| Wednesday, 27th June 2018, 2:42 pm

'അമ്മ'യുടെ ഭാഗമായ ഒരാളുടെയും സിനിമ ഇനി കാണില്ല; ഇവരുടെ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും സഹകരിക്കില്ല: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: “അമ്മ” എന്ന സംഘടനയുടെ ഭാഗമായ ഒരാളുടെയും ഒരു സിനിമയും ഇനി മുതല്‍ കാണില്ലെന്നും ഇവരുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും ഇനി സഹകരിക്കില്ലെന്നും അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍.

അമ്മയുടെ തീരുമാനത്തോട് വിയോജിപ്പ് അറിയിക്കുന്ന നടീനടന്മാരുടെ ചിത്രങ്ങള്‍ മാത്രമാവും താന്‍ ഇനി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്നും പരമാവധി സുഹൃത്തുക്കളോടും ഈ ബഹിഷ്‌കരണം തുടങ്ങാന്‍ തന്നാല്‍ കഴിയുംവിധം നിര്‍ബന്ധിക്കുമെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ക്രിമിനലുകളോട് സന്ധി ചെയ്യുന്ന തീയറ്റര്‍ ഉടമകളെ ഇക്കാര്യം എഴുതി അറിയിക്കും, പാര്‍ക്കിങ് സ്പേസ് മുതല്‍ നികുതിയടവ് വരെ അവരുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷണങ്ങള്‍ ആരംഭിക്കും.


അമ്മയില്‍ കൂട്ടരാജി; കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല


താരരാജാക്കന്മാരും അവരെ പിന്തുണയ്ക്കുന്നവരും വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ക്ക് വരുമാന നികുതി അടയ്ക്കുന്നുണ്ടോ എന്നും രേഖാമൂലം അന്വേഷിക്കും. ഈ മാഫിയാ ബന്ധം വളരുന്നത് കണ്ടുനില്‍ക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഹരീഷ് പറയുന്നു.

അമ്മ എന്ന കൂട്ടായ്മ തെറ്റു തിരുത്തുംവരെ, മലയാളിയുടെ രാഷ്ട്രീയബോധത്തെ പരസ്യമായി ബഹുമാനിക്കുന്നത് വരെ ഞാനീ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കും. എന്റെ നൂറുരൂപ കോടികളുടെ സിനിമാവ്യവസായത്തില്‍ ഒന്നുമല്ലായിരിക്കാം, എന്നാല്‍ പലരുടെ പല നൂറുരൂപകളാണ് കോടികളായി മാറുന്നത്.

സംഭവിച്ചത് നിങ്ങളുടെ പെങ്ങള്‍ക്കോ സുഹൃത്തിനോ കുടുംബാംഗത്തിനോ ആണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളൂ. കഴിയാവുന്നത്ര, ഈ സമരത്തില്‍ നമുക്ക് സ്ത്രീത്വത്തെ പിന്തുണയ്ക്കാമെന്നും ഹരീഷ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അമ്മയും രാജിയും
—————————–
അങ്ങേയറ്റം പ്രതിലോമകരമായ, പിന്തിരിപ്പനായ, സ്ത്രീവിരുദ്ധരായ, മലയാള സിനിമാ വ്യവസായത്തിലെ ആ അറുവഷളന്‍ ആള്‍ക്കൂട്ടമാണ് AMMA എന്ന പേരില്‍ സംഘടിച്ചിരിക്കുന്നത്. ഇവരാണ് മലയാളി ഇന്നോളം നേടിയ ലിംഗസമത്വ മൂല്യങ്ങള്‍ക്ക് മേല്‍ പാട്രിയാര്‍ക്കിയുടെ കസേര വലിച്ചിട്ടിരുന്നു കാര്‍ക്കിച്ചു തുപ്പുന്നത്.


