കോഴിക്കോട്: ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ മികച്ച സേവനം കാഴ്ച്ചവെച്ചതിന് ശ്രീറാമിന് സര്‍ക്കാര്‍ അര്‍ഹമായ സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു എന്നായിരുന്നു സര്‍ക്കാര്‍ വാദം. എംപ്ലോയ്‌മെന്റ് ഡയറക്ടറായിട്ടായിരുന്നു സ്ഥാനമാറ്റം.
എന്നാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ തെറ്റാണെന്ന് തെളിവു സഹിതം ആരോപിക്കുകയാണ് പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. 2017 ജനുവരിയില്‍ പ്രൊമോഷന്‍ കിട്ടിയ ശ്രീറാമിന് അടുത്ത പ്രൊമോഷന്‍ ഇനി 2022 ല്‍ മാത്രേമേ സാധ്യമാവുകയുള്ളൂ എന്നാണ് ഹരീഷ് പറയുന്നത്.
ഹരീഷിന്റെ ആരോപണം തെളിയിക്കാന്‍ തക്കതായ സര്‍ക്കാരിന്റെ ഉത്തരവും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
ശ്രീറാമിന് പ്രൊമോഷന്‍ അല്ല, വെറും ട്രാന്‍സ്ഫര്‍. സര്‍ക്കാര്‍ കള്ളം പറയുന്നു. ഉത്തരവ് പുറത്ത്. 2017 ജനുവരിയില്‍ പ്രൊമോഷന്‍ കിട്ടിയ ശ്രീറാമിനു അടുത്ത പ്രമോഷന്‍ ഇനി 2022 ല്‍ മാത്രം. ന്യായീകരണ തൊഴിലാളികള്‍ വരൂ, അടുത്ത സെറ്റ് കള്ളങ്ങള്‍ നിരത്തൂ. ഹൈക്കോടതിയില്‍ കേസ് ജയിച്ചതിനു പിറ്റേന്ന്, ഔട്ട് ഓഫ് അജണ്ടയില്‍, തിരക്കിട്ട് സ്ഥലംമാറ്റം ഉത്തരവിട്ടു എന്നതില്‍, കള്ളം പറഞ്ഞു അത് ന്യായീകരിച്ചെങ്കില്‍, പിണറായി വിജയന്‍ സര്‍ക്കാരിന്റെ കുല്‍സിത താല്‍പ്പര്യം മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്നാണ് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ നേരത്തേയും ഹരീഷ് രംഗത്ത് വന്നിരുന്നു.
2013 ബാച്ച് ഐ.എ.എസുകാരന്‍, 2016 ജൂലായില്‍ ദേവികുളത്ത് സബ്കളക്ടര്‍ ആയി പോസ്റ്റിങ്ങ്. 2017 ജനുവരിയില്‍ സീനിയര്‍ സ്‌കെയില്‍ സബ്കളക്ടര്‍ ആയി പ്രൊമോഷന്‍. ദേവികുളത്ത് ജോലിയില്‍ തുടരുന്നു. അതാണ് കീഴ്വഴക്കം. 2014 ലെ സിവില്‍ സര്‍വ്വീസ് ചട്ട ഭേദഗതി നിയമപ്രകാരം, ശ്രീറാമിനെ 2018 ജൂലൈ മാസം വരെ ദേവികുളത്ത് തുടരാന്‍ അനുവദിക്കണം. അതിനിടയില്‍ മാറ്റണമെങ്കില്‍ മതിയായ കാരണം രേഖപ്പെടുത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സിവില്‍ സര്‍വ്വീസ് ബോര്‍ഡ് മാറ്റത്തിന് ശുപാര്‍ശ ചെയ്യണം. അതിനു മുന്‍പ് ശ്രീറാമിന്റെ ഭാഗം കേള്‍ക്കണം. ക്യാബിനറ്റ് ഇരുഭാഗവും കേട്ടശേഷം തീരുമാനം എടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, ശ്രീറാമിന്റെ സ്ഥാനമാറ്റം സ്വാഭാവികമായ സ്ഥാനമാറ്റമാണെന്നായിരുന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റേയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്‍കിയ വിശദീകരണം. ഇത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഹരീഷിന്റെ വെളിപ്പെടുത്തല്‍.