മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിമാസ ശമ്പളം വെറും 28,600 രൂപ!അരിയാഹാരം കഴിക്കുന്നവരില്‍ എത്ര പേര്‍ വിശ്വസിക്കുമിത്? ഉമ്മന്‍ചാണ്ടിയുടെ സത്യാവാങ്മൂലത്തിനെതിരെ ഹരീഷ് വാസുദേവന്‍
Kerala Election 2021
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിമാസ ശമ്പളം വെറും 28,600 രൂപ!അരിയാഹാരം കഴിക്കുന്നവരില്‍ എത്ര പേര്‍ വിശ്വസിക്കുമിത്? ഉമ്മന്‍ചാണ്ടിയുടെ സത്യാവാങ്മൂലത്തിനെതിരെ ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st March 2021, 5:06 pm

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച സത്യാവാങ്മൂലത്തിലെ സ്വത്ത് വിവര കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷിന്റെ വിമര്‍ശനം.

മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അദ്ദേഹം അവസാനമായി നികുതി റിട്ടേണ്‍ നല്‍കിയതെന്നും ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘2014-15 വര്‍ഷം ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വര്‍ഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേണ്‍ അവസാനമായി നല്‍കിയത്. ഒരു മുഖ്യമന്ത്രിക്ക് ശമ്പളം എത്രയാണെന്ന് അറിയാമല്ലോ. എന്നാല്‍ അദ്ദേഹം 2014-15 ലെ റിട്ടേണില്‍ വാര്‍ഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപ. അതായത്, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ. 50 വര്‍ഷമായി അദ്ദേഹം പുതുപ്പള്ളി MLA ആണ്. 50 വര്‍ഷത്തെ MLA പെന്‍ഷന്‍, ഒരാള്‍ക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്നു നിയമസഭാ വെബ്സൈറ്റ് പറയുന്നു’. ഹരീഷ് പറഞ്ഞു.

ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മാന്യനായി ചമഞ്ഞ് ഒരു ജനതയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മാറുന്നെങ്കില്‍, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണമെന്നും അല്ലെങ്കില്‍ അയാളുടെ ഈ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടത് കൊണ്ടാവണമെന്നും ഹരീഷ് പറഞ്ഞു.

‘പൊതുജീവിതത്തില്‍ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നയിക്കുന്നത്’? ഹരീഷ് ഫേസ്ബുക്കിലെഴുതി.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ഉമ്മന്‍ചാണ്ടിയുടെ വരുമാനം.

2014-15 വര്‍ഷം ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ വര്‍ഷമാണ് അദ്ദേഹം വരുമാന നികുതി റിട്ടേണ്‍ അവസാനമായി നല്‍കിയത്. ഒരു മുഖ്യമന്ത്രിക്ക് ശമ്പളം എത്രയാണെന്ന് അറിയാമല്ലോ. എന്നാല്‍ അദ്ദേഹം 2014-15 ലെ റിട്ടേണില്‍ വാര്‍ഷിക വരുമാനമായി കാണിച്ചത് വെറും 3,42,230 രൂപ !

അതായത്, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം വെറും 28,600 രൂപ !

50 വര്‍ഷമായി അദ്ദേഹം പുതുപ്പള്ളി MLA ആണ്. 50 വര്‍ഷത്തെ MLA പെന്‍ഷന്‍ ഒരാള്‍ക്ക് പ്രതിമാസം ഏതാണ്ട് 50,000 രൂപ കിട്ടുമെന്നു നിയമസഭാ വെബ്സൈറ്റ് പറയുന്നു.

2015 നു ശേഷം ഉമ്മന്‍ചാണ്ടി വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല

മകന്‍ ചാണ്ടി ഉമ്മന്‍ വക്കീലാണ്. 2020 റിട്ടേണ്‍ അനുസരിച്ച് പ്രതിമാസ വരുമാനം 11,811 രൂപ

മലയാളമനോരമ എത്ര തള്ളിയാലും, ഉടുപ്പ് കീറി നടന്നാലും, വസ്തുതകള്‍ സ്വന്തം ഒപ്പുള്ള സത്യവാങ്മൂലമായി ഇലക്ഷന്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ വരും. സത്യം നമ്മെ നോക്കി പല്ലിളിക്കും

അരിയാഹാരം കഴിക്കുന്നവരില്‍ എത്രപേര്‍ ഈ കണക്ക് വിശ്വസിക്കും???

ഒരേ സമയം സ്വന്തം ജനതയോട് കള്ളം പറയുകയും, അതേസമയം നികുതി വെട്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മാന്യനായി, ഒരു വലിയ ജനതയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഒക്കെയായി മാറുന്നെങ്കില്‍, ആ ജനത അടിസ്ഥാനപരമായി തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന, ഇന്റഗ്രിറ്റി ഇല്ലാത്ത ജനത ആയിരിക്കണം. അല്ലെങ്കില്‍ അയാളുടെ ഈ മുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാന്‍ മറ്റു പാര്‍ട്ടികള്‍ പരാജയപ്പെട്ടത് കൊണ്ടാവണം.

പൊതുജീവിതത്തില്‍ അടിസ്ഥാന സത്യസന്ധത കാണിക്കാത്ത മനുഷ്യരെങ്ങനെയാണ് ഒരു സംസ്ഥാനത്തെ സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നയിക്കുന്നത്?

അഡ്വ.ഹരീഷ് വാസുദേവന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Harish Vasudevan Slams Ummen Chandy