| Friday, 14th December 2018, 9:43 pm

റാഫേല്‍ വിധി; കണ്ണടച്ചു വിശ്വസിക്കാന്‍ ആണെങ്കില്‍ എന്തിന് ജുഡീഷ്യല്‍ റിവ്യൂ

ഹരീഷ് വാസുദേവന്‍

റാഫേല്‍ ഡീലിനെപ്പറ്റിയുള്ള സുപ്രീം കോടതി വിധി വായിച്ചു.
3 കാര്യങ്ങളാണ് കോടതി പരിശോധിച്ചത്.

  • 1   നടപടിക്രമങ്ങള്‍ പാലിച്ചോ?

ഉത്തരം: വിശാലാര്‍ത്ഥത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. ചില പാളിച്ചകള്‍ ഉണ്ടെങ്കില്‍പ്പോലും അത് കരാര്‍ റദ്ദാക്കാനോ കോടതി വഴിയുള്ള വിശദമായ പരിശോധനയ്‌ക്കോ ഉതകുന്നില്ല. 3 അവസരങ്ങളിലേ സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ (IGA) ഉണ്ടാക്കാനാവൂ എന്നും അതിവിടെ ഉണ്ടായിട്ടില്ലെന്നുമാണ് പരാതിക്കാരുടെ വാദം.

രാജ്യങ്ങള്‍ തമ്മില്‍ യോജിച്ച സൈനികാഭ്യാസമൊക്കെ നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. രാജ്യത്തിനു ലാഭം കിട്ടിയെന്നും ഈ വിമാനങ്ങള്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഗുണനിലവാരത്തില്‍ ആര്‍ക്കും സംശയമില്ല. അത് മതി. കരാറിലെ വ്യവസ്ഥകള്‍ ഓരോന്നും അപ്പടി പാലിക്കപ്പെട്ടിട്ടുണ്ടോ എന്നു കോടതി നോക്കുന്നില്ല.

  •  വിലയിടല്‍ ക്രമാതീതമായി കൂടുതലാണ്.

ഉത്തരം : വിലയിടല്‍ സംബന്ധിച്ചു പരിശോധന വേണ്ടെന്നാണ് കോടതിയുടെ ആദ്യം മുതല്‍ക്കുള്ള നിലപാട്. എന്നിട്ടും കോടതിക്ക് സീല്‍ ചെയ്ത കവറില്‍ സര്‍ക്കാര്‍ ചില വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടു, സര്‍ക്കാര്‍ നല്‍കി. പാര്‍ലമെന്റിനു പോലും ഇതിന്റെ വിശദാംശങ്ങള്‍ കൊടുത്തിട്ടില്ല. CAG യ്ക്ക് കൊടുത്തു. CAG റിപ്പോര്‍ട്ട് രഹസ്യമായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയ്ക്ക് നല്‍കി. അവരുടെ റിപ്പോര്‍ട്ടിന്റെ ഒരു ഭാഗമേ പാര്‍ലമെന്റിലും പബ്ലിക് ഡൊമൈനിലും വെച്ചിട്ടുള്ളൂ. വിലനിലവാര കണക്കുകള്‍ സീല്‍ഡ് കവറില്‍ കോടതിക്ക് കിട്ടി. ഇതൊന്നും വിശദമായി പരിശോധിക്കലല്ല കോടതിയുടെ പണി. അതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല.

  • 3  ദസാള്‍ട്ട് റിലയന്‍സിനെ തിരഞ്ഞെടുത്തതില്‍

ഉത്തരം: രേഖകള്‍ പ്രകാരം അതില്‍ സര്‍ക്കാരിന് റോളില്ല. അത് ദസാള്‍ട്ടിന്റെ കച്ചവട തീരുമാനം. വെണ്ടറുടെ ഔദ്യോഗിക അപേക്ഷ കിട്ടുംവരെ സര്‍ക്കാരിന് റോളില്ല. മാധ്യമവാര്‍ത്തകള്‍ ഇരുരാജ്യങ്ങളും നിഷേധിച്ചതാണ്. അതുമാത്രം വെച്ച് നിഗമനങ്ങളില്‍ എത്താന്‍ കഴിയില്ല.

Read Also : റഫാലില്‍ പിന്നോട്ടില്ല, റിവ്യൂ ഹരജിയുടെ കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

അതിനാല്‍, ഇപ്പോഴുള്ള തെളിവുകള്‍ വെച്ച് പ്രാഥമികമായി നോക്കുമ്പോള്‍, കോടതിയുടെ ഒരിടപെടലും ആവശ്യമുള്ളതായി തോന്നുന്നില്ല. പ്രത്യേകിച്ചും ഇങ്ങനെ സെന്‍സിറ്റിവ് ആയ വിഷയത്തില്‍.

വിധിയെപ്പറ്റി എന്റെ അഭിപ്രായം.

ഇതുവരെ ഇല്ലാത്ത CAG റിപ്പോര്‍ട്ട്, പാര്‍ലമെന്ററി അക്കൗണ്ട്‌സ് സമിതി റിപ്പോര്‍ട്ട് എന്നിവ കണ്ടെന്നാണ് കോടതി അവകാശപ്പെടുന്നത്. അത് മാത്രം മതി ഈ കോടതിവിധിയുടെ വിശ്വാസ്യത തകരാന്‍. സീല്‍ വെച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് ആര്‍ട്ടിക്കിള്‍ 32 അധികാരം ഉപയോഗിച്ചാല്‍ എന്ത് സുതാര്യതയാണ് ആ നടപടിക്ക് ഉള്ളത്?

നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കാനല്ല, കോടതി അന്വേഷിക്കാന്‍ പോലുമല്ല, അന്വേഷണ ഏജന്‍സിയെക്കൊണ്ടു അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടത്. എന്തുകൊണ്ട് അത് വേണ്ട എന്നു യുക്തിസഹമായി ഒരിടത്തും പറഞ്ഞു കണ്ടില്ല.

സര്‍ക്കാര്‍ പറഞ്ഞു സര്‍ക്കാര്‍ പറഞ്ഞു എന്നു പറഞ്ഞു ഓരോ വിഷയത്തെയും മടക്കാനല്ലല്ലോ ജുഡീഷ്യല്‍ റിവ്യൂ. അതിന്റെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍ ഭയം എന്തിന്? കണ്ണടച്ചു വിശ്വസിക്കാന്‍ ആണെങ്കില്‍ എന്തിന് ജുഡീഷ്യല്‍ റിവ്യൂ?

4 വര്‍ഷമായി ഒരു ബോട്ട് പോലും ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ നിക്ഷേപ തുക സര്‍ക്കാര്‍ തിരിച്ചു പിടിച്ച തട്ടികൂട്ട് കമ്പനി റിലയന്‍സിനെ ഫ്രഞ്ച് കമ്പനി സ്വമേധയാ കണ്ടെത്തി എന്നൊക്കെ വിശ്വാസിക്കാനുള്ള സ്വാതന്ത്ര്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് വിടുന്നു.

ഹരീഷ് വാസുദേവന്‍

We use cookies to give you the best possible experience. Learn more