പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംരക്ഷിക്കുകയാണെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ വിഷയത്തില്‍ തുടക്കം മുതല്‍ ഇടപെട്ട സാമൂഹികപ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു.
* പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഈ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ അതില്‍ തുടക്കം മുതല്‍ ഇടപെട്ട വ്യക്തിയെന്ന നിലയ്ക്ക് താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?
20 മണിക്കൂറിലധികം നമ്മുടെ ചാനലുകള്‍ പ്രൈംടൈമില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടും പിന്നെയും പാലത്തിന്റെ നിര്‍മാണത്തില്‍ കമ്പിയോ സിമന്റോ ചേര്‍ക്കുന്നതില്‍ മന്ത്രിക്കെന്താണ് പങ്ക് എന്ന അസംബന്ധമാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. പാലാരിവട്ടം പാലം നമ്മള്‍ സര്‍ക്കാര്‍ ചെലവില്‍ പണിതു. അത് പൊളിഞ്ഞു. പൊളിഞ്ഞതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായി. അതെല്ലാവര്‍ക്കുമറിയാം.
നമ്മള്‍ സാധാരണക്കാരുടെ കണ്ണിലൂടെ കാണുന്ന അഴിമതിയല്ല അഴിമതി തടയല്‍ ആക്ടിന്റെ കീഴിലുള്ള അഴിമതി. രണ്ടും രണ്ടാണ്. നമ്മളെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ പണിഞ്ഞ പാലം പൊളിഞ്ഞത് വലിയ നഷ്ടമുണ്ടാക്കി. ഏതു സാധാരണക്കാരനും പറയും അതില്‍ അഴിമതി നടന്നിട്ടുണ്ട് എന്ന്. അതുപക്ഷേ രാഷ്ട്രീയമായ അഴിമതിയാണ്. ഭരണപരമായ അഴിമതിയാണ്. എന്നു പറഞ്ഞാല്‍ ചീഫ് സെക്രട്ടറി മുതല്‍ തൂപ്പുകാരന്‍ വരെയുള്ള ഉദ്യോഗസ്ഥ സംവിധാനത്തെ എങ്ങനെ ഉപയോഗിക്കണമെന്നും അവരെക്കൊണ്ട് എന്തു ചെയ്യിക്കണമെന്നും മന്ത്രിയാണ് തീരുമാനിക്കുന്നത്. ആ മന്ത്രിക്ക് പറ്റിയ വീഴ്ചയാണ്, ആ സര്‍ക്കാരിന് പറ്റിയ വീഴ്ചയാണ് പാലാരിവട്ടം പാലത്തില്‍ വന്ന വീഴ്ച.
ആ അര്‍ഥത്തില്‍ അത് ഭരണപരവും രാഷ്ട്രീയപരവുമായ വലിയ അഴിമതിയാണ്. ചെയ്യേണ്ട പണി ചെയ്തില്ല, അല്ലെങ്കില്‍ ചെയ്യേണ്ട പണി ചെയ്യാതിരിക്കാന്‍ സാമ്പത്തിക ലാഭമുണ്ടാക്കി എന്ന തരത്തിലുള്ള അഴിമതി. അഴിമതി തടയല്‍ ആക്ടിനു കീഴില്‍ വിജിലന്‍സ് ഈ കേസ് പരിഗണിച്ചത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ്.
അവര്‍ മൂന്നുതരത്തിലുള്ള അഴിമതിയാണ് ഈ കേസില്‍ കണ്ടത്. ഒന്ന് മൊബിലൈസേഷന് അഡ്വാന്‍സ് കൊടുക്കാതെ ഈ പാലത്തിന്റെ നിര്‍മാണം നടത്തണം എന്ന് നിഷ്‌കര്‍ഷിച്ച ഒരു സര്‍ക്കാര്‍. ആ നിബന്ധന ഉള്ളതുകൊണ്ട് (മുന്‍കൂറായി പണം കിട്ടില്ല) നിര്‍മാണം പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ മാത്രമേ പണം കിട്ടുകയുള്ളു. അപ്പോള്‍ സ്വാഭാവികമായിട്ടും സ്വന്തം റിസ്‌കില്‍ പണം കണ്ടെത്തി പണിയണം. അപ്പോഴേ സര്‍ക്കാര്‍ പണം കൊടുക്കൂ. സ്വാഭാവികമായും അതിന്റെ പലിശ, ഈ പ്രോജക്ടിന്റെ തുകയായിട്ട് ഈടാക്കേണ്ടി വരും. പല കമ്പനികളും അതിന് തയ്യാറാകില്ല. ചെറിയാന്‍ വര്‍ക്കി ഉള്‍പ്പടെയുള്ള കമ്പനികള്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് കിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ പിന്‍വാങ്ങുന്നു.
അവിടെയാണ് ആര്‍.ഡി.എസ് എന്ന കമ്പനിയെ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ ആ തീരുമാനത്തിനു മുമ്പുതന്നെ ദേശീയപാതാ അതോറിറ്റി ദേശീയപാതയുടെ സ്ഥലത്ത് പണിയേണ്ട ഒരു പാലമായിരുന്നു ഇത്. സര്‍ക്കാര്‍ ഇരുഭാഗങ്ങളിലും സ്ഥലം അളന്നെടുത്ത് നാലുവരിയില്‍ അല്ലെങ്കില്‍ ആറുവരിയില്‍ പണിയേണ്ടുന്ന ഒരു പാലമായിരുന്നു. ഈ ഭൂമിയേറ്റെടുക്കലും നിര്‍മാണത്തിനുമെല്ലാം കൂടിയാണ് അവര്‍ ടോള്‍ പിരിക്കുന്നത്. ആ ടോള്‍ പിരിക്കേണ്ടതൊഴിച്ച് ബാക്കിവരുന്ന തുകയെല്ലാം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് തരേണ്ടുന്ന പണമാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടേണ്ടുന്ന പണം വേണ്ടെന്നുവെയ്ക്കുകയും അങ്ങോട്ടുപോയി ഏറ്റെടുക്കുകയും ചെയ്ത ഒരു പാലമാണ് പാലാരിവട്ടം പാലം.
