിന് കാരണം, അതൊക്കെ വേറേ ലെവലില്‍ നില്‍ക്കുന്ന സിനിമകളാണ്: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകന്‍. എന്നാല്‍ ഇന്ന് അദ്ദേഹം സീരിയസായിട്ടുള്ള കഥാപാത്രങ്ങളാണ് കൂടുതലും ചെയ്യുന്നത്. ഈ മാറ്റം താന്‍ പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ലായെന്നും അശോകന്‍ പറയുന്നു. മിന്നല്‍ മുരളിക്ക് ശേഷമാണ് ഇത്തരത്തിലുള്ള മാറ്റം സംഭവിച്ചത് എന്നും താരം പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇത്തരത്തിലുള്ള സീരിയസ് വേഷങ്ങള്‍ എനിക്ക് ഇപ്പോഴാണ് ലഭിക്കുന്നത്. അല്ലാതെ ഞാന്‍ പ്ലാന്‍ ചെയ്ത് ഇത്തരത്തിലുള്ള കഥാപാത്രങ്ങളിലേക്ക് മാറിയതല്ല. ഞാന്‍ സീരിയസ് സീനുകള്‍ ഇതിനുമുമ്പും ചെയ്തിട്ടുണ്ട്.

എന്നാല്‍ അവയൊന്നും മുഴുനീള സീരിയസ് റോളുകള്‍ ആയിരുന്നില്ല എന്നുമാത്രം. അനിയത്തിപ്രാവിലും മാനത്തെക്കൊട്ടാരത്തിലുമൊക്കെ ഞാന്‍ സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്തിരിക്കുന്നത്. ആ സിനിമകളില്‍ സെന്റിമെന്റല്‍ സീനുകളും, വില്ലന്‍ വേഷവുമൊക്കെ ചെയ്തിട്ടുണ്ട്.

പക്ഷെ ഇതെല്ലാം കിട്ടുമ്പോള്‍ മാത്രമല്ലേ ചെയ്യാന്‍ പറ്റുകയുള്ളു. ഇപ്പോള്‍ കുറച്ച് കാലമായിട്ട് കിട്ടുന്ന കഥാപാത്രങ്ങളിന്‍ മാറ്റം വന്നിട്ടുണ്ട്. മിന്നല്‍ മുരളിക്ക് ശേഷമാണ് ഈ മാറ്റം വന്നിട്ടുണ്ട്.്. ഇത്തരത്തിലുള്ള കുറേ സിനിമകള്‍ ഇനിയും ഇറങ്ങാനുണ്ട്.

ജി.മാര്‍ത്താണ്ഡ വര്‍മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മഹാറാണി വരാനുണ്ട്. അതൊക്കെ വേറേ ലെവലില്‍ നില്‍ക്കുന്ന സിനിമകളാണ്. ഞാന്‍ നേരത്തേയും പറഞ്ഞിട്ടുണ്ട് ഹാസ്യനടനെന്നൊരു നടനില്ല. എല്ലാവരും നടന്മാരാണ്. അയാള്‍ എല്ലാകാര്യങ്ങളും ചെയ്യണം. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് എന്നുപറഞ്ഞാല്‍ എന്താണ്, അവിടെ ചെന്നാല്‍ എല്ലാ സാധനങ്ങളും കിട്ടണം.

ഒരു നടനും അങ്ങനെ തന്നെയാവണം. നടനെന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റാണെന്നല്ല അതിന്റെ അര്‍ഥം പക്ഷെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ പറ്റണം. കോമഡിയായാലും സീരിയസായാലും കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. കോമഡി ചെയ്യുമ്പോള്‍ ആളുകള്‍ ചിരിച്ചില്ലെങ്കില്‍ ചിരിപ്പിക്കാന്‍ ശ്രമിച്ചയാള്‍ വെറും സീറോയായി പോകും. പക്ഷെ ഒരു സങ്കടം പറയുമ്പോള്‍ കരഞ്ഞില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. അതാണ് കോമഡിയും മറ്റുള്ളവയും തമ്മിലുള്ള വ്യത്യാസം,’ അശോകന്‍ പറഞ്ഞു.

അതേസമയം, ജയരാജ് സംവിധാനം ചെയ്യുന്ന ‘ഹാസ്യം’ ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഡാര്‍ക്ക് ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന സിനിമയാണിത്. ചിത്രത്തില്‍ ജപ്പാന്‍ എന്ന കേന്ദ്രകഥാപാത്രമായിട്ടാണ് അദ്ദേഹമെത്തുന്നത്.

CONTENT HIGHLIGHT: HARISREE ASHOKAN SAYS HIS OPINION

We use cookies to give you the best possible experience. Learn more