| Monday, 16th September 2024, 4:55 pm

അത്തരം സീനുകൾ ചെയ്യാൻ ചമ്മലായിരുന്നു, ആളുകൾ കൂവുമോയെന്നായിരുന്നു പേടി: ഹരിശ്രീ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ. ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച ഹരിശ്രീ അശോകൻ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളർന്നു. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളിൽ ഹരിശ്രീ അശോകൻ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഹാസ്യവേഷങ്ങളോടൊപ്പം സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കയ്യിൽ ഭദ്രമാണ്. പണ്ടൊക്കെ താടി വടിച്ചാൽ ശരിയാകുമോയെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ഹരിശ്രീ അശോകൻ.

സ്റ്റണ്ട് സീനുകൾ ചെയ്യാൻ ആശങ്ക ഉണ്ടായിരുന്നുവെന്നും മെലിഞ്ഞ ശരീരവും വെച്ച് ആളുകളെ അടിച്ചാൽ പ്രേക്ഷകർ കൂവുമോ എന്നായിരുന്നു തന്റെ ചിന്തയെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. അന്നൊക്കെ ആക്ഷൻ സീനുകൾ വന്നാൽ സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയുടെ അടുത്ത് നിന്ന് താൻ വടി വാങ്ങുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താടി വടിച്ചാൽ ശരിയാകുമോയെന്ന ആശങ്ക പോലെയായിരുന്നു ശരീരത്തെക്കുറിച്ചുള്ള എന്റെ ചില ചിന്തകളും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്റ്റണ്ട് രംഗങ്ങളായിരുന്നു. സ്റ്റണ്ട് സീൻ വന്നാൽ അത് ചെയ്യാൻ വലിയ ചമ്മലായിരുന്നു. മെലിഞ്ഞ ഈ ശരീരവും വെച്ച് വില്ലൻമാരെ അടിച്ചിട്ടാൽ ആളുകൾ കൂവില്ലേയെന്നായിരുന്നു ആശങ്ക.

അതുകൊണ്ട് സ്റ്റണ്ട് രംഗങ്ങൾ വന്നാൽ എങ്ങനെയെങ്കിലും ഒഴിവാക്കാൻ കഴിയുമോയെന്നായിരിക്കും ആലോചന. ഇനി ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ സ്റ്റണ്ട് മാസ്റ്റർ മാഫിയാ ശശിയോട് ചെന്ന് ഒരു വടി ചോദിക്കും.

വടി കൊണ്ട് ആളുകളെ അടിച്ചാൽ വലിയ കുഴപ്പമില്ലാതെ തടി രക്ഷിച്ചെടുക്കാമല്ലോയെന്നായിരുന്നു എന്റെ ചിന്ത. ഞാൻ വടി ചോദിക്കുന്നത് കേട്ട് മാഫിയാ ശശി എത്രയോ തവണ ചിരിച്ചിട്ടുണ്ട്,’ഹരിശ്രീ അശോകൻ പറയുന്നു.

Content Highlight: Harisree Ashokan About Action Scenes In Films

We use cookies to give you the best possible experience. Learn more