രണ്ടു വരിയിലാണ് നമ്മള്‍ ഇത് പണിതിരിക്കുന്നത്. ഇതോടുകൂടി ദേശീയപാത നാളെ നാലു വരിയായി വികസിപ്പിക്കുമ്പോള്‍ പാലാരിവട്ടത്തു മാത്രം രണ്ടുവരിയുള്ള ഒരു മേല്‍പ്പാലം മാത്രമാവും ഉണ്ടാവുക. പത്തുകൊല്ലത്തിന് അപ്പുറത്തേക്കുള്ള ഒരു വികസനത്തിന് പാലാരിവട്ടത്തിന് കൊടുക്കുന്ന ഏറ്റവും മോശം സംഭാവനയായിരിക്കും ഒരുപക്ഷേ ഈ പാലം.
ഏതായാലും എന്‍.ഒ.സി പോലും വാങ്ങാന്‍ നില്‍ക്കാതെ നമ്മളങ്ങോട്ടു പോയി ബുദ്ധിമുട്ട് ഏറ്റുവാങ്ങുന്നു. അതിനുശേഷമാണ് ഈ പ്രീ ബിഡ്ഡിങ്ങ് സമയത്ത് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കില്ല എന്ന കരാര്‍ വെക്കുന്നത്. അങ്ങനെ ആര്‍.ഡി.എസുമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കില്ല എന്ന കരാര്‍ വെക്കുന്നത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡിവലപ്മെന്റ് കോര്‍പറേഷന്‍ (ആര്‍.ബി.ഡി.സി) ആണ്.
ആര്‍.ബി.ഡി.സിക്ക് പണം കൊടുക്കുന്നത് സര്‍ക്കാരിന്റെ മറ്റൊരു ഏജന്‍സിയായിട്ടുള്ള റോഡ് ഡെവലപ്മെന്റ് ബോര്‍ഡാണ്. ഈ ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നത് അന്നത്തെ പി.ഡബ്ല്യു.ഡി സെക്രട്ടറിയായിട്ടുള്ള സൂരജ് തന്നെയാണ്. അതിന്റെ ചെയര്‍മാന്‍ പി.ഡബ്ല്യു.ഡി മന്ത്രിയാണ്. ആര്‍.ബി.ഡി.സിയുടെ ചെയര്‍മാനും അന്നത്തെ പി.ഡബ്ല്യു.ഡി മന്ത്രിയാണ്. മന്ത്രിയുടെ സാന്നിധ്യത്തിലാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കില്ലെന്ന തീരുമാനമുണ്ടാവുന്നത്.
അപ്പോള്‍ ഇതെല്ലാം നില്‍ക്കുമ്പോഴാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് ആവശ്യപ്പെട്ടുകൊണ്ട് ആര്‍.ഡി.എസ് കത്ത് കൊടുക്കുന്നത്. അത് മുഹമ്മദ് ഹനീഷിന്റെ കീഴിലുള്ള റോഡ്സ് ആന്‍ഡ് ബ്രഡ്ജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിലേക്ക് ഫോര്‍വേഡ് ചെയ്തു. കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടാണോ അല്ലോ അതയച്ചത് എന്ന തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാലും ഫോര്‍വേഡ് ചെയ്തു. അവിടെ വെച്ചുതന്നെ നിരാകരിക്കേണ്ട ഫയല്‍ സര്‍ക്കാരിലേക്കെത്തുന്നു.
ആ ഫയലില്‍ അനുകൂല തീരുമാനമെഴുതി മന്ത്രിക്ക് ഫോര്‍വേഡ് ചെയ്ത പണിയാണ് ടി.ഒ സൂരജ് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ കരാറിന് വിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കാം. 8.25 കോടി രൂപ കൊടുക്കാമെന്ന് മന്ത്രി ഫയലിലെഴുതുന്നു. ടി.ഒ സൂരജ് ഉത്തരവിറക്കുന്നു. അവിടെയാണ് ഒന്നാമത്തെ അഴിമതി വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നത്. കരാര്‍ അനുസരിച്ച് കൊടുക്കണ്ടാത്ത പണം കൊടുത്ത് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി. ഇതില്‍ കമ്പിയും സിമന്റുമില്ല. ഈ അഴിമതി മാത്രം തെളിയിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട ആളുകളെ മുഴുവന്‍ ശിക്ഷിക്കാനുള്ള ക്രിമിനല്‍ കേസായി.
