| Saturday, 18th July 2020, 3:13 pm

പാലത്തായി കേസ് അട്ടിമറിക്കാന്‍ ഇടപെട്ടത് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത്; ചുമതലയില്‍ നിന്നു നീക്കണം: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലത്തായി കേസ് അട്ടിമറിക്കാന്‍ ഇപ്പോള്‍ ഇടപെട്ടത് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്താണെന്നും അദ്ദേഹത്തെ ചുമതലയില്‍ നിന്ന് അടിയന്തിരമായി നീക്കണമെന്നും സാമൂഹ്യനിരീക്ഷകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍.

അന്വേഷണം പൂര്‍ത്തിയാകാത്ത ഒരു കേസ്സില്‍ അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങള്‍ കോര്‍ത്ത് ഇണക്കി, കേസ് അട്ടിമറിക്കാന്‍ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയന്‍സും തെരഞ്ഞു പെറുക്കി ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണില്‍ വിശദീകരിച്ചു നല്‍കുകയാണ് ഐ.ജി ശ്രീജിത്ത് ചെയ്‌തെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി.

അന്വേഷണ ഡയറിയില്‍ പ്രതിഭാഗത്തിനു ഒരുകാലത്തും ആക്‌സസ് ഇല്ലാത്ത വിവരങ്ങളാണ് പോലീസ് തന്നെ ഫോണില്‍ പറഞ്ഞു കൊടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരത്തില്‍ നഗ്‌നമായ നിയമലംഘനം നടത്തിയ ഐ.ജി ശ്രീജിത്താണ് ഈ കേസ് തുടര്‍ന്നു മേല്‍നോട്ടം വഹിക്കുന്നതെങ്കില്‍ പിന്നെന്തിനാണ് തുടരന്വേഷണമെന്നും പ്രതിയെ വെറുതേ വിട്ടാല്‍ പോരെ എന്നും ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിഞ്ഞു കൊണ്ടാണോ ഇമ്മാതിരി പരിപാടി തുടങ്ങിയതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ശ്രീജിത്തിന്റെ നടപടിയെപ്പറ്റി അന്വേഷണം വേണം. കേസിന്റെ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണം. പ്രതിപക്ഷവും ഭരണകക്ഷിയും ആരായാലും ഈ ആവശ്യം ഉന്നയിക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ലെന്നും ഹരീഷ് തുടരുന്നു.

പിണറായി വിജയാ, നിങ്ങളുടെയാണ് 11 വയസുകാരി മോളെങ്കില്‍, ആ മോളുടെ ബലാല്‍സംഗ പരാതിയിലാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ ഇമ്മാതിരി തോന്ന്യവാസം കാണിച്ചാല്‍ നിങ്ങള്‍ നോക്കി നില്‍ക്കുമോ? ഇല്ലെങ്കില്‍ പിന്നെ ഇതിലെന്താണ് അമാന്തം? ഇത് ആ കേസിന്റെ മാത്രം പ്രശ്‌നമല്ല, ക്രൈംബ്രാഞ്ചിന്റെ വിശ്വാസ്യതയുടെ പ്രശ്‌നമാണ്. അവനവനു നേരെ അനീതി വരുമ്പോഴേ മനസ്സിലാവൂ എന്നാണോ??’ ഹരീഷ് ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

IG ശ്രീജിത്തിനെ നീക്കം ചെയ്യണം.

പാലത്തായി കേസിലെ സത്യം അന്വേഷിക്കാൻ ഇനിയും വസ്തുതകൾ ലഭിക്കേണ്ടതുണ്ട്. പ്രാഥമികമായി നോക്കുമ്പോൾ, പോലീസ് തന്നെ രണ്ടാമത് ഇരയുടെ മൊഴിയെടുത്തത് അടക്കം പ്രതിക്ക് സഹായകമായി വന്നു എന്നാണ്. അതിലേക്ക് പിന്നീട് വരാം, തെളിവുകളുമായി.

