മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവങ്ങളെ പറ്റി സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. രാക്ഷസരാജാവിലാണ് മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ചതെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് പേടിയാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിന് ചെന്നപ്പോള്‍ മമ്മൂട്ടിക്കൊപ്പമുണ്ടായ രസകരമായ അനുഭവവും ഹരിശ്രീ അശോകന്‍ പങ്കുവെച്ചു.
‘രാക്ഷസരാജാവിലാണ് ആദ്യമായി മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത്. ആ സമയത്ത് ഞാന്‍ കുസൃതി എന്ന പടം ചെയ്യുന്നുണ്ട്. ഒരു പാട്ട് ഷൂട്ട് ചെയ്യാന്‍ ബാക്കി വെച്ചിട്ടാണ് ഞാന്‍ രാക്ഷസരാജാവിലേക്ക് വരുന്നത്. ഉദയ സ്റ്റുഡിയോയിലായിരുന്നു ഷൂട്ട്. മമ്മൂക്ക അവിടെയുണ്ട്.
ഞാന്‍ കേറി ചെല്ലുമ്പോള്‍ മമ്മൂക്ക രണ്ട് കൂട്ടുകാരുമായി മുറ്റത്ത് ഇരിപ്പുണ്ട്. ഞാന്‍ ചെല്ലുമ്പോള്‍ മമ്മൂക്കയും കൂട്ടുകാരും കൂടി എഴുന്നേറ്റ് നിന്ന് തൊഴുതു. ഞാന്‍ ഇരിക്കൂ എന്ന് പറഞ്ഞു. അശോകന്‍ ഇരുന്നിട്ടേ ഞാന്‍ ഇരിക്കുകയുള്ളൂ എന്ന് മമ്മൂക്ക പറഞ്ഞു. പിന്നെ ഞാനും അദ്ദേഹവും ഇരുന്നു(ചിരിക്കുന്നു).
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഞാന്‍ അതില്‍ പൊലീസുകാരനാണ്. താടിയോ വടിക്കുന്നില്ല, മുടിയെങ്കിലും വെട്ടിക്കൂടേ എന്ന് മമ്മൂക്ക ചോദിച്ചു. കണ്ടിന്യുവിറ്റിക്ക് വേണ്ടിയാണ്, കുറച്ചുകഴിഞ്ഞ് നോക്കാമെന്ന് ഞാന്‍ പറഞ്ഞു.
ഇപ്പോഴും മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ എനിക്ക് പേടിയാണ്. കാരണം മമ്മൂക്ക അഭിനയിക്കുമ്പോള്‍ ഞാന്‍ നോക്കി നിന്ന് പോവും. മമ്മൂക്ക ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. ഭാവനയുമായുള്ള ഒരു രംഗത്തില്‍ മമ്മൂക്ക ഒരു ഡയലോഗ് പറഞ്ഞിട്ടുണ്ട്. കുറച്ച് ഇമോഷണല്‍ സീനാണ്. ആ സമയത്ത് എന്റെ മുഖം മാറിയിട്ട് മമ്മൂക്ക അഭിനയിക്കുന്നത് ഞാന്‍ നോക്കിനിന്നു.
മമ്മൂക്ക അഭിനയിക്കുമ്പോള്‍ നമുക്ക് കൊതി തോന്നും. മമ്മൂക്കയുടെ ഒപ്പം നിന്ന് അഭിനയിക്കാനും പേടിയാവും. പുള്ളി എല്ലാത്തിലും പുതിയ സംഭവം കാണിക്കാന്‍ നോക്കും,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ വിജയിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുമായിരുന്നുവെന്നുവെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
‘രഞ്ജിയേട്ടന്‍ പ്രൊഡ്യൂസ് ചെയ്തൊരു പടമുണ്ട്, ബാവൂട്ടിയുടെ നാമത്തില്‍. മമ്മൂക്കയാണ് നായകന്‍. അതിലെനിക്ക് അസല്‍ വേഷമായിരുന്നു. മമ്മൂക്കയുടെ കൂടെയുള്ള ആളാണ്. മമ്മൂക്കയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചു സംസാരിക്കുന്ന ആളാണ്. ആ പടം ഭയങ്കര ഹിറ്റായില്ല. ഓടിയിരുന്നെങ്കില്‍ എനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ക്ക് മാറ്റമുണ്ടാകുമായിരുന്നു.
അതുപോലെ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയില്‍ പാട്ട് പാടുന്ന ആളായിട്ടായിരുന്നു. അതും അത്ര ഹിറ്റായില്ല. ഇല്ലെങ്കില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടുമായിരുന്നു,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
Content Highlight: harisree ashokan about the experience in rakshasa rajavu