| Sunday, 27th October 2019, 9:58 am

'നിങ്ങള്‍ ഇനിയും പക്വത നേടിയിട്ടില്ല'; വാളയാര്‍ കേസില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ വി.ടി ബല്‍റാമിന് ഹരീഷ് വാസുദേവന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാളയാര്‍ കേസില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്കു മറുപടിയുമായി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ബല്‍റാം ഇനിയും പക്വത നേടിയിട്ടില്ലെന്നും വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എം.എല്‍.എയുടെ മൂഡെന്നും ഹരീഷ് പരിഹസിച്ചു.

വാളയാര്‍ കേസില്‍ മന്ത്രി എ.കെ ബാലനെതിരെ വിമര്‍ശനം ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് ഇട്ട ഫേസ്ബുക്ക് പോസ്റ്റും തുടര്‍ന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ നടത്തിയ ഇടപെടലും ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

പൊലീസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്കു മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരോട് ‘നിങ്ങള്‍ക്ക് ഇതുതന്നെയാണോ പണി’ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന്റെ മറുപടിയായാണ് ‘ബല്‍റാമിന്റെ നിലവാരം’ എന്ന തലക്കെട്ടില്‍ ഹരീഷ് പോസ്റ്റിട്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമിതിയിലെ അംഗമാണ് ബല്‍റാമെന്ന് ഹരീഷ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും എം.എല്‍.എ ഇക്കാര്യത്തില്‍ ഒരുവരി പ്രതികരണം പോലും എഴുതിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘പ്രതിപക്ഷത്തെ നാം ഏല്‍പ്പിച്ച പണി മാധ്യമപ്രവര്‍ത്തകര്‍ നമുക്കുവേണ്ടി ചെയ്ത് റിസള്‍ട്ട് ഉണ്ടാക്കുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്, അതിലുപരി ന്യായീകരണത്തിലാണ്.’- അദ്ദേഹം പറഞ്ഞു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബല്‍റാമിന്റെ നിലവാരം

പ്രതിപക്ഷത്തുള്ള യുവ എം.എല്‍.എയാണ് ശ്രീ. വി.ടി ബല്‍റാം. ഫേസ്ബുക്കിലെ താരം. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിന്റെ പ്രതിനിധി. യൂത്ത് കോണ്ഗ്രസ് നേതാവ്. സര്‍വ്വോപരി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമിതിയിലെ അംഗം.

പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിലെ വാളയാറില്‍ 2 ദളിത് പെണ്‍കുട്ടികളെ റേപ്പ് ചെയ്തു കൊന്ന പോക്‌സോ കേസിലെ പ്രതികളെ കോടതി വെറുതേ വിട്ട വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഏതാണ്ട് 24 മണിക്കൂറായി.

അതേപ്പറ്റി ഈ യുവതുര്‍ക്കി ഒരുവരി പ്രതികരണം ഇതുവരെ എഴുതിയിട്ടില്ല. ആഭ്യന്തരവകുപ്പിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല (മന്ത്രിയുടെ പ്രതികരണം വരുന്നത് വരെ പ്രതിപക്ഷ നേതാവ് പോലും ഒരുവരി പ്രതികരണം പറഞ്ഞിട്ടില്ല)

ഇന്നീ വാര്‍ത്ത ഒന്നാം പേജില്‍ പ്രാധാന്യത്തോടെ കൊടുത്ത ഒരേയൊരുപത്രം ഡെക്കാന്‍ ക്രോണിക്കിള്‍ ആണ്. അതിന്റെ റസിഡന്റ് എഡിറ്റര്‍ ശ്രീ. കെ.എ ജേക്കബിന്റെ ഒരു എഫ്.ബി പോസ്റ്റ് ഇന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തതോടെയാണ് നിയമമന്ത്രി ശ്രീ. എ.കെ ബാലനെങ്കിലും ഇക്കാര്യത്തില്‍ ഒരു പ്രതികരണം നല്‍കേണ്ടി വന്നത്.

