വ്യത്യസ്ത നര്‍മമുള്ള കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്ന നടനാണ് ഹരിശ്രീ അശോകന്‍. ഹരിശ്രീ അശോകന്റെ നിരവധി ഹ്യുമര്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ഇമോഷണല്‍ കഥാപാത്രവും പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടുണ്ട്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രത്തിലെ ഹരിശ്രീ അശോകന്റെ ദാസന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ദാസന്‍ എന്ന കഥാപാത്രം തന്റെ കരിയറില്‍ അതിനിര്‍ണായക വഴിത്തിരിവാണ് സമ്മാനിച്ചതെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറയുന്നുണ്ട്.
ചില സിനിമയില്‍ അഭിനയിക്കുമ്പോള്‍ മിന്നല്‍ മുരളിയിലെ കരച്ചില്‍ വേണമെന്ന് പറയുമെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. മിന്നല്‍ മുരളി ഒ.ടി.ടി റിലീസിന് പകരം തീയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ തന്റെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേനെ യെന്നും അങ്ങനെയെങ്കില്‍ ദാസനെ പോലെയുള്ള ക്യാരക്ടറുകള്‍ മുന്‍പേ വന്നേനെയെന്നും ഹരിശ്രീ അശോകന്‍ പറയുന്നുണ്ട്.
‘മിന്നല്‍ മുരളി എന്ന സിനിമയിലെ ദാസന്‍ എന്ന കഥാപാത്രം എന്റെ കരിയറിലും അതിനിര്‍നായകമായ വഴിത്തിരിവാണ് സമ്മാനിച്ചത്. ഇപ്പോള്‍ എന്റെ അരികില്‍ കഥ പറയാന്‍ വരുന്ന പലരും കഥാപാത്രത്തെ വിശദീകരിക്കുന്നത് ദാസനോട് താരതമ്യം ചെയ്താണ്. ‘മിന്നല്‍ മുരളിയിലെ കരച്ചില്‍ പോലെയാകണം’ എന്നാണ് ഒരു സിനിമയിലെ കരച്ചിലിനകത്ത് സംവിധായകന്‍ എന്നോട് ആവശ്യപ്പെട്ടത്.
മിന്നല്‍ മുരളിയിലെ എന്റെ കഥാപാത്രം കണ്ട് പെട്ടെന്ന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല എന്ന് പറഞ്ഞവരുണ്ട്. അത്തരം ഒരു കഥാപാത്രം അഭിനയ ജീവിതത്തിലെ വലിയ ഭാഗങ്ങളില്‍ ഒന്നാണ്. മിന്നല്‍ മുരളി ഒ.ടി.ടി റിലീസിന് പകരം തീയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ എന്റെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേനെ. അങ്ങനെയെങ്കില്‍ ദാസന്‍ പോലെയുള്ള കഥാപാത്രങ്ങള്‍ ഇതിനേക്കാള്‍ മുമ്പേ എന്നെ തേടിയെത്തിയേനെ,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
ഹരിശ്രീ അശോകന്റെ പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമയാണ് ‘എ രഞ്ജിത്ത് സിനിമ’. നിശാന്ത് സട്ടു സംവിധാനം ചെയ്ത ഈ സിനിമയില്‍ ഹരിശ്രീ അശോകന് പുറമെ ആസിഫ് അലി, സൈജു കുറുപ്പ്, ഹന്ന റെജി കോശി, നമിത പ്രമോദ്, ആന്‍സണ്‍ പോള്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.
content highlights: Harishree Ashokan talks about Minnal Murali movie