| Wednesday, 20th October 2021, 11:43 am

മക്കളെ വീട്ടുജോലി പഠിപ്പിക്കുന്നത് ചെന്ന് കേറുന്ന വീട്ടിലെ പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയാക്കാനാവരുത്: ഹരീഷ് ശിവരാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സ്വകാര്യ ചാനല്‍ പരിപാടിയില്‍ മകളെക്കുറിച്ച് നടി മുക്ത നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. മറ്റൊരു വീട്ടില്‍ കയറിച്ചെല്ലാനുള്ളതുകൊണ്ട് മകളെ കുക്കിങ്ങും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്ന മുക്തയുടെ പരാമര്‍ശമായിരുന്നു വിവാദമായത്.

ഇതിന് പിന്നാലെ മുക്തക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി നല്‍കി അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധമായ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി.

ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. മുക്തയുടെ പേരെടുത്ത് പറയാതെയായിരുന്നു ഹരീഷിന്റെ വിമര്‍ശനം.

തന്റെ മകളേയും താന്‍ ചില ജോലികളൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല, മറിച്ച് അവളുടെ സ്വയം പര്യാപ്തതയ്ക്കാണെന്നായിരുന്നു ഹരീഷ് കുറിച്ചത്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാര്‍’ എന്നും ഹരീഷ് പറയുന്നു.

‘ഇതെന്റെ മകള്‍ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങള്‍. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും) ചെയ്യാറും ഉണ്ട്, വലിയ ആനക്കാര്യം ഒന്നുമല്ല അത്.

പക്ഷേ വര്‍മ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട്, ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാന്‍ അല്ല, അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്വയം പര്യാപ്തരാക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട ജെന്‍ഡര്‍ റോള്‍സ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രയും പക്വത എങ്കിലും കാണിക്കണം അച്ഛനമ്മമാര്‍’, ഹരീഷ് ശിവരാമകൃഷ്ണന്‍ കുറിച്ചു.

അതേസമയം ഇന്നലെ വിവാദങ്ങളോട് പ്രതികരിച്ച് മുക്തയും രംഗത്തെത്തിയിരുന്നു. ‘അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ… ഞാന്‍ പറഞ്ഞ ഒരുവാക്കില്‍ കേറി പിടിച്ചു, അതു ഷെയര്‍ ചെയ്തു സമയം കളയാതെ… ഒരുപാടു പേര്‍ നമ്മളെ വിട്ടു പോയി… പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം…. അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂ,’ എന്നായിരുന്നു മകള്‍ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം മുക്ത കുറിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Harish Sivaramakrishnan on Mukthas Statement

We use cookies to give you the best possible experience. Learn more