മിമിക്രിയിലൂടെ മലയാളസിനിമയിലേക്കെത്തിയ നടനാണ് ഹരിശ്രീ അശോകന്‍. ആദ്യകാലത്ത് നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന താരത്തിന്റെ കരിയര്‍ മാറ്റിയത് 1999ല്‍ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് എന്ന സിനിമയാണ്. ചിത്രത്തിലെ രമണന്‍ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരേറെയാണ്. നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന കടകനാണ് താരത്തിന്റെ പുതിയ ചിത്രം. പ്രണയവിലസം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹക്കിം ഷായാണ് നായകന്‍. ചിത്രത്തില്‍ ഹക്കിമിന്റെ അച്ഛനായാണ് ഹരിശ്രീ അശോകന്‍ എത്തുന്നത്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പഴയകാല സിനിമാ അനുഭവങ്ങള്‍ താരം പങ്കുവെച്ചു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ, ഇപ്പോള്‍ കിട്ടുന്ന വേഷങ്ങള്‍ എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ഒരാള്‍ ഇപ്പോള്‍ ഒരു പൊലീസ് വേഷം ചെയ്തു, അയാള്‍ അത് നന്നായി തന്നെയാണ് ചെയ്തത്. അടുത്ത തവണ ഡയറക്ടര്‍ ഒരു പൊലീസ് കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുകയാണെങ്കില്‍ അവരുടെ മനസില്‍ വരുന്നത് ആ നടന്റെ മുഖമായിരിക്കും. പൊലീസ് വേഷത്തിന് മാത്രമല്ല, എല്ലാ വേഷങ്ങള്‍ക്കും ഇതുപോലെയാണ്. കിട്ടുന്ന വേഷങ്ങളൊക്കെ ചെയ്യുക, ഇത്തരം റോളുകള്‍ മാത്രമേ ചെയ്യുൂ എന്ന വാശിയൊന്നും പാടില്ല. സിനിമയില്‍ വന്ന സമയത്ത് എനിക്ക് കോമഡി റോളുകള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ. അന്നൊക്കെ ഒരു ഇമോഷണല്‍ സീന്‍ ചെയ്യാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു.
ഒന്നുരണ്ട് സിനിമകളില്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അനിയത്തിപ്രാവിലെ സെന്റി സീന്‍ കിട്ടിയപ്പോള്‍ സന്തോഷമായിരുന്നു. കോമഡി അല്ലാതെ ഒരെണ്ണം ചെയ്യാന്‍ പറ്റിയല്ലോ എന്നാലോചിച്ചിട്ട്. അതുപോലെ, പഞ്ചാബി ഹൗസിലും അതുപോലൊരു സീന്‍ ഉണ്ട്. രമണന്‍ എന്നത് വെറും കോമഡി ക്യാരക്ടറണെന്ന ചിന്ത ആ സീന്‍ കണ്ടിരുന്നെങ്കില്‍ മാറിയേനെ. പക്ഷേ എന്തുകൊണ്ടോ ആ സീന്‍ ഒഴിവാക്കേണ്ടി വന്നു. ഇപ്പോഴാണെങ്കില്‍ വരുന്നത് മുഴുവന്‍ സീരിയസ് റോളുകള്‍ മാത്രമാണ്. ഞാന്‍ പലരോടും, എടാ ഒരു കോമഡി താടാ എന്നൊക്കെ ചോദിക്കേണ്ട അവസ്ഥയാണ്’ താരം പറഞ്ഞു.
കടത്തനാടന്‍ ഫിലിംസിന്റെ ബാനറില്‍ ഖലീലാണ് കടകന്‍ നിര്‍മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. നിര്‍മല്‍ പാലാാഴി, രഞ്ജിത്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മാര്‍ച്ച് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Harisree Ashokan about typecasting in movies