| Saturday, 27th February 2021, 8:42 am

യു.ഡി.എഫ് കാലത്ത് സന്തോഷ് മാധവന് ഭൂമി നല്‍കിയതു പോലെയാണ് ശ്രീ.എമ്മിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത്: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന് യോഗ സെന്റര്‍ തുടങ്ങാന്‍ നാല് ഏക്കര്‍ ഭൂമി പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

ആദിവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കൊടുക്കാന്‍ മൂന്ന് സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ശ്രീ.എം എന്നു സ്വയം വിളിക്കുന്ന ഒരു ആര്‍.എസ്.എസ് അനുകൂല വ്യക്തിക്ക് തിരുവനന്തപുരത്ത് നാല് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കിയ വാര്‍ത്തയോട് എത്ര ഇടതു ഹാന്റിലുകള്‍ പ്രതികരിക്കും എന്ന് നോക്കുകയാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ കുറിച്ചു.

യു.ഡി.എഫിന്റെ അവസാന കാലം സന്തോഷ് മാധവന് സഹായം നല്‍കിയപോലെയാണ് ഇപ്പോള്‍ ഇയാള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായമെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു. പത്ത് വര്‍ഷത്തേക്ക് പാട്ടം പോയാല്‍ ഭൂമി വിറ്റതിന് തുല്യമാണെന്ന് ആര്‍ക്കാണ് അറിയാത്തതെന്നും യോഗ വളര്‍ത്താനാണ് ഉദ്ദേശ്യമെങ്കില്‍ നയം തീരുമാനിച്ചു അതില്‍ വൈദഗ്ദ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘യോഗയില്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അറിവോ പാണ്ഡിത്യമോ പോലും അങ്ങേര്‍ക്കുള്ളതായി അറിയില്ല. യോഗ വളര്‍ത്താന്‍ ആണെങ്കില്‍ നയം തീരുമാനിച്ചു അതില്‍ വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണം. സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ശ്രീ.എം ഏത് വഴിയില്‍ വന്നു?

ഇനി യു.ഡി.എഫിനെ നോക്കൂ, ബി.ജെ.പിയെ നോക്കൂ, ആരെങ്കിലും കാര്യമായി പ്രതികരിച്ചോ? ഭൂരഹിതരുടെ രാഷ്ട്രീയം പറയുന്നുണ്ടോ?
ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞോ? യു.ഡി.എഫിന്റെ ന്റെ കാലത്തെ വലിയ ഭൂമി തട്ടിപ്പ് പലതും ഒരു ഇടതു നേതാവും കോടതിയില്‍ പോയി റദ്ദാക്കിയിട്ടില്ല. സര്‍ക്കാര്‍ 5 വര്‍ഷം ഇരുന്നിട്ടും ചെയ്തില്ല.
ഇതൊരു പരസ്പര പുറംചൊറിയല്‍ തട്ടിപ്പാണ്. കൊള്ള സംഘത്തിലെ അംഗങ്ങള്‍ പരസ്പരം കാണിക്കുന്ന സ്‌നേഹം പോലെ, ഇടതുപക്ഷം തെറ്റു ചെയ്താല്‍ മിണ്ടാതെ, കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ ഇരിക്കണം എന്നാണ് അണികളുടെ ലൈന്‍. എതിര്‍ക്കുന്നവനെ ലേബല്‍ അടിച്ചോ തെറി വിളിച്ചോ ഒതുക്കണം എന്നാണ് അവര്‍ പഠിച്ചിരിക്കുന്നത്,’ ഹരീഷ് വാസുദേവന്റെ പോസ്റ്റില്‍ പറയുന്നു.

ശ്രീ എമ്മിന്റെ സത്‌സംഗ് ഫൗണ്ടേഷന് യോഗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാനാണ് നാലേക്കര്‍ ഭൂമി നല്‍കാന്‍ മന്ത്രിസഭ തീരുമാനമുണ്ടായത്.

