| Monday, 17th July 2023, 1:43 pm

മമ്മൂക്ക ഡയലോഗ് പറഞ്ഞപ്പോള്‍ എന്റെ മുഖം മാറി, നോക്കിനിന്നു പോയി: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദീഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ക്രോണിക് ബാച്ച്‌ലര്‍. ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ മുകേഷ്, ഭാവന, രംഭ, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയെത്തിയിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രംഗത്തെ പറ്റി സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. മമ്മൂട്ടി ഡയലോഗ് പറഞ്ഞപ്പോള്‍ തന്റെ മുഖം മാറിയെന്നും സിനിമയില്‍ അത് കാണാന്‍ പറ്റുമെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു.

‘ഇപ്പോഴും മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ എനിക്ക് പേടിയാണ്. കാരണം മമ്മൂക്ക അഭിനയിക്കുമ്പോള്‍ ഞാന്‍ നോക്കി നിന്ന് പോവും. മമ്മൂക്ക ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. ഭാവനയുമായുള്ള ഒരു രംഗത്തില്‍ മമ്മൂക്ക ഒരു ഡയലോഗ് പറഞ്ഞിട്ടുണ്ട്. കുറച്ച് ഇമോഷണല്‍ സീനാണ്. ആ സമയത്ത് എന്റെ മുഖം മാറിയിട്ട് മമ്മൂക്ക അഭിനയിക്കുന്നത് ഞാന്‍ നോക്കിനിന്നു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

മമ്മൂക്ക അഭിനയിക്കുമ്പോള്‍ നമുക്ക് കൊതി തോന്നും. മമ്മൂക്കയുടെ ഒപ്പം നിന്ന് അഭിനയിക്കാനും പേടിയാവും. പുള്ളി എല്ലാത്തിലും പുതിയ സംഭവം കാണിക്കാന്‍ നോക്കും,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

ചിത്രത്തിലെ കോമഡി സീക്വന്‍സുകളെ പറ്റിയും ഹരിശ്രീ അശോകന്‍ പറഞ്ഞു. ‘ഇങ്ങനെയുള്ള സംഭവങ്ങളെടുക്കുന്ന കാര്യത്തില്‍ രാജാവാണ് സിദ്ദീഖ്. ഒരു ഷോട്ട് വിട്ടുപോയാലോ, റിയാക്ഷന്‍ മാറിപ്പോയാലോ അത് വര്‍ക്ക് ഔട്ടാവില്ല. പക്ഷേ സിദ്ദീഖ്-ലാലും റാഫി-മെക്കാര്‍ട്ടിനുമൊക്കെ അതില്‍ അഗ്രഗണ്യന്മാരാണ്. ഹ്യൂമര്‍ ചെയ്യുന്നതില്‍ ഭയങ്കര മിടുക്കന്മാരാണ്.

ക്രോണിക് ബാച്ച്‌ലറില്‍ ഒരു സീക്വന്‍സ് ഉണ്ട്. മമ്മൂക്കയുടെ വീടിന് മുമ്പില്‍ നിന്നും ലാഡര്‍ വെച്ചിട്ട് മുകളിലേക്ക് കേറുന്ന രംഗം. രാത്രിയിലാണ് ഈ രംഗം എടുക്കുന്നത്. ഇത് വര്‍ക്ക് ഔട്ട് ആകുമോ എന്ന് ഞാന്‍ ചോദിച്ചു. നമുക്ക് നോക്കാമെന്ന് സിദ്ദീക്ക പറഞ്ഞു. പിന്നോട്ട് പോകുന്ന പരിപാടിയില്ല അവര്‍ക്ക്.

എടുത്തപ്പോഴൊന്നും അത്ര ശരിയായില്ല. എന്നാല്‍ പടത്തില്‍ കാണുമ്പോള്‍ ആ സീന്‍ എന്തു രസമാണ്. എനിക്ക് സീറ്റ് കിട്ടിയെന്ന് ഞാന്‍ പറയുന്നുണ്ട്. ചില ഡയലോഗ് പറയുമ്പോള്‍ മനസിലാവില്ല. ടോട്ടാലിറ്റി വരുമ്പോഴാണ് അത് മനസിലാവുന്നത്,’ ഹരിശ്രീ ആശോകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: harisree ashokan about the acting of mammootty

We use cookies to give you the best possible experience. Learn more