മതംമാറ്റം, വിവാഹം; വിവാഹങ്ങളിലൂടെ ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്ന അമ്മാവന്‍ സിന്‍ഡ്രോം ആണ് ഹൈക്കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാര്‍ക്ക്: ഹരീഷ് വാസുദേവന്‍
Kerala
മതംമാറ്റം, വിവാഹം; വിവാഹങ്ങളിലൂടെ ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്ന അമ്മാവന്‍ സിന്‍ഡ്രോം ആണ് ഹൈക്കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാര്‍ക്ക്: ഹരീഷ് വാസുദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2017, 10:38 am

കൊച്ചി: മാതാപിതാക്കളുടെ ആശീര്‍വാദത്തോടെ മാത്രം നടത്തുന്ന സ്റ്റാസ് ക്വൊ വിവാഹങ്ങളിലൂടെ ജാതിവ്യവസ്ഥയെ നിലനിര്‍ത്തുന്ന അമ്മാവന്‍ സിന്‍ഡ്രോം ആണ് ഇന്ത്യന്‍ ജുഡീഷ്യറിയിലെ ഒരു വിഭാഗത്തിനെന്ന് അഭിഭാഷന്‍ ഹരീഷ് വാസുദേവന്‍.

വിവാഹത്തിന് മാതാപിതാക്കളുടെ സാന്നിധ്യം അനിവാര്യമെന്ന് ചൂണ്ടിക്കാട്ടി മതം മാറിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഹരീഷ് വാസുദേവന്റെ വിമര്‍ശനം.


Dont Miss മതംമാറ്റ വിവാഹം; ഭരണഘടനാവകാശങ്ങള്‍ മറന്നതെന്തേ മൈ ലോര്‍ഡ്സ്? 


23 വയസുള്ള ഒരു സ്ത്രീ ഇഷ്ടപ്പെട്ട പുരുഷനൊപ്പം താമസിക്കുന്നതിലും ഒരുമിച്ചു ജീവിക്കുന്നതിലും നിയമപരമായി തെറ്റൊന്നും ഇല്ല എന്ന് മാത്രമല്ല, ഭരണഘടന അനുവദിക്കുന്ന ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗം കൂടിയാണ് അത്. അതിനു വിവാഹം വേണ്ട എന്ന് പറഞ്ഞത് 2001 ല്‍ പായല്‍ കാട്ടാരയും സൂപ്രണ്ടും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയാണ്.

സംശയമുള്ളവര്‍ 2010 ലെ ഖുശ്ബു കേസിലെ വിധിയും വായിച്ചു നോക്കേണ്ടതാണ്. അപ്പോഴാണ് 2 ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 23 കാരിയുടെ അവകാശം സംബന്ധിച്ച് സംശയം ഉണ്ടാകുന്നതെന്നും ഹരീഷ് പറയുന്നു.

വ്യക്തിയുടെ കസ്റ്റഡി കാമുകന് കൊടുക്കണോ അച്ഛന് കൊടുക്കണോ എന്നതാണ് കോടതിയുടെ മുന്നിലെ ചോദ്യം കസ്റ്റഡി ചോദിക്കാന്‍ ഇതെന്താ വിവാഹമോചനക്കേസിലെ കുട്ടികളാണോ എന്നും ഹരീഷ് ചോദിക്കുന്നു.


Dont Miss ‘ദുര്‍ഗന്ധം മാറ്റിയിട്ട് കണ്ടാല്‍ മതി’; യോഗിയെ സന്ദര്‍ശിക്കണമെങ്കില്‍ സോപ്പും ഷാംപൂവും പെര്‍ഫ്യൂമും ഉപയോഗിക്കണമെന്ന് ദളിതരോട് അധികൃതര്‍ 


തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള പൗരയാണ് അവര്‍. അവര്‍ ഹിന്ദുവായിരുന്നിരിക്കാം, മുസ്ലിം ആയി മതം മാറിയിരിക്കാം, മുസ്ലീം യുവാവുമായി ഇസ്ലാം വ്യക്തിനിയമം അനുസരിച്ച് അല്ലാതെ വിവാഹം കഴിച്ചിരിക്കാം, ഇതൊന്നും അവര്‍ക്കിഷ്ടമുള്ള ഒരാളോടൊപ്പം കഴിയുന്നതിനുള്ള അവളുടെ മൗലികാവകാശം ലംഘിക്കാന്‍ ഹൈക്കോടതിക്ക് അധികാരം നല്‍കുന്നില്ലെന്നും ഹരീഷ് പറയുന്നു.

ആണിന് ചീത്തയാകാം, പെണ്ണ് ചീത്തയാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതിയ്ക്കുണ്ടെന്നാണ് കാലാകാലങ്ങളില്‍ ഹേബിയസ് കോര്‍പ്പസ് ബെഞ്ച് ഇട്ടിട്ടുള്ള വിധിന്യായങ്ങള്‍ നോക്കിയാല്‍ തോന്നുകയെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.

