ക്രോണിക് ബാച്ചിലറിൽ കട്ട് ചെയ്ത ഡയലോഗ് ഞാൻ റൺവേയിൽ പറഞ്ഞു: ഹരിശ്രീ അശോകൻ
Entertainment
ക്രോണിക് ബാച്ചിലറിൽ കട്ട് ചെയ്ത ഡയലോഗ് ഞാൻ റൺവേയിൽ പറഞ്ഞു: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th August 2023, 3:55 pm

ക്രോണിക്ക് ബാച്ചിലർ എന്ന ചിത്രത്തിൽ കട്ട് ചെയ്ത സീൻ താൻ റൺവേ എന്ന ചിത്രത്തിൽ പറഞ്ഞിട്ടുണ്ടെന്ന് നടൻ ഹരിശ്രീ അശോകൻ. കോമഡി ചിത്രങ്ങൾ എടുക്കുന്നതിൽ സംവിധായകൻ സിദ്ദിഖ് രാജാവാണെന്നും ക്രോണിക് ബാച്ചിലറിൽ ഏണിയിലൂടെ മുകളിലേക്ക് കയറുന്ന സീൻ വർക്കാവുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കോമഡി ചിത്രങ്ങൾ എടുക്കുന്നതിൽ രാജാവാണ് സിദ്ദിഖ്. ക്രോണിക് ബാച്ചിലറിൽ മദ്യപാനിയുടെ കൂടെ ഞാനും ഇന്നസെന്റ് ചേട്ടനും തല്ലുകൂടുന്ന രംഗമുണ്ട്. അതിലൊക്കെ ഒരു ചെറിയ ഷോട്ടോ എക്സ്പ്രഷനോ മിസ്സായാൽ ആ സീൻ വർക്ക് ആവില്ല.

അത്തരം സീനുകൾ എടുക്കുന്നതിൽ അഗ്രഗണ്യന്മാരാണ് റാഫി-മെക്കാർട്ടിൻ, സിദ്ദിഖ് എന്നിവർ. ഹ്യൂമർ ചെയ്യുന്നതിൽ നല്ല മിടുക്കന്മാരാണ്. അതാണ്‌ അവരുടെ ചിത്രത്തിന്റെയൊക്കെ വിജയം.

ക്രോണിക് ബാച്ചിലറിൽ ഞങ്ങൾ മമ്മൂക്കയുടെ വീടിന്റെ മുന്നിൽ ഏണി വെച്ചുകയറുന്ന സീൻ ഉണ്ട്. അത് രാത്രിയാണ് എടുത്തത്. ഏണിയിലൂടെ കയറി അവിടെ താങ്ങിപിടിച്ച് നിന്ന് ഷൂട്ടൊക്കെ ചെയ്തിട്ടും ഈ സീൻ ശരിയാകുന്നില്ല. അത് കഴിഞ്ഞപ്പോൾ സംഭവം വർക്കാകുമോയെന്ന് എനിക്ക് തോന്നി. ഞാൻ അതിനെപ്പറ്റി സിദ്ദിഖിനോട് പറഞ്ഞു. പുള്ളി പറഞ്ഞു നമുക്ക് നോക്കാമെന്ന്. സാധിക്കില്ലെന്ന് തോന്നി പുറകോട്ട് പോകുന്ന പരിപാടിയേയില്ല പുള്ളിക്ക്.

പിന്നെയും ഞങ്ങൾ ഷൂട്ട് ചെയ്തു. എന്നിട്ടും ശരിയായില്ല. പക്ഷെ എടുത്ത് വന്നപ്പോൾ എന്തുഭംഗിയാണ് ആ ഷോട്ടിന്.

ആ ചിത്രത്തിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ വെജിറ്റേറിയൻ ഭക്ഷണത്തെപ്പറ്റി സംസാരിക്കുന്നുണ്ട്. ‘വെജിറ്റേറിയനാണ് നല്ലത്, വണ്ണം വെക്കില്ല’ എന്ന് ഞാൻ പറയും.

‘അപ്പോൾ ആനയൊക്കെ എപ്പോഴേ വണ്ണം കുറഞ്ഞേനേ, ആന ഫുൾ വെജിറ്റേറിയൻ അല്ലെ കഴിക്കുന്നതെന്ന്’ മുകേഷ് തിരികെ ചോദിക്കും. ആ ഡയലോഗുകൾ ക്രോണിക്ക് ബാച്ചിലറിലിൽ നിന്നും കട്ട് ചെയ്തു. അത് ഞാൻ പിന്നീടെടുത്ത് റൺവേയിൽ ഇട്ടു,’ ഹരിശ്രീ അശോകൻ പറഞ്ഞു.

Content Highlight: Harisree Ashokan on Runway and Chronic Bachelor movie