തമിഴിലെ അതേ സ്ക്രിപ്റ്റിൽ എടുത്തപ്പോൾ ആ ചിത്രം മുടങ്ങി, ഒടുവിൽ ഞങ്ങൾ അതിൽ ഹ്യൂമർ കൂട്ടിച്ചേർത്ത് വീണ്ടുമെടുത്തു: ഹരിശ്രീ അശോകൻ
Entertainment
തമിഴിലെ അതേ സ്ക്രിപ്റ്റിൽ എടുത്തപ്പോൾ ആ ചിത്രം മുടങ്ങി, ഒടുവിൽ ഞങ്ങൾ അതിൽ ഹ്യൂമർ കൂട്ടിച്ചേർത്ത് വീണ്ടുമെടുത്തു: ഹരിശ്രീ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th December 2024, 3:31 pm

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളര്‍ന്നു.

ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളില്‍ ഹരിശ്രീ അശോകന്‍ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് ഹാസ്യ വേഷങ്ങളോടൊപ്പം സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കയ്യില്‍ ഭദ്രമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലെല്ലാം ഹരിശ്രീ അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു.

താൻ അഭിനയിച്ച അർജുനൻപിള്ളയും അഞ്ചുമക്കളും എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ജഗദീഷ് തുടങ്ങിയ മലയാളത്തിലെ ഹാസ്യരാജാക്കന്മാർ ഒന്നിച്ച സിനിമ തമാശരംഗങ്ങളാൽ സമ്പന്നമാണ്. ആ സിനിമ ഒരു തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നുവെന്നും അതേ സ്ക്രിപ്റ്റ് തന്നെ എടുത്തതിനാൽ സിനിമയുടെ ഷൂട്ട് പകുതിവെച്ച് നിർത്തിയിരുന്നുവെന്നും ഹരിശ്രീ അശോകൻ പറയുന്നു. ഒടുവിൽ സിനിമയിൽ ഹ്യൂമറിനൊരുപാട് സാധ്യതയുണ്ടെന്ന് മനസിലാക്കി എല്ലാവരും ചേർന്ന് സ്ക്രിപ്റ്റ് വീണ്ടും എഴുതിയെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ.

‘ചന്ദ്രശേഖരൻ എന്ന സംവിധായകൻ ഒരുക്കിയ സിനിമയായിരുന്നു അത്. ഒരു തമിഴ് സിനിമയുടെ റീമേക്ക് ആയിരുന്നു ആ ചിത്രം. പക്ഷെ അതിന്റെ ഷൂട്ട് പകുതി വെച്ച് നിന്നുപോയി. കാരണം തമിഴിലുള്ള അതേപോലെ തന്നെയാണ് ആ സിനിമ സ്ക്രിപ്റ്റ് ചെയ്തത് വെച്ചിട്ടുള്ളത്. അതിന്റെ ചെറിയ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ആ സിനിമ ഇടയ്ക്ക് നിർത്തി.

ഞങ്ങളും അതിനെ കുറിച്ച് തുറന്ന് പറഞ്ഞു. ഞാനുണ്ട് ജഗദീഷുണ്ട് അമ്പിളിച്ചേട്ടനുണ്ട് കല്പനയുണ്ട് മാള ചേട്ടനുണ്ട്. നമുക്കൊന്ന് ഇരുന്നിട്ട് നല്ല കോമഡിയും കാര്യങ്ങളുമൊക്കെ വർക്ക് ചെയ്യാൻ പറ്റുമോയെന്ന് നോക്കാമെന്ന് പറഞ്ഞു. കാരണം ആ സ്ക്രിപ്റ്റിൽ ഹ്യൂമറൊക്കെ വളരെ കുറവാണ്. ജഗദീഷ് ഏട്ടനാണ് കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.

അങ്ങനെ ആ സിനിമയിൽ ഒരു ഇടവേളയെടുത്ത് ഞങ്ങൾ അതിനായിട്ട് ഇരുന്നു. അത് റീ റൈറ്റ് ചെയ്തു. എന്നിട്ടാണ് ആ സിനിമയുടെ ഷൂട്ട് വീണ്ടും തുടങ്ങുന്നത്. അതിനകത്ത് കുമാറിന് വേണ്ടി ഞാനിട്ട ഒരു സാധനമാണ് , താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ എന്ന ഭാഗം. അത് നന്നായി വർക്കായി,’ഹരിശ്രീ അശോകൻ പറയുന്നു.

Content Highlight: Harisree Ashokan About Arjunan Pillayum Anjumakkalum Movie