|

'അവാര്‍ഡ് കയ്യില്‍ കൊടുക്കാന്‍ ഭയക്കുന്ന സര്‍ക്കാരാണ് ജനങ്ങളുടെ പരാതി നേരിട്ട് പരിഹരിക്കുന്നത്'; സാന്ത്വന സ്പര്‍ശം പരിപാടിക്കെതിരെ ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് പടരുന്ന സാഹചര്യത്തിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുജന പരാതി പരിഹാര പരിപാടികള്‍ നടത്തുന്നതിനെതിരെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിച്ച് കുറച്ച് കൊണ്ടുവന്ന കൊവിഡ് രോഗികളുടെ എണ്ണം മന്ത്രിമാര്‍ നടത്തുന്ന പൊതു സമ്പര്‍ക്ക പരിപാടികള്‍ വഴി വര്‍ധിക്കുമെന്നും അതിനാല്‍ പരാതികള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിച്ച് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കവെ പരാതിരഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരിപാടിയുടെ പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പ്രതികരണം.

ജനങ്ങളെ നേരിട്ട് കണ്ട്, പരാതികളില്‍ സാധ്യമായവ അവിടെ വെച്ച് തന്നെ പരിഹരിക്കുകയും അല്ലാത്തവയ്ക്ക് ഉടന്‍ പരിഹാരം കാണുന്നതരത്തിലുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി ഇ. പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പൊതു ജനസമ്പര്‍ക്ക പരിപാടിയെ വിമര്‍ശിച്ചവരാണ് അതീവ ജാഗ്രത വേണ്ട കൊവിഡ് കാലത്ത് ജനങ്ങളുമായി ഇടപെട്ട് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ഹരീഷ് വാസുദേവന്‍ വിമര്‍ശിച്ചു.

ഇത് തെറ്റായ രീതിയാണെന്നും രാജഭരണത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള, ജനാധിപത്യത്തില്‍ അശ്ലീലമായ കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്ത് ഓണ്‍ലൈന്‍ ആയും, മന്ത്രിമാരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ വരുന്ന കമന്റുകളിലെ പരാതികള്‍ പോലും പരിഹരിക്കപ്പെടുന്ന സ്ഥിതിയുണ്ടാവുന്ന ഒരു കാലത്ത് എന്തിനാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഹരീഷ് ചോദിച്ചു.

‘ഭരണം മാറി. പഴയ വിമര്‍ശനങ്ങള്‍ കൊണ്ടാവണം, ഓണ്‍ലൈനായി ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ലക്ഷക്കണക്കിന് രൂപയുടെ ഉദ്യോഗസ്ഥ സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരുക്കിയത്. മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കമന്റായി സാധാരണ ജനം ഇടുന്ന പരാതികള്‍ക്ക് പോലും പരിഹാരമുണ്ടാക്കി, അത് പത്രക്കുറിപ്പും വാര്‍ത്തയും വൈറലുമായി. മന്ത്രിമാരുടെ മൊബൈല്‍ നമ്പര്‍ വരെ നാട്ടുകാരുടെ ഫോണില്‍ സേവ് ആയി. നേരില്‍ വിളിയായി. പലര്‍ക്കും ഫലമായി…പിന്നെന്തിനാണ് കോവിഡ് രണ്ടാം ഘട്ടം അരങ്ങു തകര്‍ത്തു വരുന്ന ഈ സമയത്ത്, പരമാവധി സമ്പര്‍ക്കം കുറയ്ക്കാന്‍ ജനത്തിനോട് ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍, അവാര്‍ഡ് പോലും കയ്യില്‍ കൊടുക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലതോറും പരാതികള്‍ അന്വേഷിച്ചു പോകുന്നത്? ജനം ഇടിച്ചുതള്ളി പരാതി പരിഹാര പരിപാടികള്‍ക്ക് എത്താനുള്ള വഴിയൊരുക്കുന്നത്?,’ ഹരീഷ് ചോദിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് പടര്‍ന്ന് പിടിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മരണത്തിന്റെ വ്യാപാരികളോ മന്ത്രിമാര്‍?

