തെന്നിന്ത്യന്‍ സിനിമയിലാകെ വില്ലന്‍ വേഷങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഹരീഷ് ഉത്തമന്‍. ഇദ്ദേഹം മലയാളിയാണെന്ന് തന്നെ വൈകിയാണ് പലരും മനസിലാക്കിയത്. കേരളത്തിന് പുറത്ത് ബോംബെയില്‍ വരെ ആളുകള്‍ മലയാള സിനിമയിലെ ഓരോ അപ്‌ഡേറ്റുകളും നോക്കാറുണ്ടെന്ന് പറയുകയാണ് ഹരീഷ് ഉത്തമന്‍. മലയാള സിനിമയുടെ ഭാഗമാണെന്ന് പറയുന്നതില്‍ സന്തോഷമുണ്ടെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് പറഞ്ഞു.
‘മലയാള സിനിമയില്‍ പെട്ടെന്ന് ഷൂട്ട് തീരും. 30, 35, 45 ദിവസം കൊണ്ട് ഷൂട്ട് തീരും. അതൊരു വലിയ ഫാക്ടറാണ്. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിന് പോയപ്പോള്‍ ജൂനിയര്‍ എന്‍.ടി.ആര്‍ എന്നോട് ചോദിച്ചു, എങ്ങനെയാണ് മലയാളത്തില്‍ 40 ദിവസം കൊണ്ട് ഒരു സിനിമ ഷൂട്ട് ചെയ്യുന്നതെന്ന്. ഷൂട്ട് തീര്‍ത്ത് മൂന്നാമത്തെ മാസം റിലീസും ചെയ്യും. അവിടെയൊക്കെ കുറഞ്ഞത് 100 ദിവസമെങ്കിലും ഷൂട്ട് ചെയ്യും. 100 ദിവസം പോലും ഷൂട്ട് ചെയ്യുന്നില്ലേയെന്നാണ് അവിടെ ചോദിക്കുന്നത്.
ബോംബെയില്‍ നിന്ന് പോലും എല്ലാരും മലയാള സിനിമയെ നോക്കുന്നുണ്ട്. ആക്ടേഴ്‌സായിക്കോട്ടെ കണ്ടന്റ് ആയിക്കോട്ടെ റിലീസാവുന്ന സിനിമയായിക്കോട്ടെ, എല്ലാം അവിടെ അപ്‌ഡേറ്റഡാണ്.
ഹൈദരബാദില്‍ ചെല്ലുമ്പോള്‍ മലയാളസിനിമയിലാണ് എന്ന് പറഞ്ഞാല്‍ ഭയങ്കര ക്യൂരിയസാവും ആളുകള്‍. ഏത് ഇന്‍ഡസ്ട്രിയില്‍ പോയാലും മലയാള സിനിമയുടെ ഭാഗമാണെന്ന് പറയുന്നത് ഭയങ്കര സന്തോഷമാണ്,’ ഹരീഷ് പറഞ്ഞു.
ഇനി ഉത്തരം ആണ് ഏറ്റവും പുതുതായി റിലീസ് ചെയ്ത ഹരീഷിന്‍റെ ചിത്രം. അപര്‍ണ ബാലമുരളി നായികയായ ചിത്രം ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: harish uthaman says Junior NTR asked him how Malayalam film industry shoot a film with in 40 days