അനിയത്തി പ്രാവ് ഷൂട്ടിന്റെ സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകന്‍. അന്ന് ഷൂട്ടിന് ശേഷം ഫഹദ് തങ്ങളെ ഐസ്‌ക്രീം കഴിക്കാനായി കൊണ്ടുപോകുമായിരുന്നുവെന്നും അദ്ദേഹം വേറെ ലെവലാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൊള്ളാച്ചിയില്‍ ശരിക്കും ഞങ്ങളുടെ സ്‌പോണ്‍സര്‍ ഫഹദാണ്. ഷൂട്ട് കഴിഞ്ഞാല്‍ എന്നേയും ചാക്കോച്ചനേയും ഫഹദ് കൊണ്ടുപോവും, ഐസ്‌ക്രീം കഴിക്കാന്‍. ഒരുപാട് ഐസ്‌ക്രീം മേടിച്ചുതരും. ഫഹദ് ആള് വേറെ ലെവലാണ്. ഡെയ്‌ലി അങ്ങനെയാണ്.
അനിയത്തി പ്രാവിലെ പാട്ട് സീനായിരുന്നു എന്റെ അവസാന ഷോട്ട്. അത് കഴിഞ്ഞപ്പോള്‍ എല്ലാവരും കയ്യടിച്ചു. അപ്പോള്‍ ഫാസില്‍ സാര്‍ അവിടെ ഇല്ല. അദ്ദേഹം മാറിനിന്ന് സിഗരറ്റ് വലിക്കുകയാണ്. അദ്ദേഹത്തിന് അടുത്തേക്ക് പോയി സാറെ എന്റെ കഴിഞ്ഞു എന്ന് പറഞ്ഞു. കഴിഞ്ഞോ, പോവാണോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു ടോണിലാണ് സാര്‍ ചോദിക്കുന്നത്. ഞാന്‍ കരഞ്ഞുപോയി. പൊട്ടിക്കരയുകയാണ് ഞാന്‍. ഭയങ്കര ടച്ചിങ്ങായിരുന്നു അപ്പോള്‍,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കടല്‍ കടന്നൊരു മാത്തുക്കുട്ടി, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങള്‍ ഓടുമായിരുന്നെങ്കില്‍ തന്റെ കരിയറില്‍ കുറച്ച് കൂടി നല്ല കഥാപാത്രങ്ങള്‍ കിട്ടുമായിരുന്നുവെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
‘ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം എനിക്ക് കിട്ടിയത് വളരെ നല്ലൊരു കഥാപാത്രമായിരുന്നു. മമ്മൂക്കക്ക് വേണ്ടി സംസാരിക്കുന്ന അല്ലെങ്കില്‍ മമ്മൂക്കയെ എന്തെങ്കിലും പറഞ്ഞാല്‍ ചോദിക്കാന്‍ ചെല്ലുന്ന കഥാപാത്രം ആയിരുന്നു അത്. ആ പടം ഹിറ്റായിട്ട് ഓടിയില്ല. അത്ര ഹിറ്റായിട്ട് ഓടിയിരുന്നെങ്കില്‍ കുറച്ചുകൂടി നല്ല കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയേനെ.
അതുപോലെ തന്നെയാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രം. അതിലും വളരെ വ്യത്യസ്തനായിട്ടുള്ള കഥാപാത്രം ആയിരുന്നു. അതും അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. അല്ലെങ്കില്‍ നമുക്ക് കുറച്ചുകൂടി നല്ല കഥാപാത്രങ്ങള്‍ കിട്ടിയേനെ. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന ഏഴെട്ടു സിനിമകള്‍ ഉണ്ട്. അതൊക്കെ വളരെ വ്യത്യസ്തമാണ്.
സിനിമകള്‍ ഓടിയാലേ നമ്മള്‍ ശ്രദ്ധിക്കപ്പെടൂ. ഗോഡ് ഫാദര്‍ എന്ന ചിത്രം ഓടിയതുകൊണ്ടാണ് ചെറിയ കഥാപാത്രം ആയിട്ട് കൂടി ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്. നേരെ മറിച്ച് ഒരു സിനിമയിലുടനീളം പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ട് അത് ഓടിയില്ലെങ്കില്‍ കാര്യമില്ലല്ലോ. സിനിമയുടെ സ്വഭാവമാണത്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
Content Highlight: Harishree Ashokan is sharing his experiences during the shoot of aniyathipravu