ജനസമ്പര്‍ക്ക യാത്ര നടത്തി ജനത്തിന്റെ പരാതി മുഴുവന്‍ നേരില്‍ വാങ്ങി തീര്‍ക്കാന്‍ നോക്കിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നിശിതമായി വിമര്‍ശിച്ച നേതാക്കളാണ് ഇന്ന് ഭരണത്തില്‍. ജനങ്ങളുടെ പരാതി അറിയാന്‍ നാടൊട്ടുക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ വൃന്ദത്തെ അണിനിരത്തി സര്‍വ്വാണിസദ്യ ഒരുക്കേണ്ട കാര്യമില്ല. ഗതികെട്ട മനുഷ്യര്‍ പരാതിക്കെട്ടുമായി കാത്തുനില്‍ക്കുന്ന ഫോട്ടോകളും, ഊണും വിശ്രമവുമില്ലാതെ മുഖ്യമന്ത്രി അത് വാങ്ങി അനുതാപത്തോടെ അവര്‍ക്ക് ആശ്വാസമേകുന്ന ഫോട്ടോകളും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ചീപ്പ് പബ്ലിസിറ്റി പരസ്യങ്ങളായി മാറിയ കാലം… അതൊക്കെ സര്‍ക്കാര്‍ ചെലവില്‍ ഫ്ളക്സ് ബോര്‍ഡുകളില്‍ ഇടം പിടിച്ച കാലം..

തെറ്റായ രീതിയാണത്. രാജഭരണത്തെ ഓര്‍മ്മിപ്പിക്കുന്ന, ജാധിപത്യത്തില്‍ അശ്ലീലമായ കാഴ്ച. പരാതി സമര്‍പ്പിക്കാനും അത് പരിശോധിക്കാനും ആധുനികമായ ഒട്ടേറെ സംവിധാനങ്ങള്‍ നമുക്കുള്ളപ്പോള്‍, ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒരു സിസ്റ്റം ഉള്ളപ്പോള്‍,
അതിന്റെ എഫിഷ്യന്‍സി കൂട്ടാന്‍ ഒന്നും ചെയ്യാതെ, ആ സിസ്റ്റത്തിന്റെ പരാജയം സ്റ്റേറ്റ് തന്നെ സമ്മതിക്കുന്ന പരിപാടിയാണ് ഈ ജനസമ്പര്‍ക്കം. പോസ്റ്റലായോ ഈമെയിലായോ അയയ്ക്കുന്ന പരാതികളില്‍ ഉണ്ടാക്കാന്‍ കഴിയാത്ത എന്ത് തീര്‍പ്പാണ് മനുഷ്യരെ നേരില്‍ മന്ത്രിമാര്‍ കണ്ടാല്‍ ഉണ്ടാക്കാനാകുക എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരും വ്യക്തമായ മറുപടി പറഞ്ഞില്ല. പകരം, ‘അതാണ് അദ്ദേഹത്തിന്റെ ശൈലി’ എന്ന PR മറുപടി പറഞ്ഞു തടിതപ്പി.

ഭരണം മാറി. പഴയ വിമര്‍ശനങ്ങള്‍ കൊണ്ടാവണം, ഓണ്‍ലൈനായി ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ ലക്ഷക്കണക്കിന് രൂപയുടെ ഉദ്യോഗസ്ഥ സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരുക്കിയത്. മന്ത്രിമാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കമന്റായി സാധാരണ ജനം ഇടുന്ന പരാതികള്‍ക്ക് പോലും പരിഹാരമുണ്ടാക്കി, അത് പത്രക്കുറിപ്പും വാര്‍ത്തയും വൈറലുമായി. മന്ത്രിമാരുടെ മൊബൈല്‍ നമ്പര്‍ വരെ നാട്ടുകാരുടെ ഫോണില്‍ സേവ് ആയി. നേരില്‍ വിളിയായി.. പലര്‍ക്കും ഫലമായി..

CPIM പോലുള്ള പാര്‍ട്ടികള്‍ക്കും ഒരു സിസ്റ്റമുണ്ട്. പ്രാദേശികമായി അവരുടെ കണ്ണില്‍പ്പെടുന്ന പരാതികള്‍ പാര്‍ട്ടി തലത്തില്‍ മേല്‍തട്ടില്‍ എത്തിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുക. അതിനും മന്ത്രി കാണണമെന്നില്ല. ഓഫീസില്‍ പാര്‍ട്ടി ചുമതപ്പെടുത്തിയ ആളുണ്ടാകും.

