| Tuesday, 21st November 2023, 9:29 am

മനസിൽ കരുതിയതല്ല ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ സംഭവിച്ചത്: ഹരിശ്രീ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലിന്റെ കൂടെ ആദ്യമായി അഭിനയിച്ച ബാലേട്ടൻ സിനിമയുടെ അനുഭവം പങ്കുവെക്കുകയാണ് നടൻ ഹരിശ്രീ അശോകൻ. മോഹൻലാലിനെ ആദ്യം കാണുമ്പോൾ തന്നെ ഗുഡ്മോണിങ് പറയണമെന്നും കാലിൽ തൊട്ട് വന്ദിക്കണമെന്നും കരുതിയിരുന്നെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.

എന്നാൽ മോഹൻലാൽ തന്നെ കണ്ടപ്പോൾ കൈ തന്നിട്ട് കെട്ടിപിടിച്ചെന്നും താൻ മനസ്സിൽ കരുതിയ പോലെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അശോകൻ ഓർക്കുന്നുണ്ട്. അതുപോലെ ബാലേട്ടൻ സിനിമയിലെ മറ്റു അനുഭവങ്ങളും ഹരിശ്രീ അശോകൻ പങ്കുവെച്ചു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാലേട്ടൻ സിനിമയിലാണ് ആദ്യമായി ഞാൻ ലാലേട്ടനുമായി അഭിനയിക്കുന്നത്. ആദ്യമായി ലാലേട്ടനെ കാണുമ്പോൾ എന്ത് ചെയ്യണം എന്നൊക്കെ മനസിൽ കണ്ടിരുന്നു. ചെല്ലുമ്പോൾ തന്നെ ഗുഡ്മോണിങ് പറയാം. പിന്നെ ആദ്യമായിട്ട് അഭിനയിക്കുകയല്ലേ കാലിൽ തൊട്ട് വന്ദിച്ചിട്ട് ചെയ്യാം എന്ന് കരുതി. എല്ലാം കഴിഞ്ഞ് മേക്കപ്പ് ചെയ്ത് എത്തിയപ്പോൾ ലാലേട്ടൻ ‘നമുക്ക് നോക്കാം അല്ലേ’ എന്ന് പറഞ്ഞിട്ട് ഷേക്ക്ഹാൻഡ് തന്നിട്ട് കെട്ടി അങ്ങ് പിടിച്ചു. ഞാൻ എവിടെ കാൽ തൊട്ട് വന്ദിക്കുക, എല്ലാം കഴിഞ്ഞില്ലേ.

ബാലേട്ടാ എന്ന പാട്ട് കഴിഞ്ഞിട്ട് എല്ലാവരും ഒരമ്പലത്തിന്റെ അടുത്ത് കൂടെ വരുന്ന ഒരു ലോങ്ങ് ഷോട്ട് ഉണ്ടായിരുന്നു. ഞങ്ങൾ ഓടി വരുന്നത് കണ്ടിട്ട് ലാലേട്ടന് സംഘാടക കമ്മിറ്റിയുടെ ഇടയിൽ നിന്നും മുങ്ങും. റിഹേർസലിന്റെ സമയത്ത് ഞങ്ങൾ സ്റ്റെപ്പ് വരെ വന്നിട്ട് ഓക്കെ എന്ന് പറഞ്ഞിട്ട് തിരിച്ച് ഓടും. അങ്ങനെ രണ്ട് റിഹേഴ്സൽ എടുത്തു. പിന്നെ അവിടെ വന്നിട്ടുള്ള ഡയലോഗ് ഷോട്ട് കട്ട് ചെയ്തിട്ടാണ് എടുക്കുന്നത്. സ്റ്റെപ്പിന്റെ അവിടുന്ന് ദൂരെ നിന്ന് ലാലേട്ടൻ വിളിച്ചുപറഞ്ഞു ‘അശോകാ, ഓടി വരുമ്പോൾ നോക്കണം. ഇവിടെ വഴക്കലുണ്ട്ട്ടോ’ എന്ന്. ഞാൻ കണ്ടു എന്ന് മറുപടിയും പറഞ്ഞു.

ടേക്കിന്റെ സമയത്ത് ഞങ്ങൾ ബാലേട്ടാ എന്ന് പറഞ്ഞ് ഓടി വരുമ്പോൾ ഞാനാണ് മുന്നിൽ ഉള്ളത്. ഞാൻ ഓടി കയറിയതും സ്കിപ് ആയിട്ട് അങ്ങോട്ട് വീണു. ചെളിയിൽ അങ്ങോട്ട് വീണു. പക്ഷേ ഷോട്ട് ഓക്കെ ആയിരുന്നു. ലാലേട്ടൻ തിരിച്ച് ഓടി വന്നിട്ട് ‘ഇങ്ങനെ തന്നെ ആ ഷോട്ട് എടുക്ക് ബാലേട്ടനെ കണ്ടോ എന്നത് ‘ എന്ന് ലാലേട്ടൻ പറഞ്ഞു.

അതുപോലെ ഒരു സീനിൽ ആൽത്തറയിൽ നിന്ന് സംസാരിക്കുമ്പോൾ ലാലേട്ടനാണ് ഡയലോഗ് പറയേണ്ടത്. അപ്പോൾ ലാലേട്ടൻ എന്റെ അടുത്ത് പറഞ്ഞു ‘ഞാൻ മുണ്ട് അഴിച്ചിടുമ്പോൾ നീയും മുണ്ടിന്റെ കുത്ത് അഴിച്ചിടണം. പിന്നെ മുണ്ട് ഉടുക്കുമ്പോൾ നീയും ഉടുക്കണം. ഞാൻ എന്ത് ചെയ്യുമ്പോഴും അതൊക്കെ ചെയ്തോ’ എന്ന് പറഞ്ഞു. ലാലേട്ടൻ മുണ്ടിന്റെ കുത്തഴിച്ചപ്പോൾ ഞാനും അഴിച്ചിട്ടു. ലാലേട്ടനാണ് പെർഫോം ചെയ്യുന്നതും ഡയലോഗ് പറയുന്നതും. പിന്നെ മുണ്ട് മടക്കി കുത്തിയപ്പോൾ അതുപോലെ ചെയ്തു. ഞാൻ ഇതെന്താ ഇങ്ങനെ എന്നൊക്കെ കരുതിയിരുന്നു. എന്നാൽ തിയേറ്ററിൽ വന്നപ്പോഴാണ് അതിന്റെ ഇമ്പാക്ട് മനസിലായത്. അങ്ങനെ കുറെ കാര്യങ്ങൾ ഇവരുടെ കൂടെ അഭിനയിക്കുമ്പോൾ പഠിക്കാൻ പറ്റും,’ ഹരിശ്രീ അശോകൻ പറഞ്ഞു.

Content Highlight: Harisree ashokan about his first meet with Mohanlal

We use cookies to give you the best possible experience. Learn more