അതിലാണ് മന്ത്രിയുടെ റോള്‍ ഉണ്ടെന്ന് പറയുന്നത്. മന്ത്രിയുടെ റോള്‍ ഇപ്പോഴും വിജിലന്‍സിന് മനസിലായിട്ടില്ലെങ്കിലും പി.ഡബ്ല്യു.ഡി സെക്രട്ടറിയുടെ പങ്ക് ബോധ്യമായിട്ടുണ്ട്. ഈ സ്റ്റേജിനെപറ്റി മിണ്ടാതെയാണ് ഈ കേരളത്തിലെ ചാനല്‍ ചര്‍ച്ചകള്‍ മുഴുവന്‍ നടത്തുമ്പോള്‍ പറയുന്നത് കമ്പിയും സിമന്റും ചേര്‍ത്തത് ഉദ്യോഗസ്ഥരല്ലേ, രാഷ്ട്രീയത്തിനെന്താണ് ഉത്തരവാദിത്തം എന്ന്.
രണ്ടാമത്തെ ആക്ഷേപം ഈ മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തപ്പോള്‍ ആര്‍.ഡി.എസ് കമ്പനിയില്‍ നിന്ന് ഏഴ് ശതമാനം പലിശ ഈടാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുന്നു. തീരുമാനം ഫയലില്‍ എഴുതുന്നത് ടി.ഒ സൂരജാണ്. ഒരു ശതമാനം പോലും പലിശ ഈടാക്കാന്‍ മന്ത്രി പറഞ്ഞിട്ടില്ല. അവിടെയാണ് ഏഴു ശതമാനം പലിശ ഈടാക്കിയാല്‍ മതിയെന്ന് ടി.ഒ സൂരജ് പറയുന്നത്.
സൂരജിന്റെ ഭാഷയില്‍ ഞാന്‍ ഏഴെങ്കിലും പറഞ്ഞല്ലോ എന്നാണ്. 14 ശതമാനം പലിശക്ക് എടുത്ത പണമാണ് സര്‍ക്കാര്‍ ഈ കമ്പനിയുടെ ആവശ്യങ്ങള്‍ക്കായി കൊടുക്കുന്നത്. കിഫ്ബിയിലാണെങ്കില്‍ ഒന്‍പത് ശതമാനം പലിശയാണ് നമ്മള്‍ പറയുന്നത്. അപ്പോള്‍ ഈ ഒന്‍പതോ പതിനാലോ ശതമാനം പലിശയ്‌ക്കെടുക്കുന്ന പണം, അല്ലെങ്കില്‍ സ്വകാര്യ കമ്പനി ബാങ്കുകളോട് ചോദിച്ചാല്‍ 14 ശതമാനത്തിന് മാത്രം കിട്ടുന്ന എട്ടേകാല്‍ കോടി രൂപ, സര്‍ക്കാര്‍ കൊടുക്കുന്നു ഏഴു ശതമാനത്തിന്. അവിടെ വീണ്ടും നഷ്ടമുണ്ടാവുന്നു. അപ്പോള്‍ ഈ രണ്ടു നഷ്ടങ്ങള്‍ ഫയലുകള്‍ക്കകത്ത് തന്നെ ബോധ്യപ്പെടാവുന്ന നഷ്ടമാണ്. ഒരു പരിശോധനയോ, പാലത്തിന്റെ മേലെ കുത്തിയോ കിളച്ചോ നോക്കേണ്ടി വരില്ല. ഈ ഫയലെല്ലാം വിജിലന്‍സ് കണ്ടിട്ടുണ്ട്. ഈ ആളുകളെല്ലാം പ്രതിയാവണം.
ഇത് ചിലരെ സെലക്ടീവായി പ്രതി സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തി കുറ്റപത്രം സമര്‍പ്പിക്കാനുള്ള അല്ലെങ്കില്‍ അന്വേഷണം പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് വിജിലന്‍സ് നടത്തുന്നത്. ഈ ആളുകളെ അറസ്റ്റു ചെയ്തിട്ട് അവര്‍ ഇപ്പോള്‍ കോടതിയിലവര്‍ പറയുന്നത് ഇവര്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കും എന്നാണ്. തെളിവു നശിപ്പിക്കേണ്ട പ്രധാനപ്പെട്ട ആളുകള്‍ പുറത്തു നില്‍ക്കുന്നുണ്ട്. തലയും വാലും. അതുകൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ ഒന്നാം ഘട്ട അന്വേഷണം പോലും തൃപ്തികരമല്ല എന്ന് എന്നെപ്പോലുള്ള ആളുകള്‍ പറയുന്നത്.
ഇതില്‍ രണ്ടാമത്തെ ഘട്ടം എല്ലാവര്‍ക്കും അറിയാം. പാലം പണിതതിലുള്ള വീഴ്ചയാണ്. എക്സിക്ക്യൂഷന്‍ ഓഫ് എഗ്രിമെന്റ്. അതില്‍ മേല്‍നോട്ടം വഹിച്ച ആളുകള്‍ക്കും പങ്കുണ്ട്, കിറ്റ്കോ എന്ന സ്ഥാപനമാണ് ഇതിന്റെ ഡിസൈന്‍ ഉണ്ടാക്കിയതും കണ്‍സള്‍ട്ടന്‍സി നടത്തിയതും. അവര്‍ക്കതില്‍ പങ്കുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമായിട്ടുള്ളൊരു സ്വാകാര്യ ഏജന്‍സി ഇതിന്റെ പണി ചെയ്തിട്ടുണ്ട്. അവര്‍ക്കിതില്‍ പങ്കുണ്ട്. ഈ പ്രധാനപ്പെട്ട ഡിസൈനില്‍ വന്ന വീഴ്ച കമ്പനി ചൂണ്ടിക്കാണിച്ചു. ഇത് ശരിയല്ല. എന്നാല്‍ അത് തുടരാനാണ് അവരോട് പറഞ്ഞത്.