എന്നാൽ, അന്വേഷണം പൂർത്തിയാകാത്ത ഒരു കേസിലെ, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങൾ കോർത്ത് ഇണക്കി, കേസ് അട്ടിമറിക്കാൻ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയൻസും തെരഞ്ഞു പെറുക്കി ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണിൽ വിശദീകരിച്ചു നൽകിയത്, കേസിനു മേൽനോട്ടം നടത്തിയ IG ശ്രീജിത്ത് ആണ്. അന്വേഷണ ഡയറിയിൽ പ്രതിഭാഗത്തിനു ഒരുകാലത്തും ആക്സസ് ഇല്ലാത്ത വിവരങ്ങളാണ് പോലീസ് തന്നെ ഫോണിൽ പറഞ്ഞു കൊടുക്കുന്നത് !!

IG ശ്രീജിത്ത് നടത്തിയത് നഗ്നമായ നിയമലംഘനമാണ്. അയാളാണോ ഈ കേസ് തുടർന്നു മേൽനോട്ടം വഹിക്കുക? എങ്കിൽ പിന്നെന്തിനാണ് തുടരന്വേഷണം? പ്രതിയെ വെറുതേ വിട്ടാൽ പോരെ?? ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി അറിഞ്ഞു കൊണ്ടാണോ ഇമ്മാതിരി പരിപാടി തുടങ്ങിയത്??

ഈ കേസ് അട്ടിമറിക്കാൻ ഇപ്പോൾ ഇടപെട്ടത് ക്രൈം ബ്രാഞ്ച് IG ശ്രീജിത്ത് ആണ്. ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് അടിയന്തിരമായി നീക്കണം. ശ്രീജിത്തിന്റെ നടപടിയെപ്പറ്റി അന്വേഷണം വേണം. കേസിന്റെ ചുമതല മറ്റൊരാളെ ഏൽപ്പിക്കണം. പ്രതിപക്ഷവും ഭരണകക്ഷിയും ആരായാലും ഈ ആവശ്യം ഉന്നയിക്കാൻ വൈകുന്നത് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല.

പിണറായി വിജയാ, നിങ്ങളുടെയാണ് 11 വയസുകാരി മോളെങ്കിൽ, ആ മോളുടെ ബലാൽസംഗ പരാതിയിലാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ IG കേസ് നടക്കുന്ന സമയത്ത് ഇമ്മാതിരി തോന്ന്യവാസം കാണിച്ചാൽ നിങ്ങൾ നോക്കി നിൽക്കുമോ? ഇല്ലെങ്കിൽ പിന്നെ ഇതിലെന്താണ് അമാന്തം? ഇത് ആ കേസിന്റെ മാത്രം പ്രശ്നമല്ല, ക്രൈംബ്രാഞ്ചിന്റെ വിശ്വാസ്യതയുടെ പ്രശ്നമാണ്. അവനവനു നേരെ അനീതി വരുമ്പോഴേ മനസ്സിലാവൂ എന്നാണോ??

ഈ കേസിൽ ഇനി സത്യസന്ധമായ അന്വേഷണം നടക്കണമെങ്കിൽ IG ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് ഇന്നുതന്നെ മാറ്റണം. അല്ലാതെയുള്ള തുടർഅന്വേഷണം പ്രഹസനമാകും.

ഈ ആവശ്യം ഞാൻ മുഖ്യമന്ത്രിക്ക് പരാതി ആയി അയക്കുന്നു. എന്നോട് യോജിക്കുന്നവർ മുഖ്യമന്ത്രിക്ക് email ആയി പരാതി അയക്കണം. നടപടി ഇല്ലെങ്കിൽ ബാക്കി കോടതിയിൽ കാണാം. പോസ്റ്റിനു കീഴിൽ പിന്തുണ പ്രഖ്യാപിക്കുന്നവർ ഒരു വരി ആവശ്യമെങ്കിലും പരാതി കൊടുക്കാതെ അതിൽ ആത്മാർത്ഥത ഉണ്ടെന്നു ഞാൻ കരുതില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more