സഹികെടുമ്പോള്‍ ജനങ്ങള്‍ ചാട്ടവാറിനടിച്ചുണര്‍ത്തും, ഇത് പൊലീസ് രാജല്ല ജനാധിപത്യമാണ്; പിണറായി വിജയനെക്കൂടി അത് ഓര്‍മ്മിപ്പിക്കണം; പൊലീസിനെതിരെ ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: വയനാട് ജില്ലയിലെ ഫുട്‌ബോള്‍ ടര്‍ഫുകള്‍ രാത്രി പത്ത് മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന ജില്ലാ പൊലീസ് മേധവിയുടെ വിവാദ ഉത്തരവിനെതിരെ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍.
രാത്രിയില്‍ ഇറങ്ങി നടക്കുന്നവരെയും ഫുട്ബോള്‍ കളിക്കുന്നവരെയും ടര്‍ഫ് നടത്തുന്നവരെയും നിരോധിക്കാന്‍ കഴിയുന്ന കേരളമാണ് കേരള പോലീസും ആഭ്യന്തര വകുപ്പും സ്വപ്‌നം കാണുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഹരീഷ് ഇക്കാര്യത്തില്‍ തന്റെ എതിര്‍പ്പ് വ്യക്തമാക്കുന്നത്.
‘പൊലീസിന് സംശയമുള്ള, ഒരിക്കല്‍ ക്രിമിനല്‍ കേസില്‍ പെട്ട മനുഷ്യരെ പാതിരാത്രിയും കൊച്ചുവെളുപ്പിനും വീട്ടില്‍ക്കയറി നിരീക്ഷിക്കാനുള്ള അധികാരം പൊലീസിന് കിട്ടുന്ന കിണാശ്ശേരി ആണ് ആ സ്വപ്നം. സ്വന്തം വീട്ടില്‍ക്കിടന്നു എപ്പോ ഉറങ്ങണമെന്നു പോലീസ് തീരുമാനിക്കും.
മനുഷ്യരുടെ അന്തസും അഭിമാനവും ജീവിതവും തച്ചു തകര്‍ത്താലും, ആത്മഹത്യയിലേക്ക് നയിച്ചാലും 6 മാസം സസ്പെന്‍ഷന്‍, അത് കഴിഞ്ഞു സകല ആനുകൂല്യങ്ങളോടും കൂടെ തിരികെയെത്തി പഴയ ഗുണ്ടായിസം ആവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ഭരണമാണ് അവരുടെ സ്വപ്‌നം,’ അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആഭ്യന്തര വകുപ്പിനേയും ആഭ്യന്തരമന്ത്രിയേയും ഹരീഷ് വാസുദേവന്‍ കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്.
ഇപ്പോള്‍ സ്വപ്‌നലോകത്ത് മതിമറക്കുന്ന പൊലീസിനെ ജനം ചാട്ടവാറിടിച്ചുണര്‍ത്തുമെന്നും കാരണം ഇവിടെ നിലവിലുള്ളത് ഏകാധിപത്യമോ പൊലീസ് രാജോ അല്ലെന്നും ജനാധിപത്യവ്യവസ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
കേരള പൊലീസ് ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതിയേയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
സ്ഥിരം കുറ്റവാളികളുടെ വീട്ടില്‍ ദിവസവും 11 മണിക്കും പുലര്‍ച്ചെ നാല് മണിക്കും മധ്യേ അവരുടെ ഫോട്ടോ എടുത്ത് മൊബൈല്‍ ആപ്പിലൂടെ അതത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് അയക്കുന്നതാണ് പൊലീസിന്റെ പുതിയ പദ്ധതി. പട്രോളിംഗ് ഉദ്യോഗസ്ഥരാണ് ഈ പരിശോധന നടത്തേണ്ടത്.
ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരമുള്ള പദ്ധതി ആലപ്പുഴ, തൃശൂര്‍ കോട്ടയം എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും ഉടന്‍ ആരംഭിക്കും.