സ്വകാര്യ കമ്പനി പോലും ചൂണ്ടിക്കാണിച്ചിട്ട് തിരുത്താത്ത സാഹചര്യമുണ്ടായി. ഇതേ സര്‍ക്കാരിന്റെ അതായത് യു.ഡി.എഫ് സര്‍ക്കാരിന്റെ സമയത്ത് പി.ഡബ്ല്യൂ.ഡി മന്ത്രിയുടെ ഓഫീസില്‍ നി്ന്ന് നടന്ന അഴിമതിയെപ്പറ്റി കെ.ബി ഗണേശ് കുമാര്‍ നിയമസഭയില്‍ അന്ന് അക്കമിട്ട് തെളിവുകള്‍ നിരത്തിക്കൊണ്ട് വാദിച്ചു. അന്ന് എല്ലാവരും കെ.ബി ഗണേശ് കുമാറിനെ നിശബ്ദനാക്കാനാണ് നോക്കിയത്. സി.പി.ഐ.എം പോലും അത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയില്ല എന്നു നമ്മള്‍ ഓര്‍ക്കണം. ഒരു വിജിലന്‍സ് അന്വേഷണം പോലും അന്ന് സി.പി.ഐ.എം ആവശ്യപ്പെടുകയോ അതിനുവേണ്ടി കത്തുകൊടുക്കുകയോ ചെയ്തില്ല എന്നു നമ്മള്‍ ഓര്‍ക്കണം. ഗണേശ് കുമാറിനെ മറ്റു കേസുകള്‍ പറഞ്ഞ് നിശബ്ദനാക്കാനാണ് എല്ലാവരും ശ്രമിച്ചത്.
ഇത്തരം തെളിവുകളുമായി കൂട്ടിവായിക്കുമ്പോള്‍ മറ്റൊരു സംഭവം കൂടിയുണ്ട്. കൊച്ചിന്‍ കോര്‍പറേഷന്‍ ഇതു സംബന്ധിച്ച് ഒരു യോഗം ചേര്‍ന്ന് ഈ പാലം കേന്ദ്ര സര്‍ക്കാരിന്റെ ജന്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിയണം എന്നു പറയുകയും അന്നത്തെ മേയറായിട്ടുള്ള ടോണി ചെമ്മണി ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. ടോണി ചെമ്മണിക്കെതിരേ രംഗത്തു വന്നത് ഇബ്രാഹിം കുഞ്ഞാണ്. ഇത് കൊച്ചിന്‍ കോര്‍പറേഷന്റെ പണിയല്ല, ഉത്തരവാദിത്തമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് അതില്‍ അഭിപ്രായം പറയേണ്ട എന്ന മട്ടിലാണ് അന്ന് ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചത്.
അപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലേ പണിയൂ എന്ന വാശി ഇബ്രാഹിം കുഞ്ഞിനുണ്ടായിരുന്നു എന്നത് ഇതിനൊക്കെ തെളിവാണ്. കേസന്വേഷണം അങ്ങോട്ടേക്കൊന്നും പോയിട്ടില്ല. ഇനി 30 ശതമാനം പണി പൂര്‍ത്തീകരിച്ചത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. അതുകൊണ്ട് ഇടതു പക്ഷ സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്തമുണ്ട് എന്ന വാദം യുഡിഎഫ് മുന്നോട്ടു വെക്കുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് 30 ശതമാനത്തില്‍ നടന്ന മേല്‍ നോട്ടത്തിലും പിഴവുണ്ട്.
ആ പിഴവ് പക്ഷേ മന്ത്രിതലത്തിലോ സെക്രട്ടറിതലത്തിലോ പരിശോധിക്കേണ്ടുന്ന ഒന്നല്ല. അത് താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ഇടയില്‍ മാത്രം പരിശോധിക്കപ്പെടേണ്ട സംഗതിയാണ്. ആ പരിശോധന നടത്തി വീഴ്ച വരുത്തിയ ആളുകളെയെല്ലാം തീര്‍ച്ചയായും ഇവിടെ പ്രതിസ്ഥാനത്ത് കൊണ്ടുവരേണ്ടതാണ്. ടി.ഒ സൂരജ് ജി.ഒ (സര്‍ക്കാര്‍ ഉത്തരവ്) ഇട്ടതിനുശേഷം അയാള്‍ മാറി എന്നതൊന്നും ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ന്യായീകരണങ്ങളല്ല.
മൊത്തത്തില്‍ നോക്കുമ്പോള്‍ പാലാരിവട്ടം പാലം പൊളിഞ്ഞുവീണതല്ല ഇപ്പോള്‍ വിജിലന്‍സിന്റെ പ്രധാനപ്പെട്ട അന്വേഷണത്തിനു കാരണമായിരിക്കുന്നത്, മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തതും പലിശ വാങ്ങാത്തതും ഒക്കെയാണ്. അതൊക്കെ സുതാര്യമായി ചെയ്തിരുന്നെങ്കില്‍ ഇത്രയും വലിയ പാലം പൊളിഞ്ഞുവീണിട്ട് ഒന്നും ചെയ്യാന്‍ പറ്റാതെ നോക്കിനില്‍ക്കുന്ന സാഹചര്യത്തിലേക്കു വിജിലന്‍സ് പോകുമായിരുന്നു, കാരണം നമ്മുടെ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിന്റെ പ്രൊവിഷന്‍സ്, ബി.ജെ.പി സര്‍ക്കാര്‍ ലഘൂകരിച്ച ശേഷമുള്ള പ്രൊവിഷന്‍സ് വളരെ ദുര്‍ബലമാണ്.
