ഈ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതലാളുകള്‍ വായിച്ച ബെന്യാമിന്റെ നോവലിനെ സംവിധായകന്‍ ബ്ലെസിയായിരുന്നു ചലച്ചിത്രമാക്കിയത്. നജീബ് എന്ന ചെറുപ്പക്കാരന്റെ യഥാര്‍ത്ഥ ജീവിതമായിരുന്നു ആടുജീവിതം. സിനിമയില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നജീബായി എത്തിയത്.
ഏഴ് സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയ ആടുജീവിതം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രകടനമായിരുന്നു ആടുജീവിതം നടത്തിയത്.
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലേക്ക് ഹയാത്തില്‍ നിന്നും വിളിച്ച ടാക്‌സിയിലെ ഡ്രൈവര്‍ ആടുജീവിതത്തെ കുറിച്ച് സംസാരിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. താന്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞതോടെ മൊറോക്കോകാരനായ ഡ്രൈവര്‍ ആടുജീവിതത്തിലെ നജീബിന്റെ സ്ഥലത്ത് നിന്നാണല്ലേയെന്ന് ചോദിച്ചുവെന്നും ഹരീഷ് പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിലേക്ക് ഹയാത്തില്‍ നിന്നും വിളിച്ച ടാക്‌സിയിലെ ഡ്രൈവര്‍ എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ല. ഹിന്ദിയില്‍ എന്നോട് ഇന്ത്യക്കാരനാണോയെന്ന് ചോദിച്ചു. അതേയെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മൊറോക്കോയില്‍ നിന്നാണെന്ന് പറഞ്ഞു.
കുച്ച് കുച്ച് ഹോത്താഹേ ഉള്‍പ്പെടെയുള്ള ചില ഷാരൂഖ് ഖാന്‍ ചിത്രങ്ങളെ കുറിച്ചൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു. അതിന് ശേഷം ബോംബൈയില്‍ നിന്നാണോ എന്നായിരുന്നു ചോദ്യം. ‘അല്ല, കൊച്ചിയില്‍ നിന്നാണ്. കേരളത്തില്‍ നിന്നാണ്’ എന്ന് ഞാന്‍ പറഞ്ഞു.
ഗോട്ട് ലൈഫിലെ നജീബിന്റെ സ്ഥലത്ത് നിന്നാണല്ലേ എന്ന് അദ്ദേഹം ചോദിച്ചതും എനിക്ക് വലിയ സന്തോഷം തോന്നി. പിന്നീട് ഞങ്ങള്‍ അതിനെ പറ്റി സംസാരിച്ചു. ബ്ലെസിയെ പറ്റിയും നജീബിനെ പറ്റിയുമൊക്കെയായി സംസാരം. യഥാര്‍ത്ഥത്തിലുള്ള നജീബിനെ കണ്ടിരുന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ചോദ്യം.
നജീബിനെ കണ്ടിട്ടുണ്ടെന്നും അതിന്റെ എഴുത്തുകാരന്‍ എന്റെ സുഹൃത്താണെന്നും ഞാന്‍ പറഞ്ഞതോടെ അദ്ദേഹത്തിനും ഒരുപാട് സന്തോഷമായി. ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സമയത്ത് ബ്ലെസിയോടൊപ്പവും ബെന്യാമിന്റെ ഒപ്പവും എടുത്ത ഫോട്ടോകള്‍ ഞാന്‍ കാണിച്ചു കൊടുത്തു. അതുകണ്ടതോടെ അദ്ദേഹത്തിന് സന്തോഷമാകുകയും ഫോട്ടോ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
അദ്ദേഹം എല്ലാവരോടും അന്വേഷണം പറഞ്ഞു. കുറച്ച് ഹിന്ദി സിനിമകള്‍ കണ്ട അദ്ദേഹം ഗോട്ട് ലൈഫും കണ്ടുവെന്നും തന്നെ ഒരുപാട് മാറ്റിമറിച്ച സിനിമയാണ് അതെന്നും എന്നോട് പറഞ്ഞു. അത് കേട്ടതും മലയാളി എന്ന നിലയില്‍ എനിക്ക് സന്തോഷം തോന്നി. ബെന്യാമിനും ബ്ലെസിക്കും നന്ദി,’ ഹരീഷ് വാസുദേവന്‍ പറഞ്ഞു.
Content Highlight: Harish Vasudevan Talks About Aadujeevitham