| Sunday, 6th December 2020, 1:25 pm

'കേരളത്തിന് വേണമെങ്കില്‍ മലിന ഓടയ്ക്ക് മോദിയെന്ന് പേരിടാം'; ഗോള്‍വാക്കര്‍ വിവാദത്തില്‍ ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍.

ശാസ്ത്രത്തിനും ഗുണപരമായ സാമൂഹ്യമാറ്റത്തിനും എന്തെങ്കിലും സംഭാവന ചെയ്തവരുടെ പേര് വേണം സ്ഥാപനങ്ങള്‍ക്ക് ഇടാനെന്ന് അറിയാത്തതുകൊണ്ടല്ലല്ലോ ഇവരുടെയൊക്കെ പേര് നിര്‍ദേശിക്കപ്പെടുന്നത്. ബി.ജെ.പി മാത്രമല്ല നാളെ ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴും ഇത്തരം തോന്ന്യാസങ്ങളെ നാം അംഗീകരിക്കരുതെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് എന്തു പേരിട്ടാലും കേരളത്തിലെ ഏറ്റവും ആദ്യത്തെ വാക്സിന്‍ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.പല്‍പ്പുവിന്റെ പേരില്‍ മാത്രമേ ആ ക്യാമ്പസിനെ അഭിസംബോധന ചെയ്യുകയുള്ളൂ എന്ന് മലയാളികള്‍ തീരുമാനിക്കണമെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പനിന് ഗോള്‍വാക്കറുടെ പേരിടാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പേരിടല്‍ – പ്രതിരോധം എങ്ങനെ?

ഒരു സ്ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം അധികാരത്തിന്റെ ധാര്‍ഷ്ട്യം മാത്രമാണെന്ന് ആണല്ലോ ആര്‍.എസ്.എസ് ഉം ബി.ജെ.പിയും പറയാതെ പറയുന്നത്. അതുകൊണ്ടാണല്ലോ ഒരു ദേശവിരുദ്ധന്റെ, ശാസ്ത്രവിരുദ്ധന്റെ പേര് തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ശാസ്ത്രസ്ഥാപനത്തിന് ഇടാന്‍ തീരുമാനിച്ചതും.

ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ മാലിന്യ ഓടകള്‍ക്കു വേണമെങ്കില്‍ നരേന്ദ്രമോദിയുടെയോ ഹര്‍ഷവര്‍ദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്. പാടില്ലെന്ന് നിയമത്തില്‍ എവിടെയും പറയുന്നില്ലല്ലോ. പക്ഷെ അവര്‍ക്ക് അതുകൊണ്ടും മാറ്റമുണ്ടാകില്ല. ഒരു ഓടയുടെ പേരില്‍ പോലും ജനങ്ങള്‍ സ്മരിക്കേണ്ട പേരുകളുമല്ല ഇതൊന്നും.

ശാസ്ത്രത്തിനും ഗുണപരമായ സാമൂഹ്യമാറ്റത്തിനും എന്തെങ്കിലും സംഭാവന ചെയ്തവരുടെ പേര് വേണം സ്ഥാപനങ്ങള്‍ക്കു ഇടാന്‍ എന്ന് അറിയാഞ്ഞിട്ടല്ലല്ലോ ഇക്കണ്ട ഊച്ചാളികളുടെ ഒക്കെ പേര് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. ഇത് ബി.ജെ.പിക്ക് മാത്രമല്ല, നാളെ ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴും ഇമ്മാതിരി തോന്ന്യാസം കാണിച്ചാല്‍ നാം അംഗീകരിക്കരുത്.

എങ്ങനെയാണ് നാം പ്രതിരോധിക്കുക?

മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കേരളത്തിന്റെ ഭൂരിപക്ഷ അഭിപ്രായം കത്ത് ആയി എഴുതിയത് സ്വാഗതാര്‍ഹമാണ്. കേരളത്തിലെ ഏറ്റവും ആദ്യത്തെ വാക്സിന്‍ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ.പല്‍പ്പുവിന്റെ പേരിടണം എന്ന ഡോ.ശശി തരൂരിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്.

കേന്ദ്രസര്‍ക്കാര്‍ എന്ത് പേരിട്ടാലും ഞങ്ങള്‍ അതിനെ ഡോ.പല്‍പ്പുവിന്റെ പേരില്‍ മാത്രമേ വിളിക്കൂ എന്നു മലയാളി തീരുമാനിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക രേഖകളില്‍ ഡോ.പല്‍പ്പുവിന്റെ പേരിലുള്ള തിരുവനന്തപുരത്തെ സ്ഥാപനം എന്നു തന്നെ എഴുതണം, ബ്രാക്കറ്റില്‍ കേന്ദ്രമിട്ട പേരും എഴുതട്ടെ.

ജനങ്ങള്‍, മാധ്യമങ്ങള്‍ ഒക്കെ ഡോ.പല്‍പ്പുവിന്റെ പേരിലുള്ള സ്ഥാപനമായി മാത്രം കണ്ടാല്‍ കേന്ദ്രമിടുന്ന പേര് ക്രമേണ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാകും. ഡോ.പല്‍പ്പുവിന്റെ പേരില്‍ ആ സ്ഥാപനത്തെ ജനകീയമാക്കണം. ആ രാഷ്ട്രീയ വെല്ലുവിളി കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.ബിജെപി സര്‍ക്കാര്‍ ഏത് നാറിയുടെ പേരിട്ടാലും എനിക്ക് ഇന്നുമുതല്‍ അത് ഡോ.പല്‍പ്പുവിന്റെ പേരിലുള്ള സ്ഥാപനമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Harish Vasudevan about Golwakar issue

We use cookies to give you the best possible experience. Learn more