തിരുവനന്തപുരം ചെറുവയക്കല്‍ വില്ലേജിലാണ് ഭൂമി അനുവദിച്ചത്. ഹൈസിങ്ങ് ബോര്‍ഡിന്റെ കൈവശമുള്ളതാണ് സ്ഥലം.

യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ശ്രീ.എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂര്‍ സ്വദേശിയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ആദിവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കൊടുക്കാന്‍ 3 സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ശ്രീ.M എന്നു സ്വയം വിളിക്കുന്ന ഒരു ഞടട അനുകൂല വ്യക്തിക്ക്, തിരുവനന്തപുരത്ത് 4 ഏക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കിയ വാര്‍ത്തയോട് എത്ര ഇടതു ഹാന്റിലുകള്‍ പ്രതികരിക്കും എന്നു ഞാന്‍ നോക്കുകയായിരുന്നു. 10 വര്‍ഷത്തേക്ക് പാട്ടം പോയാല്‍ ഭൂമി വിറ്റതിനു തുല്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത് !

യോഗയില്‍ യൂണിവേഴ്സിറ്റി നല്‍കുന്ന അറിവോ പാണ്ഡിത്യമോ പോലും അങ്ങേര്‍ക്കുള്ളതായി അറിയില്ല. യോഗ വളര്‍ത്താന്‍ ആണെങ്കില്‍ നയം തീരുമാനിച്ചു അതില്‍ വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണം. സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ശ്രീ.M ഏത് വഴിയില്‍ വന്നു?
ഇത് അതല്ല, നഗ്‌നമായ അഴിമതിയാണ്. UDF ന്റെ അവസാന കാലം സന്തോഷ് മാധവനു സഹായം പോലെ, ഇപ്പോള്‍ ഇയാള്‍.

ഇനി UDF നെ നോക്കൂ, BJP യെ നോക്കൂ, ആരെങ്കിലും കാര്യമായി പ്രതികരിച്ചോ? ഭൂരഹിതരുടെ രാഷ്ട്രീയം പറയുന്നുണ്ടോ?
ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞോ? UDF ന്റെ കാലത്തെ വലിയ ഭൂമി തട്ടിപ്പ് പലതും ഒരു ഇടതു നേതാവും കോടതിയില്‍ പോയി റദ്ദാക്കിയിട്ടില്ല. സര്‍ക്കാര്‍ 5 വര്‍ഷം ഇരുന്നിട്ടും ചെയ്തില്ല.

ഇതൊരു പരസ്പര പുറംചൊറിയല്‍ തട്ടിപ്പാണ്. കൊള്ള സംഘത്തിലെ അംഗങ്ങള്‍ പരസ്പരം കാണിക്കുന്ന സ്‌നേഹം പോലെ, ഇടതുപക്ഷം തെറ്റു ചെയ്താല്‍ മിണ്ടാതെ, കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ ഇരിക്കണം എന്നാണ് അണികളുടെ ലൈന്‍. എതിര്‍ക്കുന്നവനെ ലേബല്‍ അടിച്ചോ തെറി വിളിച്ചോ ഒതുക്കണം എന്നാണ് അവര്‍ പഠിച്ചിരിക്കുന്നത്.
ശ്രീ.M നു 4 ഏക്കര്‍ ഭൂമി നല്‍കാനുള്ള ഉത്തരവ് ഇറങ്ങട്ടെ, ഞാനത് ചോദ്യം ചെയ്യും. കേരളത്തിലെ അവസാന ഭൂരഹിതനും ഭൂമി കൊടുത്തിട്ട് മതി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊതുആവശ്യത്തിനു ഭൂമി ആവശ്യമില്ലെങ്കില്‍ മാത്രം മതി, സര്‍ക്കാര്‍ ഭൂമിയില്‍ ഇരുന്ന് സ്വകാര്യ ട്രസ്റ്റിന്റെ യോഗപഠിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Harish Vasudevan Facebook post about Kerala state cabinet decides to give four acres to Sri M start a yoga center

We use cookies to give you the best possible experience. Learn more