ഹക്കീം ഷാജഹാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 24കാരനായ സജിൽ മമ്പാട് സംവിധാനം ചെയ്ത ചിത്രമാണ് കടകൻ. ചിത്രത്തിൽ ഹക്കീമിന്റെ അച്ഛന്റെ വേഷം ഹരിശ്രീ അശോകനാണ് ചെയ്തത്. ഒരുപാട് വർഷകാലം സിനിമയിൽ അഭിനയിക്കുന്ന ഒരു നടന് പുതുമുഖ സംവിധായകന്റെ കൂടെ അഭിനയിക്കുമ്പോൾ പ്രശ്നമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് താൻ അങ്ങനെ ചിന്തിച്ചിട്ടില്ല എന്നായിരുന്നു അശോകന്റെ മറുപടി. തന്നെ ഏല്പിക്കുന്ന ആരുടെ മുന്നിലും അഭിനയിക്കാൻ ഞാൻ തയ്യാറാണെന്ന് ഹരിശ്രീ അശോകൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാൻ യങ് എന്നോ സീനിയർ എന്നോ ഒന്നും ചിന്തിച്ചിട്ടില്ല. എന്നെ ഏൽപ്പിക്കുന്ന ജോലി ആരുടെ മുന്നിലും അഭിനയിക്കാൻ ഞാൻ തയ്യാറാണ്. ഫസ്റ്റ് ഡേ ഞാൻ ചെയ്തപ്പോൾ ഓടിച്ചെന്ന് ചോദിച്ചത് എങ്ങനെയുണ്ട് കുഴപ്പമുണ്ടോ എന്നാണ്. ഇല്ല ഒരു കുഴപ്പവുമില്ല ഓക്കെയാണ് എന്നാണ് പറഞ്ഞത്.
ഫസ്റ്റ് ഡേ എടുക്കുന്നത് ക്ലൈമാക്സ് ആണ്. ആ പുഴയുടെ അവിടെ നിന്നിട്ട് ഞാൻ പറയുന്ന ഡയലോഗ് ആണ്. അത് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ എന്നെ ഹഗ് ചെയ്തിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഓരോ ഷോട്ട് അഭിനയിക്കുമ്പോഴും ഞാൻ ഓക്കെയാണോ എന്ന് ഡയറക്ടറിനോടോ അസ്സോസിയേറ്റിനോടോ കൂടെയുള്ള പയ്യനോടോ ഒക്കെ ചോദിക്കും. ഇപ്പോഴും ഞാൻ ചോദിക്കാറുണ്ട്.
അത് കഴിഞ്ഞ് ഞാൻ വീണ്ടും പറയും വേറൊരു ടൈപ്പ് ചെയ്തു നോക്കട്ടെ എന്ന്. എന്നാൽ അത് മതി എന്ന് പറയും. പല കാരണങ്ങൾ കൊണ്ടായിരിക്കും അങ്ങനെ പറയുന്നത്. അതുപോലെതന്നെ ഡബ്ബ് ചെയ്യുമ്പോഴും ഞാൻ ഒരു ഡയലോഗ് പല രീതിയിൽ ഡബ്ബ് ചെയ്യാറുണ്ട്. ഇങ്ങനെ ഒന്ന് പറഞ്ഞാലോ എന്ന് ചോദിക്കും അപ്പോൾ അവർ പറയും ഇതാണ് കുറച്ചുകൂടെ ബെറ്റർ, ഇത് മതി എന്ന്.
നമ്മൾ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. നമ്മൾ ചെയ്യുന്നത് അവര് കാണുമ്പോള്‍ അവരാണ് കൂടുതൽ ചർച്ച ചെയ്യുന്നത്. ലോകത്ത് ഏതൊരു നടിയും നടനും പറഞ്ഞിട്ടുള്ള കാര്യമാണ് പൂർണമായി അഭിനയിക്കാൻ പറ്റില്ല എന്ന്. കാരണം നമ്മൾ അഭിനയിച്ചതിനു ശേഷം സ്‌ക്രീനിൽ കാണുമ്പോൾ അവിടെ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നും. അതൊരു വേൾഡ് ടോക്ക് ആണ്. ഒരിക്കലും ഒരാൾക്കും പൂർണമായി അഭിനയിക്കാൻ പറ്റില്ല,’ ഹരിശ്രീ അശോകൻ പറഞ്ഞു.
Content Highlight: Harisree ashokan about his script selection