കലാഭവൻ ഹനീഫുമായുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകൻ. കലാഭവൻ മിമിക്സ് ഗ്രൂപ്പിൽ പരിപാടിക്ക് വന്നതുമുതലാണ് താനും ഹനീഫും സുഹൃത്തുക്കളാകുന്നതെന്നും തങ്ങൾ ഒരുപാട് പ്രോഗ്രാമുകൾ ഒരുമിച്ച് ചെയ്തിട്ടുണ്ടെന്നും അശോകൻ പറഞ്ഞു. തങ്ങളുടെ സൗഹൃദം സിനിമയിൽ എത്തിയതിന് ശേഷമാണ് ദൃഢമാകുന്നതെന്നും തങ്ങൾ ഒരുപാട് കോമ്പിനേഷൻ സീനുകൾ ചെയ്തിട്ടുണ്ടെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.
ആരോടും ഒരു പരാതിയും ഇല്ലാത്ത ഒരാളാണ് ഹനീഫെന്നും അയാൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പോലും ഒരാളോടും പറയില്ലെന്നും അശോകൻ പറഞ്ഞു. ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹനീഫ് ഞാനുമായി കമ്പനി ആകുന്നത് കലാഭവന്റെ പ്രോഗ്രാമിൽ വന്ന ശേഷമാണ്. കലാഭവൻ്റെ ഗാനമേളയിൽ ഞാനും അവനും കുറേ പ്രോഗ്രാം ചെയ്തിട്ടുണ്ട്. പിന്നെ അവൻ മിമിക്സ് പരേഡിലേക്ക് കയറി. ഞാൻ ഗാനമേളയുടെ കൂടെ തന്നെ പ്രോഗ്രാം ചെയ്തു. ആ കാലമത്രയും ഞാനും ജയറാമും ഹനീഫും സുദർശനുമായിട്ട് വേറെ പരിപാടിക്ക് പോകും. ജയറാം കലാഭവനിൽ ഇല്ല. പിന്നെ സിനിമയിൽ വെച്ചിട്ടാണ് സൗഹൃദങ്ങൾ കൂടുന്നത്.
സിനിമയിൽ വന്നപ്പോൾ ഞങ്ങൾ ഒരുപാട് കോമ്പിനേഷൻ സീനുകൾ ചെയ്തിട്ടുണ്ട്. ഒരാളോടും ഒരു പരാതിയും ഇല്ലാത്ത ഒരാളാണ്. അയാൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പോലും പറയുകയുമില്ല. വളരെ ഒതുങ്ങിക്കൂടി, ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതുന്ന ഒരാളാണ്. നമ്മൾ അങ്ങോട്ട് ഒരു ചായ വേണോ എന്ന് ചോദിച്ചാൽ വേണോ വേണ്ടയോ എന്ന് പോലും പറയില്ല. അല്ലാതെ ഒന്നും ചോദിക്കുകയില്ല.
ഞാനും ഒരു ഷൂട്ടിന്റെ ഇടക്കാണ് പെട്ടെന്ന് ഇങ്ങനെ മരിച്ചു എന്ന് അറിയുന്നത്. ഞാനൊരു പടം ഡയറക്റ്റ് ചെയ്തതിലും ഹനീഫ് ഉണ്ടായിരുന്നു. പിന്നെ ഇടക്ക് എന്നെ വിളിക്കുമായിരുന്നു. ഞാൻ മട്ടാഞ്ചേരിയിൽ വൺ പിൻസെസ് സ്ട്രീറ്റ് സിനിമ ഷൂട്ട് ചെയ്തു. അവിടെയും ഞാൻ വിളിച്ചപ്പോൾ ലൊക്കേഷനിൽ വന്നു. ആ പടത്തിലും ഹനീഫ് അഭിനയിച്ചിട്ടുണ്ട്. അതൊക്കെയാണ് ഞാൻ അവസാനമായിട്ട് കണ്ടത്. അത് കഴിഞ്ഞിട്ട് കണ്ടിട്ടില്ല. പിന്നെ അത് സംഭവിച്ചു. സുഖമില്ലാതെ ആയി. സുഖമില്ല എന്നുള്ള കാര്യമൊക്കെ ഞാൻ മരിച്ചു കഴിഞ്ഞപ്പോഴാണ് അറിയുന്നത്. ഹനീഫ് നല്ലൊരു സുഹൃത്തായിരുന്നു,’ ഹരിശ്രീ അശോകൻ ഓർക്കുന്നു.
Content Highlight: Harisree ashokan remebering kalabavan haneef