ഇനി ഈ കേസ് സത്യസന്ധമായി അന്വേഷിക്കപ്പെട്ടു എന്നിരിക്കട്ടെ, ഈ ആളുകള്‍ ശിക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. ഇവര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താന്‍ സര്‍ക്കാരിന്റെ അനുമതി വേണം. പ്രാഥമികാന്വേഷണം കഴിഞ്ഞ് എഫ്.ഐ.ആറിടാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. പ്രാഥമികാന്വേഷണം കഴിഞ്ഞ് എഫ്.ഐ.ആറിട്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവ് വേണം. ഈ മൂന്നു ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് കിട്ടാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. ഇതോരോ പ്രാവശ്യവും ചോദ്യംചെയ്ത് അവര്‍ക്ക് സുപ്രീംകോടതിയില്‍ പോകാം. ഈ കണ്ണികള്‍ കൃത്യമല്ലെങ്കില്‍ തീര്‍ച്ചയായും ഈ കേസുകളെല്ലാം വിട്ടുപോകും. ഇവരെ കുറച്ചുകാലം നടത്താം എന്നു മാത്രമേയുള്ളൂ.
പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് അഴിമതി തടയുന്നതിനോ അഴിമതിക്കാരെ പിടിക്കുന്നതിനോ പര്യാപ്തമല്ലാത്ത വിധം ലഘൂകരിക്കപ്പെട്ടിരിക്കുന്നു. നേരത്തേ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അതിലെ ഉദ്യോഗസ്ഥരോ നിയമവിരുദ്ധമായി എടുക്കുന്ന ഒരു തീരുമാനത്തിന്, അതിന്റെ സാമ്പത്തികലാഭം ഒരു മൂന്നാംകക്ഷിക്കു കിട്ടിയാല്‍ അതൊരു അഴിമതിയായിരുന്നു. ഇന്നതൊരു അഴിമതിയില്ല.
എന്നുപറഞ്ഞാല്‍, നാളെ നരേന്ദ്രമോദി പരസ്യമായി വന്ന് ഞാന്‍ അദാനിയെ സഹായിച്ചു, നിയമവിരുദ്ധമായി സഹായിച്ചു, അതുകൊണ്ട് അദാനിക്കു ഗുണം കിട്ടിയെന്നോ, പിണറായി വിജയന്‍ വന്ന് മറ്റേതെങ്കിലും സ്വകാര്യ കമ്പനിയെ ഞാന്‍ നിയമവിരുദ്ധമായി സഹായിച്ചു, അതുവഴി അവര്‍ക്കു ഗുണം കിട്ടിയെന്നു പറഞ്ഞാല്‍പ്പോലും വിജിലന്‍സിന് കേസെടുക്കാന്‍ പറ്റാത്തത്ര ദുര്‍ബലമാണ് പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട്.
ഇത് ആളുകളെ ബേജാറാക്കുന്നില്ലെന്നു മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍ അതിനെതിരെ ബദലായി ഒരു നിയമം ഉണ്ടാക്കുന്നുമില്ല. ഇത് ൗ സര്‍ക്കാരിനു കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് വോട്ട് ചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിയമസഭ പ്രത്യേകം ഇതിനൊരു നിയമം കൊണ്ടുവരേണ്ടതാണ്.
* മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിക്കുന്ന നിലപാടാണ് വിജിലന്‍സ് തുടക്കം മുതല്‍ സ്വീകരിക്കുന്നത് എന്നൊരു ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഈ ആരോപണത്തെ എങ്ങനെ കാണുന്നു?
ഇബ്രാഹിംകുഞ്ഞിനെതിരായി വിജിലന്‍സ് തുടക്കം മുതല്‍ പറയുന്ന ഒരു ന്യായം, ഇബ്രാഹിംകുഞ്ഞിനെ പെട്ടെന്ന് അറസ്റ്റ് ചെയ്താല്‍ ഈ സര്‍ക്കാര്‍ അതു രാഷ്ട്രീയപ്രേരിതമായി ചെയ്യുന്നതാണെന്ന് ഒരാരോപണം ഉണ്ടാകും എന്നാണ്. നോക്കൂ, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരനായ ഉദ്യോഗസ്ഥനായിരുന്നെങ്കില്‍ എന്നേ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു എന്നു നമ്മള്‍ ഓര്‍ക്കണം.
അങ്ങനെ അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യണ്ട എന്നു തീരുമാനിക്കുന്നത് പ്രതിക്കു ചിലര്‍ക്കു ചില പ്രിവിലേജുകളുണ്ട് എന്നു സമ്മതിച്ചുകൊടുക്കലാണ്. അങ്ങനെയൊരു പ്രിവിലേജ് ഇബ്രാഹിംകുഞ്ഞിനുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. അതിനോടു യോജിപ്പില്ല. കാരണം, നിയമത്തിനു മുന്നില്‍ ഒരു പ്രിവിലേജും ആര്‍ക്കുമില്ല. കുറ്റവാളിയാണെന്നു സംശയം തോന്നുന്ന ആരെയും ചോദ്യം ചെയ്യാം. രണ്ടുതവണ ഇബ്രാഹിംകുഞ്ഞിനെയും ചോദ്യം ചെയ്തു.
