| Monday, 2nd May 2022, 1:02 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്; പി. രാജീവ് ഉത്തരം നല്‍കണമെന്ന് ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. ഡബ്ല്യൂ.സി.സിയോ മറ്റാരുമോ പറയാതെ തന്നെ പുറത്ത് വിടേണ്ടതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് ഹരീഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

സെക്ഷ്വല്‍ അസൗള്‍ട്ടിനെ പറ്റി മൊഴി കൊടുത്ത ഇരകളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് മാത്രമേ അത് ചെയ്യാനാകൂ എന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമമാണെന്നും മാസ്‌ക് ചെയ്യണ്ടവ മാസ്‌ക് ചെയ്തു ആ റിപ്പോര്‍ട്ട് പുറത്തു വിടാതിരിക്കാന്‍ ന്യായമായ ഒരു കാരണവും സര്‍ക്കാര്‍ പറയുന്നില്ലെന്നും ഹരീഷ് വിമര്‍ശിച്ചു.

മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് റിപ്പോര്‍ട്ട് പുറത്ത് വിടാതിരിക്കുന്നത് ശരിയല്ലെന്നും അബ്യൂസര്‍മാര്‍ക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും ഹരീഷ് പറയുന്നു.

ഇത് മറച്ചുവെയ്ക്കാന്‍ വിഷയം മറ്റൊരു വഴിക്ക് തിരിച്ചു വിടുക എന്നതില്‍ക്കവിഞ്ഞ ഒരു ലക്ഷ്യവും ഇപ്പോള്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എന്താണ് തടസ്സമെന്നും സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്നും നിയമമന്ത്രി പി. രാജീവ് ഉത്തരം പറയണമെന്നും അദ്ദേഹം പറയുന്നു.

ദല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ പത്രപ്രവര്‍ത്തകരുമായി നടത്തിയ ആശയസംവാദത്തിനിടയില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടെന്ന് ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടുവെന്ന പി. രാജീവിന്റെ പ്രസ്താവന വിവാദമായിരുന്നു.

ഇതിന് പിന്നാലെ പി. രാജീവെത്തി. ജസ്റ്റിസ് ഹേമയ്ക്ക് മുമ്പാകെ മൊഴി നല്‍കിയവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ലന്നും അതുകൊണ്ടുതന്നെ അവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവിടേണ്ടതില്ലെന്ന നിലപാടാണ് ഡബ്ല്യു.സി.സിക്കുള്ളതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതെന്ന് രാജീവ് പ്രതികരിച്ചു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്

സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ മേഖലയിലെ അബ്യൂസ് അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണ്. ആ റിപ്പോര്‍ട്ട് പുറത്തു വിടണം എന്ന് ഡബ്ല്യു.സി.സിയോ മറ്റാരുമോ പറയേണ്ട കാര്യമൊന്നുമില്ല, അത് പറയിക്കുന്നതിനു മുന്‍പേ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യമാണ്. സെക്ഷ്വല്‍ അസൗള്‍ട്ടനെ പറ്റി മൊഴി കൊടുത്ത ഇരകളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് മാത്രമേ അത് ചെയ്യാനാകൂ എന്നത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമമാണ്.

അത് ഡബ്ല്യു.സി.സിയോ മറ്റാരെങ്കിലുമോ പ്രത്യേകം പറയേണ്ട കാര്യമില്ല. ആരെങ്കിലും പറഞ്ഞതുകൊണ്ട് ഇരകളുടെ വിശദാംശം സര്‍ക്കാരിന് പ്രസിദ്ധീകരിക്കാനും ആവില്ല. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആദ്യാവസാനം ആവശ്യപ്പെട്ട ഡബ്ല്യു.സി.സി ഉള്‍പ്പെടെ എല്ലാവരും നിയമപ്രകാരമുള്ള നടപടികള്‍ വേണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.

മാസ്‌ക് ചെയ്യണ്ടവ മാസ്‌ക് ചെയ്തു ആ റിപ്പോര്‍ട്ട് പുറത്തു വിടാതിരിക്കാന്‍ ന്യായമായ ഒരു കാരണവും സര്‍ക്കാര്‍ പറയുന്നില്ല. എന്തുകൊണ്ട് അതിലെ പ്രതികളുടെ പേരില്‍ എഫ്.ഐ.ആര്‍ എടുക്കുന്നില്ല? അതും ഹേമ കമ്മിറ്റി പറഞ്ഞിട്ടാണോ? ഒരുപാട് വൈകി ആണെങ്കിലും ആ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ സര്‍ക്കാരിന് സ്റ്റാറ്റിയൂട്ടറി ആയ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

എന്നിട്ടും ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു, അഡ്മിനിസ്‌ട്രേറ്റീവ് കടമ്പകള്‍ ഉണ്ടാക്കിയും ആ റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാത്തത്, റിപ്പോര്‍ട്ട് പുറത്തു വിടാത്തത് ശരിയായ നടപടിയല്ല. അബ്യൂസര്‍മാര്‍ക്ക് തെളിവ് നശിപ്പിക്കാനും മറ്റും അവസരം കിട്ടുന്നു എന്നതും സര്‍ക്കാരിന്റെ ഗൗരവമായ വീഴ്ചയാണ്. ഇരകളോടൊപ്പമാണ് എന്ന പൊതുനിലപാടിന് വിരുദ്ധമായ ഈ വിഷയത്തിലെ സര്‍ക്കാര്‍ സ്റ്റാന്‍ഡ് ഇരട്ടത്താപ്പല്ലേ?

ഇത് മറച്ചുവെയ്ക്കാന്‍ വിഷയം മറ്റൊരു വഴിക്ക് തിരിച്ചു വിടുക എന്നതില്‍ക്കവിഞ്ഞ ഒരു ലക്ഷ്യവും ഇപ്പോള്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അപ്പോള്‍ നിയമമന്ത്രി ശ്രീ പി. രാജീവ് പറയൂ, ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്? ആരെയാണ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്? റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എന്താണ് തടസ്സം?

Content Highlight: Harish Vasudevan criticizes government for not releasing Hema Committee report

We use cookies to give you the best possible experience. Learn more