ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിൽ തനിക്ക് കുറച്ചുകൂടി നല്ല കഥാപാത്രങ്ങൾ കിട്ടുമായിരുന്നെന്ന് നടൻ ഹരിശ്രീ അശോകൻ. ആ കഥാപാത്രം വളരെ മികച്ചതായിരുന്നെന്നും കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിൽ മമ്മൂക്കയോടൊപ്പം എനിക്ക് കിട്ടിയത് വളരെ നല്ലൊരു കഥാപാത്രമായിരുന്നു. മമ്മൂക്കക്ക് വേണ്ടി സംസാരിക്കുന്ന അല്ലെങ്കിൽ മമ്മൂക്കയെ എന്തെങ്കിലും പറഞ്ഞാൽ ചോദിക്കാൻ ചെല്ലുന്ന കഥാപാത്രം ആയിരുന്നു അത്. ആ പടം ഹിറ്റായിട്ട് ഓടിയില്ല. അത്ര ഹിറ്റായിട്ട് ഓടിയിരുന്നെങ്കിൽ കുറച്ചുകൂടി നല്ല കഥാപാത്രങ്ങൾ എനിക്ക് കിട്ടിയേനെ.
അതുപോലെ തന്നെയാണ് കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം. അതിലും വളരെ വ്യത്യസ്തനായിട്ടുള്ള കഥാപാത്രം ആയിരുന്നു. അതും അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. അല്ലെങ്കിൽ നമുക്ക് കുറച്ചുകൂടി നല്ല കഥാപാത്രങ്ങൾ കിട്ടിയേനെ. ഇപ്പോൾ ഞാൻ ചെയ്യുന്ന ഏഴെട്ടു സിനിമകൾ ഉണ്ട്. അതൊക്കെ വളരെ വ്യത്യസ്തമാണ്.
സിനിമകൾ ഓടിയാലേ നമ്മൾ ശ്രദ്ധിക്കപ്പെടൂ. ഗോഡ് ഫാദർ എന്ന ചിത്രം ഓടിയതുകൊണ്ടാണ് ചെറിയ കഥാപാത്രം ആയിട്ട് കൂടി ഞാൻ ശ്രദ്ധിക്കപ്പെട്ടത്. നേരെ മറിച്ച് ഒരു സിനിമയിലുടനീളം പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ട് അത് ഓടിയില്ലെങ്കിൽ കാര്യമില്ലല്ലോ. സിനിമയുടെ സ്വഭാവമാണത്,’ ഹരിശ്രീ അശോകൻ പറഞ്ഞു.
അഭിമുഖത്തിൽ തിളക്കം എന്ന ചിത്രത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ചിത്രത്തിൽ കൊച്ചുപ്രേമൻ ചെയ്ത കഥാപാത്രം ചെയ്യാനിരുന്നത് താൻ ആയിരുന്നെന്നും നീന്താൻ അറിയാത്തതുകൊണ്ട് ചിത്രത്തിലെ മറ്റൊരു കഥാപാത്രമാണ് ചെയ്തതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.
‘തിളക്കം എന്ന ചിത്രത്തിലേക്ക് എന്നെ വിളിക്കുമ്പോൾ ഞാൻ മറ്റൊരു പടത്തിന്റെ സെറ്റിൽ ആയിരുന്നു. പക്ഷെ ഷെഡ്യൂൾ ചെയ്ത് തന്നിരുന്ന സമയത്ത് എനിക്ക് എത്താൻ കഴിയാതിരുന്നതിനാൽ തയ്യൽകാരന്റെ വേഷം മാറ്റി കൊച്ചുപ്രേമൻ ചേട്ടൻ ചെയ്ത വേഷം എന്നോട് ചെയ്‌തോളാൻ പറഞ്ഞു. അതിൽ കുളത്തിൽ ചാടുന്ന രംഗമുണ്ട്. എനിക്ക് നീന്താൻ അറിയാത്തതുകൊണ്ട് ഞാൻ ചെയ്യുന്നില്ലെന്ന് പറഞ്ഞു. അങ്ങനെ തീയതി ഒക്കെ റീ അറേൻജ് ചെയ്ത് വരികയായിരുന്നു പിന്നീട്,’ ഹരിശ്രീ അശോകൻ പറഞ്ഞു.
Content Highlights: Harisree Ashokan on his flop movies