കഴിഞ്ഞദിവസം കേരളാ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിലാണ് ആദ്യമായി നമ്മള്‍ മനസ്സിലാക്കുന്നത്, വിജിലന്‍സ് ഈ ഫയലുകളെല്ലാം കണ്ടിട്ടുണ്ടെന്ന്. ഇബ്രാഹിംകുഞ്ഞ് പറഞ്ഞിട്ടാണ്, ഉത്തരവിട്ടിട്ടാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കാന്‍ തീരുമാനിച്ചത് എന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷമാണു ഞാന്‍ പറഞ്ഞത്, ആ ബോധ്യമുണ്ടായിട്ടും ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ ഒരു നിമിഷം പോലും വൈകുന്നത് ഇബ്രാഹിംകുഞ്ഞിന് വഴിവിട്ട രീതിയില്‍ സഹായം നല്‍കുന്നതിനു തുല്യമാണ്. എന്നുമാത്രമല്ല, പിടിച്ചയാളുകളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള വിജിലന്‍സിന്റെ അടിത്തറ പൊളിയുക കൂടിയാണ്.
* സൂരജിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചപ്പോഴും ഇബ്രാഹിംകുഞ്ഞിനെതിരെ ഏതെങ്കിലും തരത്തില്‍ തെളിവുകളിലേക്ക് അന്വേഷണം എത്തിയിട്ടുണ്ടോ എന്ന കാര്യം സംശയമല്ലേ?
വിജിലന്‍സും വിജിലന്‍സിനെ ന്യായീകരിക്കുന്നവരും പറയുന്ന ഒരു വാദം, കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. സെക്രട്ടറിയായ സൂരജിനെ അത്രയും തെളിവുകള്‍ കൊണ്ട് അറസ്റ്റ് ചെയ്യാമെങ്കില്‍, 20 ദിവസത്തിലധികം റിമാന്‍ഡില്‍ വെയ്ക്കാമെങ്കില്‍, മന്ത്രിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വെയ്ക്കുന്നതില്‍ വേറൊരു തെളിവും ആവശ്യമില്ല. മന്ത്രിക്കെതിരെ തെളിവുകള്‍ ശേഖരിക്കണമെങ്കില്‍ അതിനുശേഷം അന്വേഷണത്തിലൂടെ തെളിവുകള്‍ ശേഖരിക്കാവുന്നതാണ്. പക്ഷേ എന്താണോ ടി.ഒ സൂരജിന്റെ ഇതിനകത്തെ പങ്ക്, അതു ബോധ്യപ്പെട്ട വിജിലന്‍സിന് മന്ത്രിയുടെ റോള്‍ ബോധ്യപ്പെടാന്‍ മറ്റൊരു തെളിവിന്റെയും ആവശ്യമില്ല.
വിജിലന്‍സിന്റെ വാദങ്ങള്‍ വെച്ചുനോക്കുമ്പോള്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തത് മന്ത്രിയാണ്. അറസ്റ്റ് അപ്പോള്‍ നടക്കണം. എന്തുകൊണ്ട് അറസ്റ്റ് വൈകിപ്പിച്ചു? വിജിലന്‍സിനു മറുപടിയില്ല. എന്തു തെളിവാണ് ഇവര്‍ ശേഖരിക്കാന്‍ പോകുന്നത്? ഞാന്‍ മനസ്സിലാക്കിയത്, ആര്‍.ഡി.എസ് എന്ന കമ്പനിയില്‍ നിന്ന്, മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്ത എട്ടേകാല്‍ കോടിയില്‍ നിന്ന് ഓരോരുത്തരും വാങ്ങിച്ച തുക എങ്ങനെ, ആരൊക്കെ എത്ര തുക വാങ്ങി എന്നതിന്റെ തെളിവാണ് വിജിലന്‍സ് ഇപ്പോള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. അതു മറ്റൊരു കുറ്റമാണ്.
സ്വകാര്യവ്യക്തി പണം കൈമാറിയിട്ടുണ്ടെങ്കില്‍ അഴിമതി നിരോധനക്കേസിലെ മറ്റൊരു വകുപ്പുപ്രകാരം മറ്റൊരു കുറ്റമാണ്. അതു നമുക്കു വേറെ അന്വേഷിക്കാം. പക്ഷേ, സര്‍ക്കാരിനെ വഞ്ചിച്ചുകൊണ്ട് സ്വകാര്യ മുതലാളിക്കു ലാഭമുണ്ടാക്കാന്‍ വേണ്ടി ഉത്തരവിറക്കിക്കൊടുത്തു, അതുവഴി സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നുള്ള തെളിവ് കിട്ടിക്കഴിഞ്ഞിട്ടും ആ കുറ്റത്തില്‍ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് വാസ്തവത്തില്‍ ഇബ്രാഹിംകുഞ്ഞിനോടു ചെയ്യുന്ന വലിയ വഴിവിട്ട സഹായമാണ്.
എന്നാല്‍ പണം കൈമാറിയതു സംബന്ധിച്ച് രണ്ടുകൊല്ലം കഴിഞ്ഞിട്ട് അന്വേഷിച്ചാല്‍ എന്തു തെളിവാണ് കിട്ടുകയെന്നു നമുക്കെല്ലാവര്‍ക്കും അറിയാം. സത്യത്തില്‍ ഇതിനകത്ത്, സ്വകാര്യ കമ്പനിയുടെ ഉടമസ്ഥനായിട്ടുള്ള സുമിത് ഗോയലിനെ മാപ്പുസാക്ഷിയാക്കിയിരുന്നെങ്കില്‍ ആര്‍ക്കൊക്കെ എത്ര പണമാണു കൊടുത്തതെന്ന് അയാള്‍ കൃത്യമായി പറയുമായിരുന്നു. സുമിത് ഗോയലിനെപ്പോലൊരാളെ മാപ്പുസാക്ഷിയാക്കാതെ പ്രതിയാക്കുമ്പോള്‍, രാഷ്ട്രീയക്കാര്‍ക്കു കൊടുത്ത പണത്തെ സംബന്ധിച്ചോ ഉദ്യോഗസ്ഥര്‍ക്കു കൊടുത്ത പണത്തെ സംബന്ധിച്ചോ അവര്‍ പറയണമെന്നില്ല. പറഞ്ഞാലും ആ പ്രതിയുടെ മൊഴി മറ്റു പ്രതികള്‍ക്കെതിരായി ഉപയോഗിക്കാന്‍ കഴിയില്ല.
