| Saturday, 9th December 2023, 3:38 pm

ആ സിനിമയുടെ സമയത്ത് താടിയുണ്ടായിരുന്നില്ല; ഇപ്പോള്‍ താടിയുള്ള അശോകന്‍ വേണമെന്ന് ആര്‍ക്കും നിര്‍ബന്ധമില്ല: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. അദ്ദേഹത്തിന്റേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘എ രഞ്ജിത്ത് സിനിമ’.

നിശാന്ത് സട്ടു സംവിധാനം ചെയ്ത ഈ സിനിമയില്‍ ഹരിശ്രീ അശോകന് പുറമെ ആസിഫ് അലി, സൈജു കുറുപ്പ്, ഹന്ന റെജി കോശി, നമിത പ്രമോദ്, ആന്‍സണ്‍ പോള്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ താടിയെ കുറിച്ച് സംസാരിക്കുകയാണ്. പണ്ട് പൊലീസുക്കാരനാവാനും സ്ത്രീവേഷം കെട്ടാനും കൃഷ്ണനാവാനും താടി വെക്കാനുള്ള അവകാശം തനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

‘സത്യം ശിവം സുന്ദരം സിനിമ മുതലാണ് ഞാന്‍ താടി എടുത്ത് കളയുന്നത്. അത് കഴിഞ്ഞിട്ട് ഞാന്‍ ഷൂട്ട് ചെയ്യാന്‍ പോയ സിനിമയാണ് ‘ഒരു നാടന്‍പെണ്ണും നാട്ടുപ്രമാണിയും’.

അവിടെ ചെന്നപ്പോള്‍ സംവിധായകന്‍ ഇതെന്താണ് താടിയില്ലേ എന്ന് ചോദിച്ചു. താടി കളഞ്ഞിട്ടും മീശ ഞാന്‍ വളര്‍ത്തിയിരുന്നു. കാരണം നാടന്‍പെണ്ണും നാട്ടുപ്രമാണിയിലും ജയറാമിന്റെ ഗുണ്ടയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്.

അതില്‍ താടിയില്ലെങ്കിലും മീശ ആവശ്യമായിരുന്നു. ഇല്ലെങ്കില്‍ ശരിയാവില്ലായിരുന്നു. അതോടെ താടിയില്ലാതെ എന്ത് ചെയ്യുമെന്നായി. എന്തിനാണ് താടി കളഞ്ഞതെന്ന് ചോദിച്ചപ്പോള്‍ പടത്തിന് വേണ്ടിയാണെന്ന് ഞാന്‍ പറഞ്ഞു.

അതോടെ സംവിധായകന് ഭയങ്കര സങ്കടമായി. അപ്പോള്‍ ഞാന്‍ ഒന്ന് മേക്കപ്പ് ചെയ്ത് വരാമെന്ന് പറഞ്ഞു. ഷോര്‍ട്ട് എടുത്ത് കൊണ്ടിരിക്കുമ്പോളായിരുന്നു അത്.

ഞാന്‍ പോയി മേക്കപ്പ് ചെയ്തു. മീശ പിരിച്ചു വെച്ചു, മുടിയുടെ മുന്നില്‍ ഒരു കുരുവി കൂട് പോലെയാക്കി. പിന്നെ ഒരു ജുബ്ബയൊക്കെ ഇട്ട്, ജുബ്ബയുടെ കൈ രമണനെ പോലെ മടക്കി വെച്ച് വന്നു.

ഷോര്‍ട്ട് എടുത്ത് കൊണ്ടു നിന്ന സംവിധായകന്‍ അത് കണ്ടതും ആ ലുക്ക് മതിയെന്ന് പറഞ്ഞു. എന്റെ ആ ലുക്ക് സിനിമയില്‍ ഏല്‍ക്കുകയും ചെയ്തു.

ഇപ്പോള്‍ താടിയുള്ള ഹരിശ്രീ അശോകന്‍ വേണമെന്നൊന്നും ആര്‍ക്കും നിര്‍ബന്ധമില്ല. താടി വെച്ചിട്ട് കുറച്ചു വേഷങ്ങളുണ്ട്, അതല്ലാതെ താടിയില്ലാതെ ചെയ്ത വേഷങ്ങളുമുണ്ട്.

പൊലീസ് വേഷങ്ങളും ഞാന്‍ ചെയ്തിരുന്നല്ലോ. പണ്ട് പൊലീസുക്കാരനാവാനും സ്ത്രീ വേഷം കെട്ടാനും കൃഷ്ണനാവാനും താടി വെക്കാനുള്ള അവകാശം എനിക്കേ ഉണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ രണ്ട് പൊലീസ് വേഷം കിട്ടിയിട്ടുണ്ട്. അതില്‍ ഒന്നില്‍ താടി വെയ്ക്കാം, അത് കഥക്ക് ആവശ്യമാണ്. അടുത്ത പൊലീസ് വേഷത്തിന് വേണ്ടി മിക്കവാറും ഞാന്‍ ഉടനെ താടിയെടുക്കും,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.


Content Highlight: Harishree Ashokan Talks About His Beard

We use cookies to give you the best possible experience. Learn more