നവംബര്‍ 25നായിരുന്നു വയനാട് ജില്ലാ പൊലീസ് മേധവിയായ അരവിന്ദ് സുകുമാര്‍ ഐ.പി.എസ് ടര്‍ഫുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിചിത്രമായ ഉത്തരവിറക്കിയത്.
സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ച് പോകാതെ ടൗണുകളില്‍ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇങ്ങനെ ‘അസമയത്ത്’ പുറത്തിറങ്ങിയാല്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നും പറഞ്ഞായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
നിര്‍ദ്ദേശം ലംഘിച്ച് 10 മണിക്ക് ശേഷം ടര്‍ഫുകള്‍ പ്രവര്‍ത്തിച്ചാല്‍ ടര്‍ഫ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പൊലീസിന്റെ ഈ നടപടിയില്‍ വ്യാപകമായ പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം ഉണ്ടായിരുന്നത്.
കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസും ചില സ്വപ്നങ്ങള്‍ കാണുകയാണ്.
രാത്രി ഇറങ്ങി നടക്കുന്നവരെയും ഫുട്ബോള്‍ കളിക്കുന്നവരെയും ടര്‍ഫ് നടത്തുന്നവരെയും പൊലീസിന് നിരോധിക്കാന്‍ കഴിയുന്ന കേരളമാണ് ആ സ്വപ്നം.
നാട്ടുകാര്‍ എപ്പോ പുറത്തിറങ്ങണമെന്നു ജില്ലാ പോലീസ് മേധാവിമാര്‍ തീരുമാനിക്കും.
പൊലീസിന് സംശയമുള്ള, ഒരിക്കല്‍ ക്രിമിനല്‍ കേസില്‍ പെട്ട മനുഷ്യരെ പാതിരാത്രിയും കൊച്ചുവെളുപ്പിനും വീട്ടില്‍ക്കയറി നിരീക്ഷിക്കാനുള്ള അധികാരം പൊലീസിന് കിട്ടുന്ന കിണാശ്ശേരി ആണ് ആ സ്വപ്നം.
സ്വന്തം വീട്ടില്‍ക്കിടന്നു എപ്പോ ഉറങ്ങണമെന്നു പോലീസ് തീരുമാനിക്കും.
മനുഷ്യരുടെ അന്തസും അഭിമാനവും ജീവിതവും തച്ചു തകര്‍ത്താലും, ആത്മഹത്യയിലേക്ക് നയിച്ചാലും 6 മാസം സസ്പെന്‍ഷന്‍, അത് കഴിഞ്ഞു സകല ആനുകൂല്യങ്ങളോടും കൂടെ തിരികെയെത്തി പഴയ ഗുണ്ടായിസം ആവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ഭരണമാണ് അവരുടെ സ്വപ്‌നം.
ഇതിനു വിരുദ്ധമായി ജനങ്ങള്‍ ആരെങ്കിലും ശബ്ദിച്ചാല്‍ അതിനെ പ്രതിരോധിക്കുന്ന, പൊലീസിന്റെ മനോവീര്യം തകരാതെ നോക്കുന്ന ഒരു ആഭ്യന്തരമന്ത്രി ആണ് സ്വപ്നം.
പോലീസിന്റെ ഇമ്മാതിരി ആക്ഷന്‍ ഹീറോ ബിജു മോഡല്‍ തോന്നിയവാസങ്ങള്‍ക്ക് കയ്യടിക്കുന്ന സൈബര്‍ സ്പേസ് വെട്ടുകിളികള്‍ ആണ് സ്വപ്നം.
ആ സ്വപ്നമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷെ സ്വപ്നജീവികളെ സഹികെടുമ്പോള്‍ ജനം ചാട്ടവാറിന് അടിച്ചു ഉണര്‍ത്തും, കാരണം ഇത് ഏകാധിപത്യമല്ല, പോലീസ് രാജല്ല, ജനാധിപത്യമാണ്.
പിണറായി വിജയനെക്കൂടി അത് ഓര്‍മ്മിപ്പിക്കാന്‍ ഇന്നാട്ടിലെ പൗരന്മാര്‍ക്ക് ഭരണഘടനാബോധം ബാക്കിയുണ്ട്.