|

എന്റെയും അമ്പിളി ചേട്ടന്റെയും സിനിമകളില്‍ രണ്ട് ലൊക്കേഷനുകളിലും മാറിമാറി വന്ന് കല്‍പന അഭിനയിച്ചു: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഏതുതരത്തിലുള്ള വേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടിയായിരുന്നു കല്‍പന. ഹാസ്യത്തോടൊപ്പം തന്നെ ഗൗരവവേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിവുള്ള താരമായിരുന്നു അവര്‍.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും കല്‍പന അഭിനയിച്ചിരുന്നു. സ്വന്തം ശബ്ദത്തില്‍ തന്നെയായിരുന്നു അന്യ ഭാഷകളില്‍ അവര്‍ ഡബ്ബ് ചെയ്തിരുന്നത്. ഏത് ഭാഷയും അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നടി കൂടെയായിരുന്നു കല്‍പന.

ഇപ്പോള്‍ കല്‍പനയെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. തന്റെ ‘മഹാറാണി’ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരു കാലത്ത് എന്റെയും അമ്പിളി ചേട്ടന്റെയും (ജഗതി) ഉള്‍പ്പെടെ ഒരുപാട് പേരുടെ പെയറായി വന്നിരുന്നത് കല്‍പനയായിരുന്നു. ഒരിക്കല്‍ എന്റെയും അമ്പിളി ചേട്ടന്റെയും രണ്ട് സിനിമകള്‍ ഒരുമിച്ച് ഷൂട്ടിങ്ങ് വന്നു. ആ രണ്ട് സിനിമകളിലും കല്‍പനയായിരുന്നു ഞങ്ങളുടെ പെയറായിട്ട് വന്നിരുന്നത്.

ആ സിനിമകള്‍ക്ക് വേണ്ടി കല്‍പന രണ്ട് ലൊക്കേഷനുകളിലും മാറിമാറി വന്ന് അഭിനയിച്ചു. അമ്പിളി ചേട്ടന്റെ സിനിമയില്‍ ചേട്ടന്റെ ഭാര്യയായിട്ടും എന്റെ സിനിമയില്‍ എന്റെ കാമുകിയായിട്ടുമാണ് അഭിനയിച്ചിട്ടുള്ളത്.

കല്‍പനയെ പോലെയുള്ള ഒരു പെയറിനെ എനിക്ക് പിന്നെ ഒരിക്കലും കിട്ടിയിട്ടില്ല. കാരണം അതൊരു ഒന്നൊന്നര പെയറായിരുന്നു.

കല്‍പന പോയ ശേഷം പെയറില്ലാതെയായെന്ന് വേണം പറയാന്‍. ആ സ്ഥാനത്തേക്ക് മറ്റൊരു ആര്‍ട്ടിസ്റ്റില്ലാതെയായി. എനിക്ക് കല്‍പന പെയറായിട്ട് വന്നിട്ടുള്ളതും അല്ലാത്തതുമായ സിനിമകളുണ്ട്.

മറ്റൊരാള്‍ പെയറായിട്ട് വന്നിട്ടുള്ള എന്റെ സിനിമകള്‍ കാണുമ്പോള്‍ അതില്‍ കല്‍പനയായിരുന്നെങ്കില്‍ നന്നായേനെ എന്ന് പലരും പറഞ്ഞിട്ടുണ്ട്.

കല്‍പനയും ഞാനും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ വന്നിട്ടുള്ളത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയായിരുന്നു,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.


Content Highlight: Harishree Ashokan Talks About Kalpana And Jagathy