സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പറവ. ചിത്രത്തിലെ ദുല്‍ഖറിന്റെ എക്സ്റ്റന്റഡ് കാമിയോ റോള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ ദുല്‍ഖറിന്റെ രംഗത്തെ പറ്റി സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. ദുല്‍ഖറിന്റെ കഥാപാത്രം മരിക്കുന്ന രീതി മലയാള സിനിമയില്‍ വന്നിട്ടില്ലെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു.
‘പറവയില്‍ ദുല്‍ഖറിന്റെ ബെസ്റ്റ് ക്യാരക്ടറാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി നിന്നത് കൊണ്ടാണ് അതില്‍ ദുല്‍ഖറിനെ കൊന്നുകളയുന്നത്. അതില്‍ രാത്രിയിലെ ഫൈറ്റില്‍ ദുല്‍ഖറിന്റെ കഴുത്തില്‍ വരയുന്നുണ്ട്. ആ മുറിവില്‍ പിടിച്ച് എന്തിനാടാ എന്ന് ചോദിക്കുന്നുണ്ട്. ഭയങ്കര ടച്ചിങ്ങാണത്. അങ്ങനെ മലയാള സിനിമയില്‍ വന്നിട്ടില്ല.
സാധാരണ മുറിവില്‍ ഒരു കൈ കൊണ്ട് പിടിച്ച് മറ്റേ കൈ കൊണ്ട് ഇടിക്കുകയോ താഴെ വീഴുകയോ ഒക്കെയാണ്. അവിടെയാണ് എന്തിനാടാ എന്ന് ചോദിക്കുന്നത്. അതാണ് പുതുമ. അഭിനയിക്കുമ്പോഴും സംവിധാനം ചെയ്യുമ്പോഴും പുതുമ കണ്ടെത്തണം. സൗബിന്റെ ഐഡിയ ആയിരിക്കും അത്. ദുല്‍ഖര്‍ അത് ഗംഭീരമായി ചെയ്യുകയും ചെയ്തു.
അതില്‍ ദുല്‍ഖറുമൊത്ത് ഒന്നുരണ്ട് സീനുകള്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. എനിക്ക് ദുല്‍ഖറിനെ ഭയങ്കര ഇഷ്ടമാണ്. വരനെ ആവശ്യമുണ്ട്, എ.ബി.സി.ഡി ഒക്കെ കണ്ടിട്ടുണ്ട്. അവന്‍ ഭയങ്കര ഹാന്‍സമല്ലേ. അധികം സിനിമ ഒന്നിച്ച് ചെയ്യാന്‍ പറ്റിയില്ല. ഗംഭീര നടനാണ്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
ഓളമാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന ഹരിശ്രീ അശോകന്റെ ചിത്രം. വി.എസ്. അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. യഥാര്‍ത്ഥ ജീവിതത്തില്‍ എന്നപോലെ ഇതിലും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളില്‍ തന്നെ.
നടി ലെനയും വി.എസ്. അഭിലാഷും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫല്‍ പുനത്തില്‍ ആണ് നിര്‍മിക്കുന്നത്. ലെന, ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Content Highlight: harisree ashokan about parava and dulquer salmaan