ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകളുമായി മുന്നേറുന്ന കന്നട ചിത്രം കാന്താരക്കെതിരെ കോപ്പിയടി ആരോപണം. ചിത്രത്തിലെ പ്രധാന പാട്ടുകളിലൊന്നായ ‘വരാഹരൂപം’ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടില്‍ നിന്നും കോപ്പിയടിച്ചതാണെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം.
നേരത്തെ തന്നെ ചില പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിഷയം ഉന്നയിച്ചു കൊണ്ട് ശക്തമായ വിമര്‍ശനം മുന്നോട്ടുവെച്ചിരിക്കുകയാണ്.
”വരാഹ രൂപം’ എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയ കൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്,’ എന്നാണ് ഹരീഷ് പറഞ്ഞിരിക്കുന്നത്.
കാന്താരയുടെ റിലീസിന് തൊട്ടുപിന്നാലെ കോപ്പിയടി ആരോപണം ഉയര്‍ന്നപ്പോള്‍ സംഗീത സംവിധായകന്‍ അജനീഷ് ലോകേഷ് മറുപടി നല്‍കിയിരുന്നു.
തങ്ങള്‍ ഒരു ട്യൂണും കോപ്പിയടിച്ചിട്ടില്ലെന്നും കമ്പോസിഷന്‍ പൂര്‍ണമായും വ്യത്യസ്തമാണെന്നുമായിരുന്നു അന്ന് അജനീഷ് ചില അഭിമുഖങ്ങളില്‍ പറഞ്ഞത്.
‘അതേ സ്റ്റെലും സാമ്യമുള്ള ട്യൂണും ഞങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ കമ്പോസിഷന്‍ വ്യത്യസ്തമാണ്. രണ്ടും രണ്ട് വ്യത്യസ്തമായ പാട്ടുകളാണ്. റഫറന്‍സിന് വേണ്ടി ചില പാട്ടുകള്‍ നോക്കാറുണ്ട്. ടെമ്പോയും നോക്കും. പക്ഷെ ഇത് കോപ്പിയടിച്ചതാണെന്ന പറഞ്ഞാല്‍ അത് എനിക്ക് സമ്മതിച്ചു തരാനാകില്ല.
റോക്ക് മ്യൂസികിന്റെ സ്‌റ്റൈലും ടെമ്പോയും മെലഡിയുമെല്ലാം ഈ പാട്ടിന് ഇന്‍സ്പിരേഷനായിട്ടുണ്ട്. ഞാന്‍ നവരസ പാട്ട് നേരത്തെ കേട്ടിട്ടുണ്ട്. ആ പാട്ട് എന്നെ ഒരുപാട് ഇന്‍സ്‌പെയര്‍ ചെയ്തിട്ടുണ്ട്.
ഒരുപോലെയുള്ള വരികളുണ്ടെന്ന് തോന്നുന്നത് അതിലെ ഒരോ രാഗമായതു കൊണ്ടാണ്. തോടി, വരാളി, മുഖാരി രാഗങ്ങള്‍ ചേര്‍ത്താണ് ഞാന്‍ വരാഹ രൂപം ഉണ്ടാക്കിയിരിക്കുന്നത്. സംഗീതം അറിയുന്നവരോട് ചോദിച്ചാല്‍ അവര്‍ പറയും, ഇത് രണ്ടും രണ്ട് പാട്ടാണ് എന്ന്,’ ഇതായിരുന്നു അജനീഷിന്റെ വാക്കുകള്‍.
ഈ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചിലര്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റിന് താഴെ പങ്കുവെച്ചിരുന്നു. അജനീഷിന്റേത് ഒട്ടും സത്യസന്ധമല്ലാത്ത പ്രതികരണമാണെന്നാണ് ഹരീഷ് ഇതിന് മറുപടി നല്‍കിയത്. ഗിറ്റാറും മറ്റ് താളവാദ്യങ്ങളുടെ ഭാഗങ്ങളുമെല്ലാം പക്കാ കോപ്പിയടിയാണെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
ഹരീഷിന്റെ പോസ്റ്റിന് താഴെ വരാഹ രൂപം കോപ്പിയടിച്ചതാണെന്ന വാദത്തെ അനുകൂലിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഒറ്റ തവണ കേള്‍ക്കുമ്പോള്‍ അങ്ങനെ തോന്നുമെങ്കിലും പാട്ടുകള്‍ രണ്ടും വ്യത്യസ്തമാണെന്നാണ് ചിലര്‍ പറയുന്നത്.
Content Highlight: Harish Sivaramakrishnan says Varaha roopam song in Kantara is a copied version of Thaikudam Bridge’s Navarasam