* മുന്‍പ് കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തി പുതിയത് നല്‍കാനാണ് വിജിലന്‍സ് തീരുമാനം. ഇതു സാങ്കേതികമായും പ്രായോഗികമായും എത്രത്തോളം ശരിയാണ്?
രണ്ടുമൂന്നു ദിവസം മുന്‍പാണ് ഇബ്രാഹിംകുഞ്ഞുമായി അടുത്തു പ്രവര്‍ത്തിക്കുന്ന, ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്ന കാലത്ത് സ്റ്റാഫിലൊക്കെയുണ്ടായിരുന്ന പല മുസ്ലിം ലീഗ് നേതാക്കള്‍, വലിയ വിഷമത്തിലും വലിയ സമ്മര്‍ദത്തിലുമായിരുന്നവര്‍ പെട്ടെന്ന് സന്തോഷത്തിലാവുന്നു. അവര്‍ സ്വകാര്യമായി ലഡുവിതരണം പോലും നടത്തുന്നു. അത്തരത്തില്‍ ഇബ്രാഹിംകുഞ്ഞിനെ തൊടില്ല എന്നൊരുറപ്പ് സര്‍ക്കാരില്‍ നിന്നു കിട്ടിയിട്ടുണ്ട് എന്നവര്‍തന്നെ അടുത്ത സുഹൃത്തുക്കളോടു പ്രചരിപ്പിക്കുന്നു.
സ്വാഭാവികമായിട്ടും ഒരു പ്രാഥമികമായ അന്വേഷണം നടത്തിയപ്പോള്‍ കോടതിയുടെ പരാമര്‍ശമോ ഇടപെടലോ ഇല്ലാതെ ഇബ്രാഹിംകുഞ്ഞിനെ അങ്ങോട്ടു പോയി അറസ്റ്റ് ചെയ്യില്ല എന്നൊരുറപ്പ് വേണ്ടപ്പെട്ടവരില്‍ നിന്നു കിട്ടിയിട്ടുണ്ട് എന്നാണ് മുന്‍മന്ത്രിയുമായി അടുത്തയാളുകള്‍ നമ്മളോടു പറഞ്ഞത്.
അതു ഞാന്‍ പുറത്തുപറയുന്നത് ഏതാണ്ട് രാവിലെ ഒമ്പതുമണിയോടുകൂടിയാണ്. അന്ന് 11 മണിക്ക് വിജിലന്‍സ് കേരളാ ഹൈക്കോര്‍ട്ടില്‍ ഒരു സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്തു. ആ സ്റ്റേറ്റ്മെന്റില്‍ മന്ത്രിക്കു കൂടി പങ്കുണ്ടെന്നു സത്യവാങ്മൂലം കൊടുത്ത ടി.ഒ സൂരജിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ വേണ്ടി വിജിലന്‍സ് പറയുന്നു, മന്ത്രിക്കു പങ്കുണ്ടെന്നു പറയുന്നതു പച്ചക്കള്ളമാണെന്ന്. അതുമാത്രമല്ല, ടി.ഒ സൂരജാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്, അതുകൊണ്ട് മന്ത്രിയുടെ പങ്ക് അതിനകത്ത് വ്യക്തമല്ല, എന്നാല്‍ മന്ത്രിക്കെതിരായി അന്വേഷണം തുടരുകയും ചെയ്യും എന്നു പറയുന്നു. ഈ ഫയലെല്ലാം കണ്ട വിജിലന്‍സ് ടി.ഒ സൂരജ് മന്ത്രിക്കു പങ്കുണ്ടെന്നു പറഞ്ഞതിനെ രേഖാമൂലം എതിര്‍ക്കുമ്പോള്‍ നാളെ വിജിലന്‍സ് മന്ത്രിക്കെതിരായി ഒരു കേസെടുത്താല്‍പ്പോലും ഈ സ്റ്റേറ്റ്മെന്റ് വിജിലന്‍സിനെതിരായി ഉപയോഗിക്കാന്‍ കഴിയും.
ഇത് അവര്‍ക്കാര്‍ക്കെങ്കിലും ഒരാള്‍ക്കു വീഴ്ച പറ്റിയതായി ഞാന്‍ കണക്കാക്കുന്നില്ല. ഇതു വളരെ ഗുരുതരമായ പിഴവ് പറ്റിയതാണെന്ന് കേരളത്തിലെ മാധ്യമങ്ങളെല്ലാം അന്ന് ഉച്ചയോടുകൂടി റിപ്പോര്‍ട്ട് ചെയ്തു. വൈകുന്നേരത്തോടുകൂടി വിജിലന്‍സിന് തന്റെ നിലപാട് മാറ്റേണ്ടിവരുന്നു. വിജിലന്‍സ് കൊടുത്ത സ്റ്റേറ്റ്‌മെന്റില്‍ ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ട്, അതു തിരുത്തുമെന്നും പുതിയ സത്യവാങ്മൂലം നല്‍കുമെന്നും, അഡീഷണല്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യുമെന്നും വിജിലന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങളോടു പറയുന്നു.