അമ്മയില്‍ നിന്നും രാജിവെക്കുന്നതായി ആക്രമണത്തെ അതിജീവിച്ച നടി


ഇവരെ പേര്‍ത്തും പേര്‍ത്തും കണ്ടും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും പണം കൊടുത്തും മിന്നുന്ന “താരങ്ങള്‍ ആക്കിയ നമ്മള്‍ പ്രേക്ഷകരുടെ മുഖത്താണ് ഇപ്പോള്‍ ആ തുപ്പല്‍ വീഴുന്നത്. ആ കൂട്ടായ്മയുടെ നെറികേടിന്റെ ഭാഗമാകാന്‍ ഇനി ഞങ്ങളില്ല എന്ന് ചില മുന്‍നിര നടിമാര്‍ക്ക് പരസ്യമായി പറയേണ്ടി വന്നത്, അവരുടെ കൂലിതര്‍ക്കങ്ങളുടെ പേരിലോ സ്വാര്‍ത്ഥ ലാഭത്തിനോ അല്ല, മലയാള സിനിമാ വ്യവസായത്തില്‍ പണിയെടുത്ത് ജീവിക്കുന്ന ഓരോ പെണ്ണിനും ഭരണഘടന അനുവദിക്കുന്ന ലിംഗസമത്വം എന്ന അവകാശം പോരാടി നേടുന്നതിനാണ്. സ്വന്തം തൊഴില്‍ ഇടം പ്രതിസന്ധിയിലാക്കിയും ഈ രാജി പ്രഖ്യാപിച്ച ആ നടിമാര്‍ക്ക് പിന്തുണ കൊടുത്തില്ലെങ്കില്‍, ഇന്ന് നാം മൗനം പാലിച്ചാല്‍, നമ്മളും ഈ അനീതിയുടെ ഭാഗമാണെന്ന് കാലം വിധിയെഴുതും.

ഒരല്‍പം വൈകാരികമാവാം, എന്നാലും എനിക്ക് എന്റെ പരിമിതികളില്‍ നിന്ന് ചെയ്യാവുന്ന ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. “അമ്മ” എന്ന സംഘടനയുടെ ഭാഗമായ ഒരാളുടെയും ഒരു സിനിമയും ഞാന്‍ കാണില്ല. പരമാവധി സുഹൃത്തുക്കളോടും ഈ ബഹിഷ്‌കരണം തുടങ്ങാന്‍ എന്നാല്‍ കഴിയുംവിധം ഞാന്‍ നിര്‍ബന്ധിക്കും. ഇവരുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും ഞാന്‍ ഇനി സഹകരിക്കില്ല. അമ്മയുടെ തീരുമാനത്തോട് വിയോജിപ്പ് അറിയിക്കുന്ന നടീനടന്മാരുടെ ചിത്രങ്ങള്‍ മാത്രമാവും ഞാന്‍ ഇനി കാണുക, പ്രോത്സാഹിപ്പിക്കുക.

തീര്‍ന്നില്ല, ക്രിമിനലുകളോട് സന്ധി ചെയ്യുന്ന തീയറ്റര്‍ ഉടമകളെ ഇക്കാര്യം എഴുതി അറിയിക്കും, പാര്‍ക്കിങ് സ്പേസ് മുതല്‍ നികുതിയടവ് വരെ അവരുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷണങ്ങള്‍ ആരംഭിക്കും.

താരരാജാക്കന്മാരും അവരെ പിന്തുണയ്ക്കുന്നവരും വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ക്ക് വരുമാന നികുതി അടയ്ക്കുന്നുണ്ടോ എന്നും രേഖാമൂലം അന്വേഷിക്കും. ഈ മാഫിയാ ബന്ധം വളരുന്നത് കണ്ടുനില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

അമ്മ എന്ന കൂട്ടായ്മ തെറ്റു തിരുത്തുംവരെ, മലയാളിയുടെ രാഷ്ട്രീയബോധത്തെ പരസ്യമായി ബഹുമാനിക്കുന്നത് വരെ ഞാനീ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കും. എന്റെ നൂറുരൂപ കോടികളുടെ സിനിമാവ്യവസായത്തില്‍ ഒന്നുമല്ലായിരിക്കാം, എന്നാല്‍ പലരുടെ പല നൂറുരൂപകളാണ് കോടികളായി മാറുന്നത്.

സംഭവിച്ചത് നിങ്ങളുടെ പെങ്ങള്‍ക്കോ സുഹൃത്തിനോ കുടുംബാംഗത്തിനോ ആണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളൂ. കഴിയാവുന്നത്ര, ഈ സമരത്തില്‍ നമുക്ക് സ്ത്രീത്വത്തെ പിന്തുണയ്ക്കാം.

Latest Stories

We use cookies to give you the best possible experience. Learn more