മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് ഹരിശ്രീ അശോകന്‍. തുടക്കകാലത്ത് നിരവധി സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന താരം, 1998ല്‍ പഞ്ചാബി ഹൗസ് എന്ന സിനിമയിലൂടെയാണ് താരം മുഴുനീളവേഷത്തിലെത്തിയത്. ചിത്രത്തിലെ രമണന്‍ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകരേറെയാണ്. നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്യുന്ന കടകന്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. നായകനായ ഹക്കിം ഷായുടെ അച്ഛന്‍ കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പഞ്ചാബി ഹൗസ് എന്ന സിനിമ തന്റെ ജീവിതത്തിലും വലിയ ഇന്‍ഫ്‌ളുവന്‍സ് ഉണ്ടാക്കിയിരുന്നുവെന്ന് വെളിപ്പെടുത്തി. രമണന്‍ എന്ന കഥാപാത്രം ജീവിത്തതില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ആ സിനിമയുടെ ഇഫക്ട് ഇപ്പോഴും ഉണ്ട്. വീട്ടില്‍ ഞാന്‍ ചിലപ്പോള്‍ ഡള്ളായിട്ടിരിക്കുമ്പോള്‍ വൈഫ് എന്നോട് ‘എന്തുപറ്റി രമണാ’ എന്ന് ചോദിക്കും. അപ്പോള്‍ ഞാന്‍ നഹി, നഹി എന്ന് പറയും. അതുപോലെ ആ സിനിമയുടെ പകുതി മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഒരുപാട് ഭാഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിലെ കുറേ കോമഡി ഞാന്‍ വേറെ സിനിമയിലൊക്കെ എടുത്ത് ഉപയോഗിച്ചിട്ടുണ്ട്’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
കടസീല ബിരിയാണി, പ്രണയവിലാസം എന്നൂ സിനിമകളിലൂടെ ശ്രദ്ധേയനായ ഹക്കിം ഷായാണ് കടകനിലെ നായകന്‍. രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോപി സുന്ദറിന്റെതാണ് സംഗീതം. മാര്‍ച്ച് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Harisree Ashokan about Punjabi House movie