[] കൊച്ചി: ഹാരിസണ്‍ എസ്റ്റേറ്റുകള്‍ വിറ്റത് ഇംഗ്ലണ്ടില്‍ നിന്നുള്ള വ്യാജരേഖകള്‍ ചമച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. നാല് എസ്റ്റേറ്റുകളാണ് ഹാരിസണ്‍ വ്യാജരേഖകള്‍ നിര്‍മ്മിച്ച് വിറ്റത്.
വ്യാജരേഖ കോടതിയില്‍ ഹാജരാക്കിയതിലൂടെ കമ്പനി രാജ്യത്തിന്റെ പരമാധികാരമാണ് ലംഘിച്ചതെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കി.
ജോണ്‍ മെക്ക എന്ന സായിപ്പ് വിറ്റയാള്‍ക്കും വാങ്ങിയയാള്‍ക്കും വേണ്ടി ഒപ്പ് വച്ച് നിര്‍മ്മിച്ചിരിക്കുന്ന വ്യാജ രേഖ ഉപയോഗിച്ചാണ് ഹാരിസണ്‍ മലയാളം കേരളത്തിലെ എല്ലാ ഭൂമിയിടപാടുകളും നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തി.
എസ്റ്റേറ്റുകള്‍ വിറ്റിരിക്കുന്നത് ലണ്ടനിലെ ഗ്രേറ്റ് ടവര്‍ റ്റിലുള്ള ദ മലയാളം റബ്ബര്‍ ആന്റ് പ്രൊഡ്യൂസേഴ്‌സ് എന്ന കമ്പനിക്കും വാങ്ങിയത് അതേ അഡ്രസ്സിലുള്ള മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡുമാണ്.
ഈ കരാറില്‍ വീണ്ടും കൃത്രിമം കാണിച്ചാണ് ഹാരിസണ്‍ നാല് എസ്റ്റേറ്റുകള്‍ വിറ്റിരിക്കുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി.
1920കളില്‍ തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്നത് ദീര്‍ഘവൃത്താകൃതിയില്‍ മുദ്ര പതിപ്പിച്ച മുദ്രപത്രങ്ങളായിരുന്നെങ്കില്‍ മെക്കയുടെ ഇംഗ്ലീഷിലുള്ള വ്യാജരേഖ ഡയമണ്ട് ആകൃതിയിലുള്ള മുദ്രപത്രത്തിലാണ്.
തിരുവിതാംകൂര്‍ രാജമുദ്രയായ വനംപിരി ശങ്കിന് പകരം ജോണ്‍ ബ്രിക്കിന്‍സണ്‍ കമ്പനിയെന്നാണ് വാട്ടര്‍മാര്‍ക്ക്. ഈ വ്യാജരേഖയില്‍ വീണ്ടും ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയായിരുന്നു എസ്റ്റേറ്റിന്റെ വില്‍പ്പന.
53 പേജുള്ള വ്യാജരേഖ കൂട്ടിച്ചേര്‍ക്കലുകളിലൂടെ 106 പേജുള്ള രേഖയാക്കി മാറ്റുകയാണ്ടായത്.
തിരുവിതാംകൂര്‍ മഹാരാജാവ് പാട്ടത്തിന് നല്‍കിയതാണ് ഈ എസ്റ്റേറ്റുകളെന്ന വസ്തുതയും ഹൈക്കോടതിയിലുള്ള കേസുകളും മറച്ചുവെച്ചായിരുന്നു വില്‍പ്പന. സെന്‍ട്രല്‍ സര്‍വേ ഓഫീസിലെ ഹാരിസണിന്റെ മാപ്പുകളും കമ്പനിക്ക് വേണ്ടി ചമച്ചതാണ്.
സര്‍വ്വേ, റീ സര്‍വ്വേ ഉദ്യോഗസ്ഥന്‍മാര്‍ ഹാരിസണിന്റെ വേലക്കാരെ പോലെ പ്രവര്‍ത്തിച്ചെന്നും വിജിലന്‍സ് കുറ്റപ്പെടുത്തി.
ഹാരിസണിന്റെ ഭൂമി തിരിച്ചു പിടിക്കാന്‍ നിയമ നടപടി സ്വീകരിക്കണം, എസ്റ്റേറ്റ് മാപ്പുകള്‍ മരവിപ്പിക്കുക, ഹാരിസണ്‍ ഭൂമി റീ സര്‍വ്വേ ചെയ്യുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ഇതിനിടെ വ്യാജരേഖകള്‍ ചമച്ച് ഭൂമി തട്ടിയ കേസില്‍ ഹാരിസണിനെതിരെ നടപടി ഉറപ്പാണെന്ന് റവന്യ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.