സിനിമയില്‍ നിന്നും അല്പനാളായി മാറിനിന്നത് മനപൂര്‍വമായിരുന്നെന്നും എന്നാല്‍ സജീവമാകാമെന്ന് തീരുമാനിച്ചപ്പോള്‍ വന്ന കഥാപാത്രങ്ങളൊന്നും ഇഷ്ടമായില്ലെന്നും പറയുകയാണ് നടന്‍ ഹരിശ്രീ അശോകന്‍.
തന്നേക്കാള്‍ നന്നായി അഭിനയിക്കുന്ന പ്രതിഭയുള്ള താരങ്ങള്‍ ഉള്ളതുകൊണ്ടാണ് സംവിധായകര്‍ അവര്‍ക്ക് പിറകെ പോകുന്നത്. നമുക്ക് കിട്ടാനുള്ള കഥാപാത്രങ്ങള്‍ നമ്മളെ തേടിവരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.
സിനിമ കിട്ടാത്തതുകൊണ്ട് ദു:ഖമൊന്നുമില്ല. നല്ല കഥാപാത്രങ്ങള്‍ എന്നെ തേടി വന്നു കഴിഞ്ഞു. തമിഴില്‍ ആദ്യമായി ഒരു സിനിമ ചെയ്യുകയാണ്. ഒരു സീരിയസ് കഥാപാത്രം. പിന്നെ സിനിമയില്ലെങ്കിലും ഞാന്‍ ജീവിക്കും. എസ്.എസ്.എല്‍.സി കഴിഞ്ഞ് പിക്കാസും എടുത്ത് റോഡു പണിക്കിറങ്ങിയതാണ് താനെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.
സിനിമയിലേക്ക് സീറോ ആയിട്ടാണ് വന്നത്. സീറോ ആയി തന്നെ തിരിച്ചുപോകേണ്ടി വന്നില്ല. എന്റെ സൗന്ദര്യത്തിനും കഴിവിനുമിണങ്ങുന്ന ഏത് വേഷവും ചെയ്ത് ഫലിപ്പിക്കാം എന്ന ആത്മവിശ്വാസം ആവോളമുണ്ട്. ഹാസ്യത്തിനപ്പുറമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഹരിശ്രീ പറയുന്നു.
നല്ലൊരു ഹാസ്യ ചിത്രം കണ്ടിട്ട് നാളുകള്‍ ഏറെയായി. കോമഡിക്കായി കോമഡിയുണ്ടാക്കുകയാണ് ഇപ്പോള്‍.സാഹചര്യത്തിനനുസരിച്ച് സ്വാഭാവികമായി വരുന്നതായിരിക്കണം കോമഡിയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.