| Friday, 23rd October 2020, 9:01 am

പരദൂഷണത്തിന് പോലും അഞ്ച് വര്‍ഷം തടവ് ലഭിക്കുന്ന നിയമം; കേരളത്തിന്റെ സൈബര്‍ ഓഡിനന്‍സ് വഴിവെക്കുക പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിന്: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൈബര്‍ ഇടത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായി സര്‍ക്കാര്‍ പാസാക്കിയ ഓഡിനന്‍സിനെതിരെ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഓഡിനന്‍സ് ജനാധിപത്യവിരുദ്ധവും, ഭരണഘടനയുടെ ലംഘനവുമാണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.

സൈബര്‍ അതിക്രമങ്ങളെ തടയാന്‍ കേരള പൊലീസ് നിയമത്തില്‍ ഭേദഗഗതി വരുത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങള്‍ക്കും വ്യക്തിഹത്യയ്ക്കും കേസെടുക്കാന്‍ പൊലീസിന് നേരിട്ട് അധികാരം നല്‍കുന്ന ഓഡിനന്‍സിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയത്.

”അങ്ങേയറ്റം ഗുരുതരവും ഭരണഘടനാ വിരുദ്ധവുമായ ഓഡിനന്‍സാണ് കേരള സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് കൊണ്ടുവന്നത്.

ഇത് പൗരവകാശങ്ങളുടെ ലംഘനമാകാന്‍ പോകുന്നതും അധികാര ദുര്‍വിനിയോഗത്തിലേക്ക് നയിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്”, ഹരീഷ് വാസുദേവന്‍ പറഞ്ഞു.

ഒരാള്‍ക്ക് മാനനഷ്ടമുണ്ടാക്കിയാല്‍ അത് സിവില്‍ ഒഫന്‍സും ക്രിമിനല്‍ ഒഫന്‍സുമാണ്. ഇത് ക്രിമിനല്‍ ഒഫാന്‍സ് ആക്കുന്നതില്‍ ചില ഇളവുകള്‍ ഉണ്ട്.

സത്യമാണ് പറയുന്നതെങ്കില്‍ അത് മാനനഷ്ടമുണ്ടാക്കിയാല്‍ പോലും ക്രിമിനല്‍ കേസാകുകയില്ല പുതിയ നിയമം പൊലീസിന് നേരിട്ട് കേസെടുക്കാന്‍ അധികാരം നല്‍കുന്നതാണ്.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അല്ലെങ്കില്‍ സത്യം പറയുന്നവനെ അകത്താക്കുന്ന നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് അധികാര ദുര്‍വിനിയാേഗത്തിന് പൊലീസിന് അവസരമൊരുക്കുകയാണ് ചെയ്യുകയെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.

പൊലീസിന് അധികാരം കൊടുക്കുമ്പോള്‍ മജിസ്റ്റീരിയല്‍ പവര്‍ വെച്ച് പരിശോധിച്ചിട്ട് മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സ്ത്രീസമൂഹം എന്താണോ അവകാശപ്പെടുന്നത് അതിന് കടകവിരുദ്ധമായ നിയമമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള ഭേദഗതികള്‍ കൊണ്ടുവരുമ്പോള്‍ വിദഗ്ധരോട് അഭിപ്രായം തേടി, ശേഷം കേരള സമൂഹത്തിന്റെ മുന്‍പില്‍ വെച്ചതിന് ശേഷമേ അത് നിയമമാക്കാന്‍ കഴിയുകയുള്ളൂ.

രണ്ടുപേര്‍ തമ്മില്‍ സംസാരിച്ചാല്‍ അതിനകത്ത് പരദൂഷണം ഉണ്ടെങ്കില്‍ അവരെ അഞ്ച് വര്‍ഷം പിടിച്ച് തടവിലിടാന്‍ സാധിക്കുന്ന നിയമമാണ് കൊണ്ടുവന്നിരിക്കുന്നത്.

ഇന്റര്‍നെറ്റിലൂടെ സ്ത്രീത്വത്തെ അപമാനിച്ചാല്‍ ആ മാധ്യമത്തിനെതിരെ നടപടിയെടുക്കാന്‍ നിലവില്‍ പൊലീസിന് അധികാരമില്ല. അതിനൊക്കെയാണ് നിയമം വേണ്ടത്.

സൈബര്‍ സ്‌പേസിലെ അതിക്രമങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ ഓഡിനന്‍സ് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവരസാങ്കേതിക വിദ്യാനിയമം 66 എ വകുപ്പ് സുപ്രീം കോടതി 2015ല്‍ റദ്ദാക്കിയിരുന്നു.

ഇതിന് അനുബന്ധമായി നിലനിന്നിരുന്ന കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും റദ്ദാക്കിയിരുന്നു. ഈ വകുപ്പില്‍ ഭേദഗതിവരുത്താനാണ് സംസ്ഥാന മന്ത്രിസഭ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Harish Vasudevan against Kerala Govt ordinance against cyber abuse

We use cookies to give you the best possible experience. Learn more