ഏത് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനേക്കാളും ഭരണകൂടം ഇവരെ ഭയപ്പെടുന്നു; രാജ്യത്തിന് വേണ്ടിയുള്ള 20 വര്‍ഷത്തെ ഇവരുടെ പോരാട്ടം നന്ദികെട്ട ഒരു ജനത മറന്നു: ഹരീഷ് വാസുദേവന്‍
ഏത് പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവിനെ ഭയപ്പെടുന്നതിനേക്കാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഭയപ്പെടുന്നത് ടീസ്ത സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയുമാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.
സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത ഗുജറാത്ത് പൊലീസിന്റെ നടപടിക്ക് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.
”ഏത് പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവിനെ ഭയപ്പെടുന്നതിലും നരേന്ദ്ര മോദിയും അമിത് ഷായും ഭയപ്പെടുന്നത് ടീസ്ത സെതല്‍വാദിനെയും ആര്‍.ബി. ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയുമാകാം. കാരണം സത്യത്തെ ഏത് ഭരണാധികാരിയും പേടിക്കും.
എത്ര ആഴത്തില്‍ കുഴിവെട്ടി മൂടിയാലും എപ്പോള്‍ വേണമെങ്കിലും സത്യം കുഴിയില്‍ നിന്നും പുറത്തുവന്നേക്കാമെന്ന ഉള്‍ഭയം തെറ്റുകാര്‍ക്ക് മാറില്ല. കൊല്ലാന്‍ പുഴുവായും, എപ്പോള്‍ വേണമെങ്കിലും സത്യം അവതരിക്കാം.
സത്യത്തിന് പുറത്തുവരാനായി ധൈര്യമുള്ള, സത്യത്തിന് വേണ്ടി നിര്‍ഭയം നിലകൊള്ളുന്ന നാവുമതി. ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകള്‍ക്ക് വേണ്ടി ഏത് വയറ്റിപ്പിഴപ്പ് രാഷ്ട്രീയക്കാരേക്കാളും സത്യത്തിന് വേണ്ടി നിര്‍ഭയം പോരാടിയത് ഈ മൂന്ന് പേരാണ്.
രണ്ടുപേര്‍ ഐ.പി.എസുകാരാണ്, അവരുടെ തൊഴിലെടുക്കുന്നതിനിടെ കണ്ടത് കോടതി മുമ്പാകെ പറഞ്ഞു, എന്ന തെറ്റാണ് ചെയ്തത്. അതിലൊരാള്‍ വര്‍ഷങ്ങളായി ജയിലിലാണ്. ടീസ്തയാവട്ടെ, കൊല്ലപ്പെട്ട എം.പിയുടെ ഭാര്യയ്ക്ക് തുണയായി നിന്ന് പ്രതികളുടെ മുഖവും അധികാരവും നോക്കാതെ പരാതി നല്‍കി. ഈ രാജ്യത്തിന്റെ മതേതരത്വത്തിനായി നിലകൊണ്ടു,” ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നമ്മുടെ രാജ്യത്തിന് വേണ്ടി ഇവര്‍ 20 വര്‍ഷത്തോളം പോരാടിയിട്ടും അവര്‍ ഒറ്റപ്പെട്ടെന്നും നന്ദി കെട്ട ജനത അത് മറന്നുവെന്നും ഹരീഷ് പറഞ്ഞു. അപകടം മനസിലാക്കി ശ്രീകുമാറിനും ടീസ്തയ്ക്കും എന്നോ ഈ രാജ്യം വിടാമായിരുന്നുവെങ്കിലും അവര്‍ സുപ്രീംകോടതിയിലും ഈ രാജ്യത്തെ നിയമവ്യവസ്ഥയിലും ഇവിടത്തെ മനുഷ്യരിലും വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ അവര്‍ക്കൊപ്പം തന്നെ നിലകൊള്ളുമെന്നും പോസ്റ്റില്‍ ഹരീഷ് വ്യക്തമാക്കി.
”20 വര്‍ഷത്തെ ഇവരുടെയൊക്കെ പോരാട്ടം നമുക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയായിരുന്നെങ്കിലും അവരൊറ്റപ്പെട്ടു. സത്യം പറഞ്ഞു എന്നതിന്റെ പേരില്‍ അനുഭവിച്ചതൊക്കെയും അവരുടെ മാത്രം തലവേദനയായി മാറി. നാമെല്ലാം ജീവിതം ആസ്വദിച്ചപ്പോഴും അവര്‍ നീതിക്ക് വേണ്ടി ഒറ്റയ്ക്ക് യുദ്ധങ്ങള്‍ നയിക്കുകയായിരുന്നു. നന്ദികെട്ട ഒരു ജനത അത് മറന്നു.
അധികാരം ദുരുപയോഗിച്ച് കേസുകള്‍ അട്ടിമറിച്ചപ്പോഴും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ട് എതിരാക്കിയപ്പോഴും അപകടം മനസിലാക്കി ശ്രീകുമാറിനും ടീസ്തയ്ക്കും എന്നോ ഈ രാജ്യം വിടാമായിരുന്നു. അവര്‍ സുപ്രീംകോടതിയിലോ ഈ രാജ്യത്തെ നിയമവ്യവസ്ഥയിലോ മാത്രമല്ല, ഇന്നാട്ടിലെ മനുഷ്യരിലും ജനാധിപത്യ ബോധത്തിലും അചഞ്ചലമായ വിശ്വാസം ഈ നിമിഷം വരെ കാണിച്ചു. നാം അവര്‍ക്കെന്ത് പകരം നല്‍കി?
സത്യം പറയുന്ന നാവുകള്‍ അരിഞ്ഞു വീഴ്ത്തിയാലും സത്യം ഒരുനാള്‍ പുറത്തുവരും. പക്ഷെ ജനതക്കായി സത്യം പറഞ്ഞ നാവുകളെ സംരക്ഷിക്കേണ്ട ചുമതല ആ ജനതയ്ക്ക് ഉണ്ടെന്ന് ഞാന്‍ കരുതുന്നു. I still stand with them.
അനീതിയ്ക്ക് എതിരായി മിണ്ടാതിരിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നുണ്ട്.
(സുപ്രീംകോടതി വിധിയിലെ അനീതിയെയും അസംബന്ധത്തെയും പറ്റി വിശദമായി എഴുതാം),” ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2002ല്‍ നടന്ന ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്ന് ഗുജറാത്ത് പൊലീസാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെയായിരുന്നു ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കെതിരെ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും സമാന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുജറാത്ത് വംശഹത്യ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.
2002ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്‌ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും, 2,500ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, എന്നാണ് ഔദ്യോഗിക കണക്ക്.
Content Highlight: Harish Vasudevan Facebook post about Sanjiv Bhatt, RB Sreekumar and Teesta Setalvad