| Monday, 23rd September 2024, 10:24 pm

മലയാളത്തിലെ മികച്ച ലവ് സ്റ്റോറികളിലൊന്ന്; ഞാന്‍ ആ നടനോട് എപ്പോഴും സിനിമയെ പറ്റി പറയാറുണ്ട്: ഹരീഷ് ഉത്തമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മായാനദി എന്ന സിനിമ തന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണെന്ന് പറയുകയാണ് നടന്‍ ഹരീഷ് ഉത്തമന്‍. തന്നോട് ആരെങ്കിലും പ്രിയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ അതില്‍ മായാനദിയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഐശ്വര്യ ലക്ഷ്മിയും ടൊവിനോ തോമസും ഒന്നിച്ച ഈ സിനിമ 2017ലായിരുന്നു പുറത്തിറങ്ങിയത്.

ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ ഹരീഷ് ഉത്തമന്‍ അഭിനയിച്ചിരുന്നു. മലയാളത്തിലെ മികച്ച ലവ് സ്റ്റോറികളില്‍ ഒന്നാണ് മായാനദിയെന്നും നടന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ കടൈസി ഉലഗ പോറിന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരീഷ്.

‘മായാനദി എന്ന സിനിമ എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നുതന്നെയാണ്. ആ സിനിമയില്‍ അഭിനയിച്ചത് കൊണ്ടല്ല ഞാനത് പറഞ്ഞത്. എന്നോട് ആരെങ്കിലും എന്റെ പ്രിയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയുന്ന സിനിമകളില്‍ മായാനദിയുണ്ടാകും.

മലയാളത്തിലെ ഏറ്റവും മികച്ച ലവ് സ്റ്റോറികളില്‍ ഒന്നുതന്നെയാണ് മായാനദി. ഒരു പ്രണയത്തെ കുറിച്ച് ഇങ്ങനെയൊരു രീതിയില്‍ പറയുന്നത് ഞാന്‍ അധികമൊന്നും കണ്ടിട്ടില്ല. മായാനദി എന്ന സിനിമ എന്നും എന്റെ ഫേവറൈറ്റ് തന്നെയാണ്.

പിന്നെ ഈ സിനിമയില്‍ നായകനായ ടൊവിനോക്കും എനിക്കും ഒരു കണക്ഷനുണ്ട്. എന്നിട്ടും ഞങ്ങള്‍ സിനിമയില്‍ പരസ്പരം സംസാരിക്കുന്നില്ല. ഞങ്ങള്‍ക്കിടയില്‍ ഡയലോഗുകള്‍ ഇല്ലെന്ന് വേണം പറയാന്‍. എന്നാല്‍ അതേസമയം പരസ്പരമുള്ള നോട്ടത്തില്‍ ആ കണക്ഷന്‍ വ്യക്തമാകുകയും ചെയ്യും.

സിനിമയിലെ ആ കഥാപാത്രമായി നോക്കുമ്പോള്‍ എനിക്ക് എവിടെയോ അയാള്‍ (മാത്തന്‍) മരിക്കരുതെന്ന ചിന്തയുണ്ടായിരുന്നു. വളരെ മനോഹരമായ ഒരു യാത്രയായിരുന്നു മായാനദിയെന്ന സിനിമ. ഓരോ തവണ ആ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴും എനിക്ക് സന്തോഷം തോന്നും. ടൊവിനോയോട് ആ കാര്യം ഞാന്‍ എപ്പോഴും പറയാറുണ്ട്,’ ഹരീഷ് ഉത്തമന്‍ പറഞ്ഞു.


Content Highlight: Harish Uthaman Talks About Tovino Thomas

We use cookies to give you the best possible experience. Learn more