തിരുവനന്തപുരം: നിരന്തര ആക്രമണത്തിലൂടെ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ഭീകരസംഘടനയായ താലിബാനെ പിന്തുണക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗായകനായ ഹരീഷ് ശിവരാമകൃഷ്ണന്‍.
മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാനെ പിന്തുണക്കുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്തുപോകണമെന്നാണ് ഹരീഷ് ഫേസ്ബുക്കിലെഴുതിയത്.
‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ/ അണ്‍ഫ്രണ്ട് ചെയ്ത് പോകണം.
അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ ബാലന്‍സിങ്ങ് ചെയ്ത് കമന്റ് ഇട്ടാല്‍ ഡിലീറ്റ് ചെയ്യും, ബ്ലോക്ക് ചെയ്യും,’ ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതേ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സിത്താര വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇരുവരുടെയും പോസ്റ്റിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നുണ്ട്. താലിബാനെ പിന്തുണക്കുന്നവരെ അണ്‍ഫോളോ/അണ്‍ഫ്രണ്ട്/ബ്ലോക്ക് ചെയ്യുക എന്ന രീതിയില്‍ ഒരു സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ രൂപത്തില്‍ തന്നെ ഈ പോസ്റ്റ് മാറാന്‍ തുടങ്ങിയിട്ടുണ്ട്.
ഒരു രാജ്യവും ജനതയും മതഭീകരവാദികളുടെ ക്രൂരഭരണത്തിന് കീഴിലാകുന്നത് നിസഹായരെ പോലെ ലോകം നോക്കിനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ഇനിയും എങ്ങനെയാണ് താലിബാനെ പിന്തുണക്കാന്‍ ചിലര്‍ക്ക് തോന്നുന്നതെന്നുമാണ് പലരും കമന്റുകളില്‍ പറയുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം രാജ്യം വിട്ടുപോയി. അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തലസ്ഥാനമായ കാബൂള്‍ കൂടി താലിബാന്‍ കയ്യടക്കിയതിന് പിന്നാലെ രാജ്യം വിട്ടുപോകാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ ജനത. വിമാനത്താവളങ്ങളില്‍ കനത്ത തിരക്കാണനുഭവപ്പെടുന്നത്.
അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. പെണ്‍കുട്ടികളും സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകുമെന്ന് അഫ്ഗാനിലെ സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്.
നേരത്തെ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലിരുന്ന സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വകലാശാലകളില്‍ 50 ശതമാനവും സ്ത്രീകളാണ്. ഇത്തരത്തില്‍ അഫ്ഗാനിലെ സ്ത്രീകള്‍ നേടിയെടുത്ത സാമൂഹ്യമുന്നേറ്റവും പുരോഗതിയുമെല്ലാം ഇനി തകിടം മറിയുമെന്നാണ് അഫ്ഗാന്‍ സംവിധായിക സഹ്റാ കരിമി പറഞ്ഞത്.
ഇനിമുതല്‍ അഫ്ഗാനിസ്ഥാനില്‍ മറ്റാരേക്കാളും ബുദ്ധിമുട്ടനുഭവിക്കാന്‍ പോകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ലോകം മുഴുവന്‍ ഒന്നിച്ചുനിന്ന് താലിബാനെ സമ്മര്‍ദത്തിലാക്കിയേ തീരൂവെന്നുമാണ് അഫ്ഗാന്‍ നോവലിസ്റ്റ് ഖാലിദ് ഹൊസൈനി പ്രതികരിച്ചത്.
അതേസമയം കാബൂളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികള്‍ രാജ്യങ്ങള്‍ ഒഴിപ്പിച്ചു കഴിഞ്ഞു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികളിലാണ്.
സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.
അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതോടെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് ഇവര്‍ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ച് അധികാരം കയ്യടക്കിയത്.