| Thursday, 19th September 2024, 10:39 pm

എന്റെ പ്രിയപ്പെട്ട ടൊവിനോ ചിത്രം; ഓരോ തവണ ഓര്‍ക്കുമ്പോഴും സന്തോഷം നല്‍കുന്ന സിനിമ: ഹരീഷ് ഉത്തമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാം പുഷ്‌കരനും ദിലീഷ് നായരും എഴുതി ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് മായാനദി. ഐശ്വര്യ ലക്ഷ്മിയും ടൊവിനോ തോമസും ഒന്നിച്ച ഈ സിനിമ 2017ലായിരുന്നു പുറത്തിറങ്ങിയത്. ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് അതിലെ അപ്പുവും മാത്തനും.

മായാനദിയില്‍ വ്യത്യസ്തമായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമന്‍. ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഹരീഷ്. തന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് മായാനദിയെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ കടൈസി ഉലഗ പോറിന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരീഷ് ഉത്തമന്‍.

‘മായാനദി എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ഞാന്‍ ആ സിനിമയുടെ ഭാഗമായത് കൊണ്ടല്ല അത് പറയുന്നത്. എന്നോട് എന്റെ പ്രിയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ അതില്‍ തീര്‍ച്ചയായും മായാനദിയും ഉണ്ടാകും. ഏറ്റവും മികച്ച ലവ് സ്‌റ്റോറികളില്‍ ഒന്നാണ് അത്.

പ്രണയം ഇങ്ങനെയൊരു രീതിയില്‍ പറയുന്നത് ഞാന്‍ അധികം കണ്ടിട്ടില്ല. മായാനദി എപ്പോഴും എന്റെ ഫേവറൈറ്റ് സിനിമ തന്നെയാണ്. ടൊവിനോക്കും എനിക്കും ആ സിനിമയില്‍ കണക്ഷനുണ്ട്. എന്നിട്ടും ഞങ്ങള്‍ അതില്‍ പരസ്പരം സംസാരിക്കുന്നില്ല.

ഞങ്ങള്‍ക്കിടയില്‍ ഡയലോഗുകള്‍ ഇല്ല. എന്നാല്‍ പരസ്പരമുള്ള നോട്ടത്തില്‍ ആ കണക്ഷന്‍ വ്യക്തമാകും. ആ കഥാപാത്രമായി നോക്കുമ്പോള്‍ എനിക്ക് എവിടെയോ മാത്തന്‍ മരിക്കാന്‍ പാടില്ലെന്ന ചിന്തയുണ്ട്. ആ കാര്യം ഡയലോഗിലൂടെ പറയാതെ തന്നെ പറയുന്നുണ്ട്.

അത് വലിയ രീതിയില്‍ സിനിമയില്‍ വര്‍ക്ക് ആകുകയും ചെയ്തിട്ടുണ്ട്. വളരെ മനോഹരമായ ഒരു യാത്ര തന്നെയായിരുന്നു ആ സിനിമ. ഓരോ തവണ ആ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോഴും സന്തോഷം തോന്നാറുണ്ട്. ടൊവിയോട് ആ കാര്യം ഞാന്‍ എപ്പോഴും സംസാരിക്കാറുണ്ട്,’ ഹരീഷ് ഉത്തമന്‍ പറയുന്നു.


Content Highlight: Harish Uthaman Talks About Mayanadhi

We use cookies to give you the best possible experience. Learn more