പിന്നെന്തിനാണ് കോവിഡ് രണ്ടാം ഘട്ടം അരങ്ങു തകര്‍ത്തു വരുന്ന ഈ സമയത്ത്, പരമാവധി സമ്പര്‍ക്കം കുറയ്ക്കാന്‍ ജനത്തിനോട് ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍, അവാര്‍ഡ് പോലും കയ്യില്‍ കൊടുക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലതോറും പരാതികള്‍ അന്വേഷിച്ചു പോകുന്നത്? ജനം ഇടിച്ചുതള്ളി പരാതി പരിഹാര പരിപാടികള്‍ക്ക് എത്താനുള്ള വഴിയൊരുക്കുന്നത്?
തെരഞ്ഞെടുപ്പ് വരികയാണ്. പബ്ലിസിറ്റി സ്റ്റണ്ട് വേണം. മന്ത്രിമാരുടെ തലയും ഫുള്‍ ഫിഗറും വെച്ച ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും വാര്‍ത്തകളും വേണം. വ്യക്തികേന്ദ്രീകൃതമാണ് പരിഹാരം – അല്ലാതെ അതൊരു ഭരണസിസ്റ്റമല്ല എന്ന പഴയ ജനാധിപത്യ വിരുദ്ധ മെസേജ് പോണം.. കാരണം ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥിരം സിസ്റ്റമുണ്ടാക്കുന്നവര്‍ക്കല്ല, മാജിക് പോലെ റിസള്‍ട്ട് ഉണ്ടാക്കുന്ന വ്യക്തികള്‍ക്കാണ് കയ്യടി നല്‍കി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ശീലം.. ജനാധിപത്യവിരുദ്ധവും രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതുമായ ആ അശ്ലീല കാഴ്ചകള്‍ക്കാണ് ഇനി കുറച്ചുനാള്‍ കേരളം സാക്ഷ്യം വഹിക്കുക.

ജില്ലകള്‍ തോറും മന്ത്രിമാര്‍ നടത്തുന്ന പരിപാടികളിലെ തിക്കിലും തിരക്കിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരും. അന്ധമായ പാര്‍ട്ടിഭക്തി ബാധിച്ച – മുന്‍പ് പ്രതിപക്ഷം സമരം നടത്തിയപ്പോള്‍ അവരെ ‘മരണവ്യാപാരികള്‍’ എന്നു വിളിച്ച സൈബര്‍ സഖാക്കള്‍ പക്ഷെ ഇതിനെ വാഴ്ത്തിപ്പാടും.. ഹല്ലേലൂയ..
സ്‌ത്രോത്രം..

‘ഇതിപ്പോള്‍ വേണ്ടിയിരുന്നില്ല’ എന്നാഭിപ്രായം പറയുന്നവരുടെ പത്തു തലമുറ തെറിയഭിഷേകം നടത്തും. ട്രോളും. ‘ഇപ്പോള്‍ ജനസമ്പര്‍ക്കം നടത്തുന്നത് എന്റെ മുഖ്യമന്ത്രി ആയിപ്പോയി.. നിങ്ങടെ ആണെങ്കില്‍ കാണിക്കാമായിരുന്നു’ എന്നാണ് അവര്‍ മനസില്‍ പറയുക. പക്ഷെ, രാഷ്ട്രീയം മാറ്റിവെച്ചു ഒന്നാലോചിച്ചു നോക്കൂ.

നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിച്ചു പ്രയത്‌നിച്ചാണ് നാം മരണസംഘ്യ കുറച്ചത്… പോലിസ് രാത്രിയും പകലും ജനത്തെ വിരട്ടിയാണ് ആള്‍ക്കൂട്ടത്തെ തടഞ്ഞത്… കോടതിയില്‍ വാദം പോലും സൂമില്‍ ആക്കിയത്… സമരങ്ങള്‍ നിരോധിച്ചത്…സ്‌കൂളുകളും ആരാധനാലയങ്ങളും അടച്ചിട്ടത്…
അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ മന്ത്രിമാരുടെ ഈ പൊതുസമ്പര്‍ക്കം ഓണ്‍ലൈനായി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഇല്ലെങ്കില്‍ ഇന്നലെ മറ്റു പലരെയും വിളിച്ച വിശേഷണങ്ങള്‍ നാളെ ജനം നിങ്ങള്‍ക്കും ചാര്‍ത്തി തരും എന്നല്ല, നാം ഒരുമിച്ചു ഈ നാട് ഒരുമിച്ചു ഇതിനു വലിയ വിലകൊടുക്കേണ്ടി വരും. നമ്മള്‍ പൗരന്മാര്‍ ആവശ്യപ്പെടണം. PR പരിപാടികള്‍ അല്ല, ജാഗ്രതയാണ് ഇപ്പോള്‍ നമുക്കാവശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Harish Vasudevan against Swanthana Sparsham program by the government amid covid19