അതുകൊണ്ടാണ്, ശക്തമായ ഇടപെടലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ്, ഇബ്രാഹിംകുഞ്ഞിനെതിരെ തത്കാലം നീങ്ങേണ്ടതില്ല, അല്ലെങ്കില്‍ ഇബ്രാഹിംകുഞ്ഞിനെതിരായി ടി.ഒ സൂരജ് കൊടുത്ത മൊഴി കള്ളമാണെന്ന മുന്‍ നിലപാടില്‍ നിന്നു മാറാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നത്.
* എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന നിര്‍മാണത്തില്‍ 30 ശതമാനത്തോളം അഴിമതി നടന്നിട്ടുണ്ടെന്ന് മറുവാദവും ഉയരുന്നുണ്ട്. ഇതിന്റെ അന്വേഷണം മേല്‍ത്തട്ടിലേക്കു ബാധിക്കുമോ?
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൊടുത്ത കരാറും അതിന്റെ നടപടിക്രമങ്ങളുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ചത്. അതുകൊണ്ട് നമുക്കിപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയമായ ഒരാരോപണം ഉന്നയിക്കണമെന്നു വന്നാല്‍പ്പോലും, സര്‍ക്കാര്‍ തലത്തില്‍, സെക്രട്ടറി തലത്തിലോ മന്ത്രിതലത്തിലോ, സ്വകാര്യ കമ്പനിയോ സഹായിക്കാനോ അല്ലെങ്കില്‍ പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച അന്വേഷണം നടക്കാതിരിക്കാനോ എന്തെങ്കിലും ഇടപെടല്‍ വന്നിട്ടുണ്ടെന്നു ബോധ്യം വന്നാല്‍ മാത്രമേ, ഈ സര്‍ക്കാരിനെതിരായി, ഈ മന്ത്രിക്കെതിരായി, ഈ വകുപ്പിന്റെ സെക്രട്ടറിക്കെതിരായി, ഒക്കെ നമുക്ക് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ പറ്റൂ.
പ്രതിപക്ഷത്തിനു പോലും നാളിതുവരെ ഈ ചാനല്‍ ചര്‍ച്ചകളില്‍ 30 ശതമാനത്തിന്റെ കഥ പറയുന്നതല്ലാതെ അതിനപ്പുറത്തേക്ക് ഈ സര്‍ക്കാരിനെതിരായി ഒരു വെള്ളക്കടലാസില്‍ പരാതി കൊടുക്കാന്‍ പോലും യു.ഡി.എഫിനോ ബി.ജെ.പിക്കോ കഴിഞ്ഞിട്ടില്ല.
ഈ സര്‍ക്കാരിനെ സംബന്ധിച്ച്, പാലാരിവട്ടം പാലത്തില്‍ അഴിമതിയുണ്ടെന്നു ബോധ്യം വന്നപ്പോള്‍ ഒരു സര്‍ക്കാര്‍ ഉത്തരവിറക്കി വിജിലന്‍സിനെ ആ പണിയേല്‍പ്പിക്കുകയാണു ചെയ്തത്.
എന്റെ വ്യക്തിപരമായ അന്വേഷണത്തില്‍, ആ മേല്‍നോട്ടത്തില്‍ നേരത്തേയുണ്ടായിരുന്ന പിഴവുകള്‍ തുടരുകയല്ലാതെ സര്‍ക്കാര്‍ തലത്തില്‍ ഒരു തീരുമാനമെടുത്തുകൊണ്ട് പാലാരിവട്ടം പാലത്തില്‍ എന്തെങ്കിലും വീഴ്ച, സര്‍ക്കാര്‍ തലത്തില്‍, ഉന്നതതലത്തില്‍ ഉണ്ടായെന്നു പറയാന്‍ നിവൃത്തിയില്ല.
പാലാരിവട്ടം പാലത്തില്‍ ഇനി സര്‍ക്കാര്‍ എന്തു ചെയ്യണമെന്നു ചോദിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടും ശ്രീധരന്റെ റിപ്പോര്‍ട്ടും പൊതുജനങ്ങള്‍ കാണ്‍കെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുക എന്നുള്ളതാണ്. ഇത് ഏതു സര്‍ക്കാരും ചെയ്യേണ്ട മിനിമം മര്യാദയാണ്. ഇതൊരു രഹസ്യരേഖയല്ല, ഇന്ത്യ-പാക്കിസ്ഥാന്‍ കരാര്‍ പോലെ.
ഇതു പൊതുജനങ്ങള്‍ കാണേണ്ട രേഖയാണ്. ഈ രേഖ വെച്ച് സര്‍ക്കാര്‍ ശ്രമിക്കുന്നത്, സര്‍ക്കാരിനു താത്പര്യമുള്ള ചില സ്വകാര്യ കമ്പനികളെ നിര്‍മാണപ്രക്രിയയില്‍ സഹായിക്കാനാണ്. അപ്പോള്‍ എല്‍.ഡി.എഫിന് അഴിമതിക്കെതിരെ എത്രയൊക്കെ താത്പര്യം ഉണ്ടെന്നു പറഞ്ഞാലും ഈ സംഗതികള്‍ സുതാര്യമായി ജനങ്ങളെ അറിയിക്കുന്നതില്‍ എല്‍.ഡി.എഫിനും താത്പര്യമില്ല.