പോസ്റ്റ് ആഭ്യന്തര വകുപ്പിനെതിരെ ആണ്, ചോദ്യം ആ ജില്ലയുടെ ചാര്‍ജുള്ള മന്ത്രിയോടും. ഒട്ടും വൈകാതെ ചോദ്യം മന്ത്രി കേട്ടു. അനുകൂലമായി പ്രതികരിച്ചു.

അപ്പീല്‍ നല്‍കും, സര്‍ക്കാര്‍ ഇടപെടും, അന്വേഷണത്തില്‍ വീഴ്ച വരുത്തിയെങ്കില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കും എന്നൊക്കെ പൊതുസമൂഹത്തോട് മന്ത്രി ശ്രീ. ബാലന് പറയേണ്ടി വന്നത്.

കെ.എ ജേക്കബ് ഉയര്‍ത്തിയ പ്രശ്‌നത്തിനുള്ള ആദ്യ ഇംപാക്ട് ആണ്. അതായത് പ്രതിപക്ഷത്തെ നാം ഏല്‍പ്പിച്ച പണി മാധ്യമപ്രവര്‍ത്തകര്‍ നമുക്കുവേണ്ടി ചെയ്ത് റിസള്‍ട്ട് ഉണ്ടാക്കുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്, അതിലുപരി ന്യായീകരണത്തിലാണ്

ആ കെ.ജെ ജേക്കബിന്റെ പോസ്റ്റിനെ ട്രോളാനാണ് വി.ടി ബല്‍റാം ആകെ ഈ വിഷയത്തില്‍ പ്രതികരിച്ചത്. അപ്പോഴും ആ വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എം.എല്‍.എയുടെ മൂഡ്.

ക്രിമിനല്‍ അന്വേഷണം പോലീസിന്റെ പണിയല്ലെന്നും, എം.എല്‍.എമാരുടെ പണിയല്ലെന്നും, എ.കെ ബാലന്‍ നിരപരാധിയാണെന്നുമാണ് പോസ്റ്റിന്റെ സാരം. വര്‍ഗ്ഗബോധം.

ഇന്നാട്ടിലെ എം.എല്‍.എമാരെ, അവരുടെ സ്റ്റാഫുകളെ, ഓഫീസിനെ പ്രതിമാസം ലക്ഷങ്ങള്‍ ചെലവിട്ടു ജനം പരിപാലിക്കുന്നത് അവരുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ നിയമസഭയുടെ അധികാരമുപയോഗിച്ച് ഇടപെടാനാണ്.

എക്‌സിക്യൂട്ടീവിനെ അക്കൗണ്ടബിള്‍ ആക്കാന്‍ കഴിവുള്ള നിയമസഭയില്‍ അംഗമായിരിക്കുന്ന ഓരോ എം.എല്‍.എക്കും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, പരിഹാരം നേടിക്കൊടുക്കാനുമുള്ള ബാധ്യതയുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളം മുന്‍പ് കണ്ടിട്ടില്ലാത്തവിധം ക്രൂരമായ ഒരു പീഡനക്കേസിലെ പ്രതികളും അവരെ രക്ഷപ്പെടാന്‍ അനുവദിച്ച പോലീസ് എമാന്മാരും തന്റെ ജില്ലയില്‍ കറങ്ങി നടക്കുന്നത് ഒരു വലിയ പ്രശ്‌നമായി തോന്നാത്ത എം.എല്‍.എ തന്റെ ഊര്‍ജ്ജം ചെലവാക്കിയത്, ആ വാര്‍ത്ത സജീവ ജനശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ ട്രോളാനാണ് .

പറയാതിരിക്കാനാകില്ല, ഷെയിം ബല്‍റാം ഷെയിം. നിങ്ങള്‍ ഇനിയും പക്വത നേടിയിട്ടില്ല.

We use cookies to give you the best possible experience. Learn more