| Wednesday, 14th June 2017, 8:02 pm

'ജനാധിപത്യ വിരുദ്ധനായ ഒരു പ്രധാനമന്ത്രിയുടെ തോന്ന്യവാസം': ഇതിന് നിന്നുകൊടുക്കാന്‍ സൗകര്യമില്ല എന്ന് പറയാന്‍ ഒരു ചങ്ക് എങ്കിലും ഉള്ള മുഖ്യമന്ത്രി ഉണ്ടാകണമെന്ന് ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിന് മെട്രോമാന്‍ ഇ.ശ്രീധരനെ ഒഴിവാക്കിയ കേന്ദ്ര നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്. വദിയില്‍ മോദിയും ഗവര്‍ണറും അടക്കം 7 പേര്‍ മതിയെന്നാണ് തീരുമാനം. വാര്‍ത്ത ശരിയാണെങ്കില്‍, അത് ജനാധിപത്യ വിരുദ്ധനായ ഒരു പ്രധാനമന്ത്രിയുടെ തോന്ന്യവാസമാണെന്നാണ് ഹരീഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ പ്രോജക്ടിനോട് പലപ്പോഴായി സഹകരിച്ച ഒരാള്‍ എന്ന നിലയില്‍ തനിക്കും പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട് ഈ പ്രോജക്ട് നു വേണ്ടി അക്ഷീണം യത്‌നിച്ച എം.ഡി ഏലിയാസ് ജോര്‍ജിനും ടീമിനും അഭിനന്ദനങ്ങള്‍. ആ ക്ഷണം അഭിമാനത്തോടെ സ്വീകരിക്കുന്നു. എന്നാല്‍ ഉദ്ഘാടനചടങ്ങില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവോ എല്ലാവരെയും ക്ഷണിച്ച എം.ഡി ഏലിയാസ് ജോര്‍ജോ സ്ഥലം എം.എല്‍.എ പോലും ഇരിക്കാന്‍ പാടില്ലെന്ന തിട്ടൂരം പ്രധാനമന്ത്രിയുടെ ഓഫീസ് ഇറക്കിയതായി വാര്‍ത്തകളില്‍ നിന്ന് അറിയുന്നു എന്നു പറഞ്ഞാണ് ഹരീഷ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

വേദിയില്‍ മോദിയും ഗവര്‍ണറും അടക്കം 4 പേര്‍ മതിയെന്നാണ് തീരുമാനം. വാര്‍ത്ത ശരിയാണെങ്കില്‍, അത് ജനാധിപത്യ വിരുദ്ധനായ ഒരു പ്രധാനമന്ത്രിയുടെ തോന്ന്യവാസമാണ്. ഇതിന് നിന്നുകൊടുക്കാന്‍ സൗകര്യമില്ല എന്ന് പറയാന്‍ ഒരു ചങ്ക് എങ്കിലും ഉള്ള ഒരു മുഖ്യമന്ത്രി ഉണ്ടാകണം നമുക്കെന്നും അദ്ദേഹം കുറിക്കുന്നു.


Also Read: ”കേരളം പാകിസ്താനെങ്കില്‍ ബംഗാള്‍ അവര്‍ക്ക് ബംഗ്ലാദേശ്’; പശ്ചിമബംഗാളിനെ പശ്ചിമ ബംഗ്ലാദേശ് എന്ന് വിശേഷിപ്പിച്ച് ജന്‍മഭൂമി; കേരളത്തിനു പിന്നാലെ ബംഗാളിനെതിരേയും സംഘപരിവാറിന്റെ ഹേറ്റ് ക്യാമ്പയിന്‍


വ്യക്തിപരമായ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, മെട്രോ മാന്‍ ഇ.ശ്രീധരനു സീറ്റില്ല എന്നതും നല്ല കീഴ്വഴക്കമല്ല. അമ്പലം പണിതു കഴിയുന്നവരെ ശ്രീകോവിലിനു ഉള്ളില്‍ ഇരിക്കുന്ന ആശാരിയ്ക്ക് പണികഴിഞ്ഞാലുടന്‍ അയിത്തം കല്‍പ്പിക്കുന്ന പഴയ ഫ്യുഡല്‍ പരിപാടി ജനാധിപത്യത്തില്‍ നടപ്പില്ല എന്ന് പറയാന്‍ നമുക്ക് കഴിയണമെന്നും ഹരീഷ് ചൂണ്ടിക്കാണിക്കുന്നു.

നരേന്ദ്രമോദിയുടെ വീട്ടില്‍ നിന്നോ ബി.ജെ.പി ആസ്ഥാനത്തു നിന്നോ കൊണ്ടുവന്ന പണം കൊണ്ട് നടത്തുന്ന പരിപാടിയല്ല. പൊതുപണമാണ്. ആ പരിപാടി കേരളീയ ജനാധിപത്യ ശൈലിയില്‍ നടത്താന്‍ പ്രധാനമന്ത്രി തയ്യാറാകണം. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനും (അത് ആരായാലും) ജനപ്രതിനിധികള്‍ക്കും, ഈ മെട്രോയെ ഇക്കാണുന്ന വേഗതയില്‍ യാഥാര്‍ഥ്യമാക്കിയ ശ്രീധരനും ഏലിയാസ് ജോര്‍ജിനും ഒക്കെ ആ വേദിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നും ഹരീഷ് പറയുന്നു.

തള്ള് മാമന്റെ “എന്റെ തല എന്റെ ഫുള്‍ ഫിഗര്‍” മോഡല്‍ കളി കേരളത്തില്‍ നടക്കില്ല എന്ന് പറയാനുള്ള ആര്‍ജ്ജവം കേരളം കാണിക്കണം. ഞാനൊരാള്‍ പ്രതികരിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ലായിരിക്കും. എങ്കിലും പ്രതിഷേധ സൂചകമായി ആ ചടങ്ങില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കുന്നു. എന്നു പറഞ്ഞാന് ഹരീഷ് തന്റ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more