| Wednesday, 9th August 2023, 8:29 am

'സിനിമകൾ കുറഞ്ഞപ്പോഴും എനിക്കൊരു ബ്രേക്ക് തന്നത് സിദ്ദിഖ് ആണ്; പോയത് വിശ്വസിക്കാൻ പറ്റുന്നില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലാഭവൻ എന്ന ട്രൂപ്പിൽ തുടങ്ങിയ ഹരിശ്രീ അശോകൻ- സിദ്ദിഖ് ബന്ധം സിനിമ ലോകത്തിനും ആരാധകർക്കും സുപരിചിതമാണ്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലാണെങ്കിലും സിദ്ദിഖ് ഒറ്റക്ക് ചെയ്ത വർക്കുകളിലും ഹരിശ്രീ അശോകന് ഒരു സ്ഥാനം എപ്പോഴും ഉണ്ടായിരുന്നു. തന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗത്തെപ്പറ്റി സംസാരിക്കുകയാണ് നടൻ ഹരിശ്രീ അശോകൻ.

തനിക്ക് സിനിമകൾ കുറഞ്ഞിരുന്ന സമയത്തുപോലും ഒരു ബ്രേക്ക് തന്നത് സിദ്ദിഖ് ആണെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. അഭിനയിക്കുമ്പോഴാണെങ്കിലും സ്റ്റേജിൽ ആണെങ്കിലും താൻ പിന്തുടർന്നിരുന്നത് സിദ്ദിഖിന്റെ രീതികൾ ആണെന്നും താൻ റോൾ മോഡൽ ആയി കണ്ടിരുന്നത് അദ്ദേഹത്തെ ആയിരുന്നെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. മൂവി വേൾഡ് മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ ഉറ്റ സുഹൃത്താണ് സിദ്ദിഖ്, ഞാൻ മിമിക്രി തുടങ്ങി സിനിമയിൽ എത്തി ഈ നിമിഷം വരെ എന്റെ ആത്മാർത്ഥ സുഹൃത്ത്. സ്റ്റേജിൽ ഞാൻ അദ്ദേഹത്തെയാണ് ഫോളോ ചെയ്തിരുന്നത്. മിമിക്രിയും സ്റ്റേജിൽ അഭിനയിക്കുന്ന രീതികളായാലും ഞാൻ അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. ഞാൻ മാതൃകയാകുന്നത്‌ സിദ്ദിഖിനെയാണ്.

അദ്ദേഹത്തിന്റെ ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് ഞാൻ ആദ്യമായി സിനിമയിലേക്ക് വന്നത്. എന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചാലും, അത് ഫാമിലി പ്രശ്നങ്ങൾ ആയാൽ പോലും സിദ്ദിഖിനോട് ഒരു അഭിപ്രായം ചോദിച്ചിട്ടാണ് ഞാൻ ചെയ്തിതിരുന്നത്. അത്രക്ക് ഉറ്റ സുഹൃത്തായി മാറിയിരുന്നു ഞങ്ങൾ.

പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലേക്ക് എന്നെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത് സിദ്ദിഖും ലാലും കൂടിയാണ്, അവരാണ് അതിന്റെ സ്ക്രിപ്റ്റ് എഴുതിയത്. നമ്മുടെ ഒരു ആളുണ്ടെന്ന് പറഞ്ഞാണ് എന്നെ പറ്റി അവർ പറഞ്ഞത്. അങ്ങനെയാണ് ഞാൻ സിനിമയിൽ മുഖം കാണിക്കുന്നത്.

സിനിമയിൽ എനിക്ക് ധാരാളം അവസരങ്ങൾ തന്നു. റാം ജി റാവു സ്പീക്കിങ്, ഗോഡ് ഫാദർ എന്നീ ചിത്രങ്ങളിൽ ഒക്കെ എനിക്ക് റോളുകൾ ഉണ്ടായിരുന്നു. സിനിമയിൽ വന്നതിന് ശേഷം എനിക്ക് അവസരങ്ങൾ കുറഞ്ഞിരുന്നു. അവിടെയും എനിക്കൊരു ബ്രേക്ക് തന്നത് സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക്ക് ബാച്ചിലർ ആണ്.

രണ്ട് രീതിയിലും സിനിമയിൽ എനിക്കൊരു ജീവിതം തന്നിട്ടുള്ള അളാണ് അദ്ദേഹം. ഒന്ന് സിദ്ദിഖ് ആയിട്ടും മറ്റൊന്ന് സിദ്ദിഖ് ലാൽ ആയിട്ടും. എന്റെ ജീവിതത്തിൽ എനിക്കുവേണ്ട ഒരുപാട് ഉപദേശങ്ങൾ തന്നിട്ടുള്ള ആളാണ്. സ്നേഹിക്കാൻ മാത്രമറിയാവുന്ന സിദ്ദിഖ് പോയെന്ന് പറഞ്ഞിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. ഭയങ്കര വേദനയാണ്‌ തോന്നുന്നത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും പോലും തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ്,’ ഹരിശ്രീ അശോകൻ പറഞ്ഞു.

Content Highlights: Harisree Ashokan on Siddique

We use cookies to give you the best possible experience. Learn more