ഈ ആണ് ശരിയല്ല, അതുകൊണ്ടു പെണ്ണിനെ അവന്റെ കൂടെ വിടാന്‍ കഴിയില്ല. മാതാപിതാക്കളുടെ കൂടെ വിടണം എന്ന വിധിന്യായങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. ഈ ആണിനെ അങ്ങനെ കയറൂരി വിടാമോ? അവനെപ്പറ്റി കോടതിക്ക് ആശങ്ക ഒന്നുമില്ലേ? അവന്‍ ഇനിയും “പെണ്‍കുട്ടി”കളെ “ചീത്ത”യാക്കില്ലേ എന്നീ ആശങ്കകള്‍ ഒന്നും കോടതിയ്ക്ക് അധികം ഉണ്ടായി കണ്ടിട്ടില്ല. കോടതികളുടെ കണ്ണിലെ നല്ലതും ചീത്തയുമുണ്ട് – അതിനു നിയമവുമായി പുലബന്ധം പോലും ഉണ്ടാകാറില്ല, തികച്ചും വ്യക്തിയധിഷ്ഠിതമായ പാട്രിയാര്‍ക്കല്‍, ഏറിയപങ്കും മതപരമായ കാഴ്ചപ്പാടുകള്‍ ആണവയെന്നും ഹരീഷ് പറയുന്നു.

അച്ഛനമ്മമാരുടെ ആഗ്രഹത്തിന് വിരുദ്ധമായി ഒരു സ്ത്രീ ഒരു പുരുഷന്റെ കൂടെ പൊറുത്താല്‍ എന്ത് സംഭവിക്കുമെന്നാണ് കോടതി കരുതുന്നത്?

അവളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെങ്കില്‍ സുരക്ഷ ഒരുക്കുകയല്ലേ കോടതിയുടെ കടമ? ഹേബിയസ് ബെഞ്ചില്‍ ഇരുന്ന് വിവാഹങ്ങളുടെ ന്യായാന്യായങ്ങള്‍ പരിശോധിക്കുന്നതും റദ്ദാക്കുന്നതും ആര്‍ട്ടിക്കിള്‍ 226 നല്‍കുന്ന അധികാരത്തിന്റെ നല്ല വിനിയോഗമാണെന്ന് കോടതിയ്ക്ക് ഉറപ്പുപറയാന്‍ കഴിയുമോ?

കാമുകനുമായി കോടതിയില്‍ വരുന്ന സ്ത്രീയോട് അച്ഛന്റെ കൂടെ പോകാന്‍ നിര്‍ബന്ധിക്കുന്നത്, അല്ലെങ്കില്‍ നീ അനുഭവിക്കും എന്ന് ഭീഷണിപ്പെടുത്തുന്നത്, കാമുകനോട് പിന്‍വാങ്ങിയില്ലെങ്കില്‍ റേപ്പ് നു കേസെടുക്കും എന്ന് ഭീഷണിപ്പെടുത്തുന്നത് ഒക്കെ ഉണ്ടായിട്ടില്ലേ? പ്രായപൂര്‍ത്തിയായ ആളുടെ ധാര്‍മ്മിക ശരിതെറ്റുകള്‍ തീരുമാനിക്കാന്‍ ഏതു ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് കോടതികള്‍ക്ക് അധികാരമുള്ളത്? ആര്‍ട്ടിക്കിള്‍ 39(ള) വലിച്ചു നീട്ടുന്നതിലും ദുരുപയോഗിക്കുന്നതിലും ഒരു പരിധിയില്ലേയെന്നു ഹരീഷ് ചോദിക്കുന്നു.

ആര്‍ട്ടിക്കിള്‍ 39 (എഫ്) പിണറായി വിജയനും ഒന്ന് വായിക്കണം. ആ സ്ത്രീ അങ്ങേയ്ക്ക് എഴുതിയ കത്ത് പ്രകാരം, അവളിന്നു കോടതിവിധിച്ച വീട്ടു തടവിലാണ്. ജസ്റ്റിസ്.ശങ്കരന്റെ ലൗ ജിഹാദ് അസംബന്ധ വിധികള്‍ കേരളത്തില്‍ സംഘപരിവാറിന് ഉണ്ടാക്കി കൊടുത്ത മാര്‍ക്കറ്റു ചില്ലറയല്ല. ഇത് അടുത്ത ആയുധമാവാന്‍ സമ്മതിക്കരുത്. ഇതിന്റെ വസ്തുതകള്‍ അന്വേഷിച്ച് അടിയന്തിരമായി പുറത്തു കൊണ്ടുവരണം.ആവശ്യമെങ്കില്‍ ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കണം. ഇന്നാട്ടിലെ ചെറുപ്പക്കാരുടെ കൂടി വോട്ടാണ് ഈ സര്‍ക്കാരെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.